Showing posts with label mathew nellickunnu. Show all posts
Showing posts with label mathew nellickunnu. Show all posts

Sunday, September 13, 2009

തുടിക്കുന്ന ജീവിതചിത്രണം-തോപ്പിൽ ഭാസി




മാത്യു നെല്ലിക്കുന്ന്‌ അമേരിക്കൻ ഐക്യനാടുകളിൽ താമസമാക്കിയിട്ടുള്ള ഒരു മലയാളിയാണ്‌. എന്റെ നാടകങ്ങൾ അവതരിപ്പിക്കുവാൻ അമേരിക്കയിൽ പര്യടനം നടത്തിയപ്പോൾ എനിക്കു കിട്ടിയ മലയാളി-സുഹൃത്തുക്കളിലൊരാൾ. കേരളത്തിന്റെ മണ്ണിനോടും മലയാള അക്ഷരങ്ങളോടും മാത്യു കാട്ടിയ അമിതമായ താൽപര്യം എന്നെ അത്ഭുതപ്പെടുത്തി. ഹൂസ്റ്റണിൽവച്ച്‌ അദ്ദേഹം എഴുതിയ ചില ചെറുകഥകൾ എന്നെ കാണിച്ചപ്പോൾ എനിക്ക്‌ എന്തെന്നില്ലാത്ത ആനന്ദമുണ്ടായി. കാരണം, മലയാള ദിനപത്രങ്ങൾ വായിക്കുവാനുള്ള സാഹചര്യംപോലും അമേരിക്കയിലില്ല. നാട്ടിൽ വന്നിട്ടു മടങ്ങുന്നവരാണെങ്കിലും ഒന്നോ രണ്ടോ പുസ്തകങ്ങൾ കൊണ്ടുപോയാലായി. ഈ സാഹചര്യത്തിലാണ്‌ ഈ സാഹിത്യതൽപരൻ ജനിച്ചുവളർന്ന തന്റെ മണ്ണിന്റെ ചൂരുള്ള ചില കഥകൾക്കു രൂപംനൽകിയത്‌. മലയാളിയുടെ അമേരിക്കൻ ജീവിതത്തെ നമ്മുടെ നാടൻജീവിതവുമായി അദ്ദേഹം കൂട്ടിയിണക്കിയിരുന്നു.
അമേരിക്കൻ മലയാളികൾ കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമാണ്‌. ഔദ്യേഗികതലത്തിൽ ഏതുരംഗത്ത്‌ പ്രവർത്തിച്ചാലും മലയാളി അവിടെ ഒന്നാം സ്ഥാനത്തായിരിക്കുമെന്നാണ്‌ അമേരിക്കയുടെ പല സംസ്ഥാനങ്ങളിലും കാനഡയിലും സഞ്ചരിച്ച എനിക്കു മനസ്സിലാക്കുവാൻ കഴിഞ്ഞത്‌. മലയാളിക്കുട്ടികളാണെങ്കിൽ പഠിത്തത്തിൽ ഒന്നാംനിരയിൽത്തന്നെ. മലയാളികളുടെ ഈ കഴിവിനെപ്പറ്റി അമേരിക്കൻ സായിപ്പന്മാർക്കുപോലും നിറഞ്ഞ ബഹുമാനമുണ്ട്‌. കേരളത്തോടും മലയാളഭാഷയോടും അമ്മയോടുമുള്ള ബഹുമാനവും സ്നേഹവുമുള്ള അമേരിക്കയിൽ ജോലിചെയ്യുന്ന മലയാളികൾക്ക്‌ തങ്ങളുടെ ഭാഷാക്കൂറ്‌ നിലനിർത്താൻ വളരെ ക്ലേശം സഹിക്കേണ്ടിവരുന്നുണ്ട്‌. കുട്ടികളുടെ പഠനമാദ്ധ്യമം ഇംഗ്ലീഷ്‌. ആ കുട്ടികളെ ജോലിത്തിരക്കുള്ള രക്ഷിതാക്കൾക്ക്‌ വീട്ടിലിരുത്തി മാതൃഭാഷ പഠിപ്പിക്കാൻ അവസരമില്ല. അങ്ങനെ അമേരിക്കയിലെ മലയാളികളുടെ അടുത്ത തലമുറയിൽ നിന്ന്‌ മാതൃഭാഷ ചോർന്നുപോരുന്നു. ഇതിൽ ദുഃഖമുള്ളവരാണ്‌ ബഹുഭൂരിപക്ഷം മാതാപിതാക്കളും. ഇതിനെന്താണൊരു പോംവഴിയെന്ന്‌ അവർ ഗഹനമായി ചിന്തിക്കുന്നുണ്ട്‌.
ഇവിടെയാണ്‌ കുറഞ്ഞ സാഹചര്യത്തിലും ഭാഷാതാൽപര്യം കാണിക്കുന്ന മലയാളികളുടെ മഹത്വം കാണേണ്ടത്‌. പല സുഹൃത്തുക്കളും മലയാളത്തിലുള്ള ചെറിയ പത്രങ്ങൾ പല കേന്ദ്രങ്ങളിൽനിന്നും ഇറക്കുന്നുണ്ട്‌. ചില മലയാളി സംഘടനകൾ കുട്ടികളെ മലയാളം പഠിപ്പിക്കാൻ താൽപര്യമെടുക്കുന്നുണ്ട്‌. അവരിൽ പ്രമുഖനാണ്‌ മാത്യു നെല്ലിക്കുന്ന്‌.
മാത്യു വായനാസമ്പന്നനായ ഒരു സാഹിത്യകാരനാണെന്നാണ്‌ അദ്ദേഹത്തിന്റെ കഥകൾ വായിച്ചതിൽനിന്ന്‌ ഞാൻ മനസ്സിലാക്കുന്നത്‌. ഈ അടുത്ത കാലത്ത്‌ കുങ്കുമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തെറ്റ്‌' എന്ന ചെറുകഥ തന്നെ ഉത്തമ ഉദാഹരണം. ആ കഥയിൽ അമേരിക്കൻ ജീവിതത്തെയും കേരളജീവിതത്തെയും ബോംബെ എന്ന ഒരു വൻനഗരത്തിലെ ജീവിതത്തേയും ഒരു കണ്ണാടിയിലെന്നതുപോലെ അദ്ദേഹം പ്രതിഫലിപ്പിച്ചിരിക്കുന്നു. ഒരു നോവലായി വികസിപ്പിച്ചെടുക്കാൻ കഴിയുന്ന കഥയാണതെന്ന്‌ എനിക്കുതോന്നി. അമേരിക്കയിൽ ജോലിനേടിയ ഒരു യുവാവിന്റെയും യുവതിയുടെയും ജീവിതത്തിന്റെ പല പടവുകൾ ഒരു ചലച്ചിത്രത്തിലെന്നതുപോലെ ആ കഥ വായിക്കുമ്പോൾ കൺമുമ്പിൽ തെളിഞ്ഞുവരുന്നു.
സന്തോഷത്തോടുകൂടി നെല്ലിക്കുന്നിന്റെ തിരുപ്പുറപ്പാട്‌' എന്ന ഈ ചെറുകഥാസമാഹാരം ബഹുജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു. മാത്യുവിന്‌ അദ്ദേഹത്തിന്റെ സാഹിത്യസംരംഭങ്ങളിൽ എല്ലാ വിജയവും ആശംസിക്കുന്നു.

നെല്ലിക്കുന്ന്‌ കൃതികളിലെ അവതാരികകളിൽ നിന്ന്‌ - തിരുപ്പുറപ്പാട്‌'

Saturday, September 12, 2009

എഡിറ്റോറിയല്‍-മാത്യൂ നെല്ലിക്കുന്ന്





ലോകം ഏറ്റവും പുതുതായി

എഴുത്ത് ഓണ്‍ലൈന്‍ മാഗസിന്‌ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ഞങ്ങളെ ഒരേസമയം വിസ്ന്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
തീര്‍ച്ചയായും ഇത് ഈ കാലത്തിന്‍‌റെ ആശയ പ്രചരണോപാധിയാണ്‌.
വായനയ്ക്ക് ഒരു പുതിയ സാധ്യതയും ദിശാബോധവുമാണ്‌ ഓണ്‍ലൈന്‍ നല്‍കുന്നത്.
പ്രസിദ്ധീകരിക്കുന്ന നിമിഷം മുതല്‍ നമ്മള്‍ ഒരു ആഗോള വായനാസമൂഹത്തിലേക്ക് എത്തുകയാണ്‌.
ഇതാകട്ടെ നാം ഇതിനു മുമ്പ് കണ്ട ഒരു ലോകമല്ല.
ലോകത്തിന്‍‌റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പെട്ടെന്ന് തന്നെ മലയാളം വായിച്ച് നമ്മുടെ സുഹൃത്തുകളാവുന്നു. പ്രിന്‍റ്‌ വിട്ടുകളഞ്ഞ ഭാഗം ഓണ്‍ലൈന്‍ പൂരിപ്പിക്കുന്നു.
ഒരു കാര്യം തീര്‍ച്ചയാണ്‌: ഇനി ഒരു എഴുത്തുകാരന്‌ ഓണ്‍ലൈന്‍ ലോകം ഇല്ലാതെ മുമ്പോട്ട് നീങ്ങാന്‍ കഴിയില്ല. അത്രയ്ക്ക് ലോകം അയാളെ ഉറ്റുനോക്കുന്നുണ്ട്.
അതുപേക്ഷിക്കുന്നത് വലിയൊരു നഷ്ടമായിരിക്കും.
വായനക്കാരന്‍‌റെ സ്ഥിതിയും മറിച്ചല്ല. അവന് ലോകം ഏറ്റവും പുതുതായി കാണണമെങ്കില്‍
ഓണ്‍ലൈന്‍ വേണം.
ആശയങ്ങളുടെ പഴയലോകത്തിന്‌ ബദലായി ചിത്രങ്ങളുടെയും കുറിയ വാക്യങ്ങളുടെയും ഹ്ര്വസ്വചിത്രങ്ങളുടെയും വാര്‍ത്തകളുടെയും ഒരു ലോകം അവനെ കാത്തിരിക്കുന്നു.
വരും തലമുറയുടെ സ്ഥിരനിക്ഷേപമായി മാറുകയാണ്‌ ഇത്.
എഴുത്ത് ഓണ്‍ലൈനിന്‌ ലഭിച്ച ഈ അംഗീകാരം, കാലം എത്രവേഗം നമ്മെ പിന്നിലാക്കാന്‍ പര്യാപ്തമാണെന്ന തിരിച്ചറിവ്‌ നല്‍കുന്നുണ്ട്.
അതിനോട് മല്‍സരിക്കാനും മാഗസിന്‍‌റെ പ്രവര്‍ത്തനത്തിന്‌ വേണ്ടതായ രചനകള്‍ അയച്ചുതരാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Friday, September 11, 2009

വിഷമസന്ധി-മാത്യു നെല്ലിക്കുന്ന്‌


ഏതാനും വർഷങ്ങളായി അവളുടെ സംരക്ഷണയിലും തണലിലുമാണ്‌ അയാൾ കഴിയുന്നത്‌. ഇറങ്ങിപ്പോകണമെന്ന്‌ ഒരിക്കലും അവൾ പറഞ്ഞതായി ഓർക്കുന്നില്ല. അങ്ങനെ പറയാത്തതെന്തെന്ന്‌ ആലോചിക്കുമ്പോൾ അയാൾക്ക്‌ അത്ഭുതം.
അവൾ എന്നും രാവിലെ ഉണർന്ന്‌ കാപ്പി തയ്യാറാക്കിക്കൊടുക്കും. കുട്ടികൾ വലുതായതുകൊണ്ട്‌ അവരെ ഒരുക്കി സ്കൂളിൽ വിടേണ്ട ഭാരമില്ല. വീടു വൃത്തിയാക്കുക, പാചകം ചെയ്യുക തുടങ്ങിയ വീട്ടുജോലികളെല്ലാം അവൾതന്നെയാണു ചെയ്യുന്നത്‌.
കാപ്പി കുടിക്കുന്നതിനും ടെലിവിഷൻ കാണുന്നതിനുമിടയ്ക്കൊക്കെ അയാൾ ഫോണിൽ പലരുമായി സംസാരിക്കുന്നതു കേൾക്കാം.
'എന്തിനാണ്‌ നിങ്ങളിങ്ങനെ മറ്റുള്ളവരെ വിമർശിക്കുന്നത്‌?' അവൾ ചിലപ്പോൾ ചോദിക്കും. അയാൾ അതു കേൾക്കാത്തത്തായി ഭാവിക്കും.
സൂര്യനുദിക്കുന്നതിനും മുമ്പേ തൊഴിൽസ്ഥലത്തേക്കു പുറപ്പെടുന്നതിന്റെ ബദ്ധപ്പാടുകളിൽ അവൾ മുഴുകുന്നു. ഭക്ഷണപ്പൊതിയുമായി അവൾ തിടുക്കത്തിൽ പടിയിറങ്ങുമ്പോൾ അയാൾ മൗനത്തിന്റെ തിരശ്ശീലയ്ക്കുപിന്നിൽ ഒളിക്കുകയാണ്‌ പതിവ്‌. എങ്കിലും ഇത്രയും വിളിച്ചുപറയാൻ അവൾ മറക്കാറില്ല:'ഞാനിറങ്ങുന്നു. നാളെക്കാണാം.' അയാളുടെ സമ്മതത്തിനു കാത്തുനിൽക്കാതെ അവൾ വേഗത്തിൽ കാറോടിച്ചു പോകും. അയാൾ നോക്കി നിൽക്കും.
ജോലിസ്ഥലത്തെ കഷ്ടപ്പാടുകൾ ഏറിയപ്പോൾ പലപ്പോഴും അവൾ ഫോണിലൂടെ കരഞ്ഞു. അയാൾക്കു മറുപടിയുണ്ടായിരുന്നില്ല. പഠനം പൂർത്തിയാകാത്ത കുട്ടികളുടെ ചിലവുകൾ വഹിക്കേണ്ടതും വീടിന്റേയും കാറിന്റെയും ഭാരിച്ച കടങ്ങൾ വീട്ടേണ്ടതുമെല്ലാം അവളുടെ വരുമാനത്തിൽനിന്നുമാത്രം.
കഴിഞ്ഞ മുപ്പതുകൊല്ലമായി അവൾ ഒരേ തൊഴിൽ മുടക്കം കൂടാതെ യന്ത്രത്തെപ്പോലെ ചെയ്യുകയാണ്‌. അന്ന്‌ സ്വന്തം കുടുംബത്തെയും സഹോദരങ്ങളെയും കരപറ്റിക്കാൻവേണ്ടി. ഇന്ന്‌ ഭർത്താവിനും കുട്ടികൾക്കും വേണ്ടി. എന്നും അലച്ചിൽ മാത്രം.
ജോലി ചെയ്യുന്ന ആശുപത്രിയിലെ അധികാരികളുടെ കുത്തുവാക്കുകൾ അവൾക്ക്‌ താങ്ങാവുന്നതിലേറെയായിരുന്നു. ചെറിയ കുറ്റത്തിനുപോലും വലിയ ഒച്ചപ്പാടുകളും ശിക്ഷണനടപടികളും നേഴ്സിങ്ങിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാത്ത കച്ചവടസ്ഥലങ്ങൾ. പണത്തിനും പദവിക്കുംവേണ്ടി പുറകിൽ കുത്തുന്ന സഹപ്രവർത്തകർ. എന്നും സുഗന്ധം പരത്തുന്ന ആതുരസേവനത്തിന്റെ വെളുത്ത പൂക്കൾ. ദുഃഖങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവർക്കുവേണ്ടി ചിരിച്ചു.
അയാളുടെ അവസ്ഥയും പരിതാപകരമായിരുന്നു. വംശീയവാദിയായ പുതിയ മേലുദ്യോഗസ്ഥന്റെ ധിക്കാരം അയാളെ ശ്വാസം മുട്ടിച്ചു. നിറവും ഭാഷയും നോക്കി മനുഷ്യനെ വേർതിരിക്കുന്ന ആ മനുഷ്യാധമന്റെ കീഴിൽ പണിയെടുക്കുന്നതിലും ഭേദം പട്ടിണി കിടന്നു മരിക്കുകയാണെന്ന്‌ അയാൾക്കു തോന്നി. ഒടുവിൽ രാജിക്കത്ത്‌ മേലാളിന്റെ മുഖത്തെറിഞ്ഞപ്പോൾ മാത്രമാണ്‌ അയാൾക്ക്‌ അൽപം ആശ്വാസം ലഭിച്ചതു.
അതിനുശേഷം അയാൾ എവിടെയും ജോലി തേടിയില്ല. മറ്റുള്ളവന്റെ നന്ദികേടും അവഗണനയും എത്രകാലം സഹിക്കാനാവും? ജോലിക്കു പോവാത്തതിന്‌ അയാൾക്കു തന്റേതായ ന്യായങ്ങളുണ്ടായിരുന്നു.
പോസ്റ്റുമാൻ അനേകം ബില്ലുകളുമായി വന്നപ്പോൾ അയാൾ നിർവികാരനായിരുന്നു. മാസാവസാനം ഇതെല്ലാം എങ്ങനെ അടച്ചു തീർക്കും?
അവൾ മൗനം ഭഞ്ജിച്ചു: 'ഞാൻ മറ്റൊരു ജോലി തേടുന്നുണ്ട്‌'.
അങ്ങനെ ആഴ്ചയിൽ ഏഴു ദിവസവും അവൾ പണിക്കുപോവാൻ തുടങ്ങി. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടത്‌ അവൾ മാത്രമായി. ഇപ്പോൾ, പണിസ്ഥലത്തെ പുതിയ സംഭവവികാസങ്ങൾ എല്ലാ പ്രത്യാശകൾക്കും മങ്ങലേൽപ്പിച്ചിരിക്കുന്നു...
ഫോൺ ബെല്ലടിച്ചപ്പോൾ അയാൾ പതിവുപോലെ ടി.വി.യുടെ മുന്നിലായിരുന്നു. അവളുടെ വാക്കുകൾ അയാൾ ശ്രദ്ധയോടെ കേട്ടു. 'എനിക്ക്‌ ഈ പണി ഇനിയും ഇവിടെ തുടരാനാവില്ല. വൃത്തികെട്ട മനുഷ്യർ... ഞാൻ രാജിക്കത്തു കൊടുത്തു...വീട്ടിലേക്കു വരുന്നു'. അവൾ സംസാരിച്ചുകഴിഞ്ഞിട്ടും അയാൾ റിസീവർ കൈയിൽവച്ച്‌ ഏറെനേരം ചിന്തിച്ചിരുന്നു.