Showing posts with label magazine. Show all posts
Showing posts with label magazine. Show all posts

Friday, September 11, 2009

മൈക്രോകഥകൾ -എം.പി.ശശിധരൻ


1. സാരം
സൗന്ദര്യം കൂടാൻ രണ്ടു കൊമ്പുകൾ കൂടി തരേണമെന്നപേക്ഷിച്ച മുയലിനു ബുദ്ധൻ കുതിരയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു.
2. പരമ്പര
തന്റെയുള്ളിലൊളിച്ച പ്ലാവിൻ കായ്ക്കാനിരിക്കുന്ന ചക്കക്കുള്ളിലെ കുരുക്കളുടെ വീർപ്പുമുട്ടൽ സഹിക്കവയ്യതെ ചക്കക്കുരു മുളച്ചു.
3. കാലം
സെക്കന്റ്‌ സൂചിയുടെ വേഗത്തിൽ അസൂയപ്പെട്ട മിനിറ്റുസൂചി ആയുർദൈർഘ്യത്തിന്റെ രഹസ്യം പറഞ്ഞുകൊടുത്ത്‌ മണിക്കൂർസൂചിയെ ആശ്വസിപ്പിച്ചു.
4. ശാന്തി
കൊക്കിൽ കതിരുമായി വന്ന വെള്ളപ്രാവിന്റെ ഇറച്ചി രുചിച്ചുകൊണ്ടു ഞങ്ങൾ വിശുദ്ധ യുദ്ധത്തെക്കുറിച്ചു ചർച്ച ചെയ്തു.
5. ജ്ഞാനം
സൂര്യകിരണങ്ങൾ കുടിച്ചു വളർന്നതു കൊണ്ടാണ്‌ നിറങ്ങൾ കിട്ടിയതെന്ന പൂവിന്റെ രഹസ്യം കേട്ട പൂമ്പാറ്റ സൂര്യനിലേക്കു പറന്നു മോക്ഷം പ്രാപിച്ചു.
6. രാത്രിഞ്ചരൻ
ഇരുട്ട്‌ എന്താണെന്ന പൂച്ചയുടെ സംശയത്തിനു നീ പാലു കുടിക്കുമ്പോൾ കാണുന്നതെന്തോ അത്‌ എന്ന മിന്നാമിനുങ്ങിന്റെ ഉത്തരം കേട്ട നക്ഷത്രത്തിനു ചിരി വന്നു.
7. ശാപം
മദ്യത്തിൽ മുങ്ങി മരിച്ചുപോയ ഐസ്ക്യൂബുകളുടെ ശാപമാണു അവന്റെ കരളിനെ തിന്നു തീർത്തത്‌.
8. സ്വപ്നം
എന്നെങ്കിലുമൊരിക്കൽ ഒരു വിമാനത്തേയും വഹിച്ച്‌ യാത്ര ചെയ്യുക എന്നത്‌ കുട്ടിക്കാലം മുതലേ കാളവണ്ടിയുടെ സ്വപ്നം ആയിരുന്നു.
9. ആരാധന
ഒരു സന്ധ്യാസമയത്ത്‌ മിന്നൽ പോലെ വന്നുപോയ വവ്വാലിനെ സ്വപ്നം കണ്ടിരുന്ന വാഴക്കുടപ്പൻ തുമ്പികളും പൂമ്പാറ്റകളും പറഞ്ഞതൊന്നും കേട്ടില്ല.
10. താഴമ്പൂവ്‌
ഇതുവരെ മധുരസ്വരഗാനങ്ങൾ മാത്രം ആസ്വദിച്ചിരുന്ന അവളുടെ കള്ളക്കടക്കണ്ണിലെ താഴമ്പൂവ്‌, പുരക്കൻ ഒച്ചയിൽ കാമുകൻ പാടിയ പാട്ടു കേട്ട്‌ ലജ്ജാവതിയായി.
11. കുടിനീർ
വറ്റിവരണ്ട പുഴയിലെ മണൽത്തരി പെപ്സി കുടിച്ച്‌ ദാഹമകറ്റി.
12. ഫ്ലാഷ്ണ്യൂസ്‌
ടി.വി സ്ക്രീനിലെ നീലനിറത്തിലുള്ള പാതയിലൂടെ, തീവണ്ടി ദുരന്തവും മുന്നൂറു മൃതശരീരങ്ങളും വഹിച്ച്‌ ചോണനുറുമ്പുകളെപ്പോലെ നീങ്ങിയ മിന്നൽ വാർത്തക്കു മുകളിലെ കോമഡി കോപ്രായങ്ങൾ കാണികളെ കുടുകുടെ ചിരിപ്പിച്ചു കൊണ്ടിരുന്നു.
13. ഭാരം
കഥകൾ തൂക്കിവിൽക്കപ്പെടും എന്നെഴുതിയ ബോർഡിനു കീഴെ നിന്നും ആകാശത്തേക്കു പറന്ന കുഞ്ഞുകഥക്കു രക്ഷയായത്‌ അതിന്റെ ഭാരമില്ലായ്മയാണ്‌.
14. അസ്തിത്വം
ഞാൻ ഇല്ലെങ്കിൽ ചായയില്ല എന്നു തർക്കിച്ചു കൊണ്ടിരുന്ന തേയിലയേയും പഞ്ചസാരയെയും പാലിനേയും കലക്കിക്കളഞ്ഞ സ്പൂണിനോട്‌ ഇപ്പോൾ അവരൊന്നുമില്ല ഞാൻ മാത്രമേയുള്ളുവേന്ന്‌ ചായ പറഞ്ഞു.
15. ഉപ്പ്‌
നിന്റെ മിഴികൾ നീലസമുദ്രം പോലെ എന്നു പണ്ടൊരിക്കൽ പറഞ്ഞ കവിയെ കണ്ണു നിറയുമ്പോഴൊക്കെ അവളോർത്തു.
16. പാശം
നെഞ്ചിൽ കോർത്ത ചൂണ്ടയുടെ ആത്മാവിനു മോക്ഷമില്ലല്ലോ എന്നോർത്ത്‌ ദുഃഖിച്ച്‌ മീൻ പിടഞ്ഞുകൊണ്ടിരുന്നു.
17. പ്രകാശം
രാത്രിയിൽ സൂര്യൻ മുങ്ങിയെടുത്ത്‌ കൊണ്ടു പോകുന്ന ജ്വലിക്കുന്ന മുത്തുകളാണ്‌ പകലിന്റെ വെളിച്ചമെന്ന്‌, കടലിനെ ശാസ്ത്രമോതി പരിഹസിച്ച അവനോട്‌ സഹതാപമാണവൾക്കു തോന്നിയത്‌.
18. രഹസ്യം
വെളിച്ചത്തിന്റെ മണവും കാറ്റിന്റെ നിറവും ശബ്ദത്തിന്റെ രുചിയും നിറഞ്ഞ അവന്റെ സ്വപ്നത്തെ ഒരു മഞ്ഞുതുള്ളിക്കുള്ളിൽ ആരുമറിയാതെ അവൾ സൂക്ഷിച്ചു വെച്ചു.
19. വർത്തമാനം
ഭൂതവും ഭാവിയും ഉപേക്ഷിച്ചവനു എപ്പോഴും ആനന്ദമെന്നറിഞ്ഞെത്തിയ അയാളോട്‌ എല്ലാ കാലത്തിലും പൂക്കളുണ്ടെന്ന്‌ പൂന്തോട്ടം പറഞ്ഞു.
20. അസൂയ
അഞ്ചിതളുകളുള്ള ചെമ്പരത്തിയെ കണ്ട്‌ അസൂയ തോന്നിയ മൂന്നിതൾ ഫാൻ അതിനെ പൂപ്പാത്രത്തിൽ നിന്നും പറപ്പിച്ചു.
21. പൂജ്യം
ഇടതുവശത്തൊരക്കമിട്ടാൽ വിലയുണ്ടാവും പൂജ്യത്തിനെന്നു പറഞ്ഞ കണക്കുമാഷോട്‌ കേന്ദ്രത്തിലൊരു കുത്തിട്ടാൽ അതു പ്രപഞ്ചമാവുമെന്നു കവി തർക്കിച്ചില്ല.
22. ആഗോളവല
വലയിൽ കുടുങ്ങിയ ശരീരങ്ങളിൽ 'തലമാറട്ടെ വിദ്യ' പരീക്ഷിക്കാനായി കൂടെ പഠിച്ചിരുന്ന കൂട്ടുകാരികളുടെ ശിരസ്സുകൾ അവൻ വെട്ടിയെടുത്തു.
23. കൊതി
സ്ഫടികഗ്ലാസ്സിലെ പൈനാപ്പിൾജ്യൂസ്‌ കണ്ട കൈതച്ചക്കയുടെ നാവിൽ വെള്ളമൂറി.
24. തോൽവി
ബുള്ളറ്റ്‌ പ്രോ‍ൂഫ്‌ കുപ്പായം തുളച്ച്‌ അകത്തു കടന്ന വെടിയുണ്ട നേതാവിന്റെ തൊലിക്കട്ടിയോടു തോറ്റു തുന്നംപാടി.
25. തപസ്സ്‌
വിശപ്പ്‌ സഹിക്കവയ്യാതായ കുഴിയാന ഒരു വാരിക്കുഴി തീർത്ത്‌ തപസ്സ്‌ തുടങ്ങി.
26. ശിക്ഷ
തന്റെ കിരണത്തിൽ നിന്നും ഒരു മഴവില്ല്‌ കട്ടെടുത്ത മഞ്ഞുതുള്ളിയെ സൂര്യൻ ഒറ്റനോട്ടം കൊണ്ടു ദഹിപ്പിച്ചുകളഞ്ഞു.
27. സഖി
പ്രഥമദർശനത്തിൽ തന്നെ തന്നിൽ അലിഞ്ഞുചേർന്നുപോയ അവളെ ഒരു പുല്ലാംകുഴൽ ഗാനമായി പുനർജനിപ്പിച്ച്‌ അവൻ കൂടെ കൊണ്ടുനടന്നു.
28. ചാരൺ
തന്റെ നിഴൽ തേടി നടക്കുന്ന നിഴലിനെ ഒരു ചാരണെപ്പോലെ വെളിച്ചം പൈന്തുടർന്നു.
29. കല്ലെറിയട്ടെ
പാപം പുരണ്ട കല്ലുകൾ ശരീരത്തിൽ നിരന്തരമായി പതിക്കുമ്പോഴും തന്റെ നിഷ്കളങ്കതക്ക്‌ ഒരു പോറൽ പോലും വരാതെ ചെകുത്താൻ ചിരിച്ചു കൊണ്ടിരുന്നു.
30. തീവണ്ടിയാത്ര
വിരസത ഒഴിവാക്കാനായി റെയിൽവേ ബുക്ക്സ്റ്റാളിൽ നിന്നും വാങ്ങിയ പുസ്തകം യാത്ര തീരും വരെ അപരിചിതനായ സഹയാത്രികന്റെ കൈയ്യിൽ നിന്നും ചിരിച്ചുകൊണ്ടിരുന്നു.
31. പാൽക്കടൽ
സ്റ്റീരിയോവിലൂടെ 'ക്ഷീരസാഗരശയന' കേൾക്കുമ്പോഴൊക്കെ ശ്രീപത്മനാഭന്റെ ഭാഗ്യത്തെക്കുറിച്ചു പശുക്കുട്ടി ഓർത്തു.
32. കെണി
പട്ടിണി കിടന്നവരെ കടക്കെണിയിൽ വീഴ്ത്തി കൊന്നൊടുക്കി അവർ ദാരിദ്രരേഖ മാറ്റി വരച്ചു.
33. സൗരയൂഥം
ചൊവ്വയിൽ കുളംതോണ്ടാൻ ഭൂമിയിലെ മനുഷ്യർ കൊടുക്കുന്ന നിർദ്ദേശങ്ങൾ കേട്ട്‌ പേടിച്ചരണ്ട ബുധനും വ്യാഴവും ഓട്ടത്തിനു വേഗം കൂട്ടി.
34. നിസ്സഹായത
പ്ലാസ്റ്റിക്‌ കൂടുകളിലെ തണുത്ത പാൽ കൊതിയോടെ നോക്കി നിന്ന കിടാവിനെക്കണ്ട്‌ അമ്മപ്പശുവിന്റെ കണ്ണു നിറഞ്ഞു.
35. തോൽക്കുപ്പായം
കൊടുംതണുപ്പു സഹിക്കവയ്യാതെ, ചെമ്മരിയാട്ടിൻ രോമക്കമ്പിളി പുതച്ച്‌ പുറത്തിറങ്ങിയ പാവം ചെന്നായയെ പഴി പറഞ്ഞവരുടെ തോൽക്കുപ്പായങ്ങൾ ആരുടേയും കണ്ണിൽ പെട്ടില്ല.
36. ചരിത്രം
തടവുകാരുടെ പാട്ടിൽ ഇരുമ്പഴികൾ അലിഞ്ഞുചേർന്നുണ്ടായ മഹാപ്രവാഹത്തിൽ അധികാരം ഒലിച്ചുപോയി.
37. മേഘസന്ദേശം
വിരഹിയായ കാമുകന്റെ സന്ദേശങ്ങൾ മൊബെയിൽഫോണുകളെ തേടി മേഘങ്ങൾക്കിടയിലൂടെ പറന്നു.
38. സ്നാനം
ഫാക്ടറിക്കരികിലൂടെ ഒഴുകിയ പുഴയിൽ കുളിച്ച വെള്ളക്കൊക്കുകൾ കാക്കകളായി മാറി.
39. ഉള്ളിലിരിപ്പ്‌
തന്റെ മകളെ വളരെക്കുറച്ച്‌ ആഭരണങ്ങൾ മാത്രമണിയിച്ച്‌ വിവാഹപന്തലിലേക്കാനയിച്ച നേതാവിനെ മാതൃകയാക്കണമെന്ന പ്രസംഗം കേട്ട്‌ നൂറുപവന്റെ പൊന്നരഞ്ഞാണം പൊട്ടിച്ചിരിച്ചു.
40. ആത്മപ്രശംസ
താൻ ഒരു തുള്ളി നക്ഷത്രമാണെന്ന്‌ മൂക്കുത്തിയും അസ്തമയസൂര്യന്റെ മകളാണെന്ന്‌ നെറ്റിയിലെ കുങ്കുമപ്പൊട്ടും പറഞ്ഞതു കേട്ട്‌ അവളുടെ ഇടതു കണ്ണിലെ കൃഷ്ണമണി പൊട്ടിച്ചിരിച്ചു.
41. ചിത്രവിശേഷം
തന്റെ നോട്ടം കൊണ്ടു ചെറുതാക്കി, ക്യാമറ ബന്ധനസ്ഥരാക്കിയ താരങ്ങൾ പ്രോജക്ടർ നൽകിയ ശാപമോക്ഷത്തിലൂടെ വലുതാവുകയും തിരശ്ശീലയിലൂടെ നടന്ന്‌ കാണികളുടെ മനസ്സിലേക്ക്‌ കയറിപ്പോവുകയും ചെയ്തു.
42. അന്തർനേത്രം
തന്നെ ഒരിക്കലും സ്വയം കാണാനാവില്ലെന്നറിഞ്ഞ കണ്ണ്‌ കണ്ണാടിയിലിരുന്നു കരഞ്ഞു.
43. ചെറിയവർ
കൊമ്പനാനയെ കൊന്ന സിംഹം കട്ടുറുമ്പിന്റെ കടിയേറ്റു പുളയുന്നതു കണ്ട്‌ ആട്ടിൻകുട്ടിക്ക്‌ ബോധോദയമുണ്ടായി.
44. അഹം
ആറ്റംബോംബിനെക്കുറിച്ച്‌ കേട്ടതു മുതൽ കടുകുമണി കൊണ്ടുനടന്നിരുന്ന അഹങ്കാരം ചീനച്ചട്ടിയിലെ തിളങ്ങുന്ന എണ്ണയിൽ വീണു പൊട്ടിച്ചിതറി.
45. പുഞ്ചിരി
കൈക്കുമ്പിളിലെ ഇത്തിരിവെള്ളത്തിൽ അമ്പിളിമാമനെ കുടുക്കിയ ഏട്ടത്തിയെ ആരാധനയോടെ നോക്കിയ കുഞ്ഞനിയന്റെ മുഖം നിലാവുകൊണ്ടു നനഞ്ഞു.
46. സാന്ത്വനം
കരഞ്ഞു തളർന്ന ആകാശത്തെ കാറ്റ്‌ താരാട്ടു പാടി ഉറക്കി.
47. ഉടമ്പടി
രാജ്യം വിറ്റുകിട്ടിയ പണം മുഴുവൻ രാജാവ്‌ കിരീടത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചു.
48. ഔഷധം
പ്രജകളുടെ കണ്ണുനീർ മുടങ്ങാതെ കുടിച്ചാണു രാജാവ്‌ നിത്യയൗവ്വനം നിലനിർത്തുന്നതെന്ന്‌ രാജ്ഞിക്കുപോലുമറിയില്ലായിരുന്നു.
49. ശാപമോക്ഷം
അവളുടെ സ്നേഹം സ്പർശിച്ച മാത്രയിൽ ചെകുത്താൻ വീണ്ടും ദൈവമായി മാറി.
50. പൊങ്ങച്ചം
ഇലകളുടെ വലുപ്പത്തെക്കുറിച്ച്‌ വീമ്പിളക്കിയ വാഴയുടെ തല, തന്റെ ഇലകളെ എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന പുളിമരത്തിന്റെ തിരിച്ചടിയിൽ കുനിഞ്ഞുപോയി.
51. അന്ധകാരം
ന്യായാധിപന്റെ കൃഷ്ണമണികൾ കുത്തിപ്പൊട്ടിക്കുന്നത്‌, കണ്ണുകൾ മൂടപ്പെട്ട നീതിദേവത അറിഞ്ഞതേയില്ല.
52. ഗുരു
കുഞ്ഞുറുമ്പ്‌ ഉള്ളതുകൊണ്ടാണു താൻ ഇത്ര വലിയ ആളായതെന്നു പറഞ്ഞുകൊടുത്ത അണ്ണാറക്കണ്ണനെ ആന ഗുരുവായി സ്വീകരിച്ചു.

Thursday, September 10, 2009

ഇറ്റു വീണ തുള്ളി-സി. പി ദിനേശ്

തിളച്ച ഗിരിശൃംഗത്തില്‍
ഒരു മുള പൊട്ടി തുള്ളിയായ്
ഇറ്റുവീ‍ണു പടര്‍ന്നു.
വിട പിതാമഹന്‍,
ഒഴുകട്ടെ ഞാന്‍..
ഇനിയെത്ര ദൂരം !

ഇടുങ്ങിയ ഇടുക്കും
വഴുക്കുന്ന ഒഴുക്കും
കടന്നൊരു
കൈവഴിയില്‍ ലയിച്ചു,
കലങ്ങിമറിയലുകള്‍
കലയായ് വരിച്ചു !

കാഴ്ച്കകളോരോന്നായി
കരയില്‍ മറയുമ്പോള്‍,
അകലെയോ, തേടുമീ
ബ്രഹ്മസാഗരം,അതോ
അറിയാതെ ഒഴുകുന്ന
ഈ പുഴയോ..

Tuesday, September 8, 2009

ദസ്തയവ്സ്കി ഭാഷാന്തരം : വേണു വി.ദേശം

ദസ്തയവ്സ്കി ഭാഷാന്തരം : വേണു വി.ദേശം


യാത്രാസ്മൃതി
വേനൽപ്രതീതികളെക്കുറിച്ചുള്ള ഹേമന്തക്കുറിപ്പുകൾ
ഉടൻ പ്രസിദ്ധീകരിക്കുന്ന ദസ്തയവ്സ്കിയൻ യാത്രാവിവരണത്തിന്റെ ആദ്യാദ്ധ്യയം.

എന്റെ വിദേശവാസത്തെക്കുറിച്ചുള്ള പ്രതീതികൾ വിവരിക്കുവാൻ സുഹൃത്തുക്കളേ, നിങ്ങൾ കുറച്ചു മാസങ്ങളായി തിരക്കു കൂട്ടുന്നു. ഞാൻ നിങ്ങൾക്കു വേണ്ടി എന്തെഴുതും? നിങ്ങൾക്ക്‌ അജ്ഞാതമായതും ഇതുവരെ പുതുതായി പറയപ്പെട്ടിട്ടില്ലാത്തതുമായ എന്തുണ്ട്‌? നാം റഷ്യാക്കാരെ സംബന്ധിച്ചിടത്തോളം (അതായത്‌ പത്രമാസികകൾ വായിക്കുന്നവരെ സംബന്ധിച്ചിടത്തോളമെങ്കിലും) റഷ്യയെക്കുറിച്ചറിയാവുന്നതിലുമിരട്ടി യൂറോപ്പിനെക്കുറിച്ചറിയാം.

ഇവിടെ 'ഇരട്ടി'എന്ന്‌ ഞാനുദ്ദേശിച്ചതു ഉപചാരമായി കരുതിയാൽ മതി -സത്യത്തിൽ യൂറോപ്പിനെപ്പറ്റി നിങ്ങൾക്ക്‌ പത്തിരട്ടിയറിയാം. കൂടാതെ ഈ സാധാരണ പരിഗണനകൾക്കപ്പുറം എനിക്ക്‌ മറ്റൊന്നും വിശേഷിച്ച്‌ വിശദീകരിക്കുവാനുണ്ടാവില്ലെന്നും നിങ്ങൾക്കറിയാം.

കാരണം ഞാൻ വ്യക്തമായും വേണ്ടപോലെയും ഒന്നും നിരീക്ഷിച്ചിട്ടില്ല. എനിക്കതിനൊന്നും വേണ്ടത്ര സമയം ലഭിച്ചതുമില്ല. ഞാൻ ബർലിൻ, ഡ്രസ്ഡൻ, വിസ്ബേദൻ, ബേദൻ-ബേദൻ, കൊളോഗ്നെ, പാരീസ്‌, ലണ്ടൻ, ലൂസേൺ, ജെയിനെവ, ജനോവ, ഫ്ലോറൻസ്‌, മിലാൻ, വിയന്ന -ഇവിടങ്ങളിലൊക്കെ പോയിരുന്നു. ചിലേടങ്ങളിൽ രണ്ടു വട്ടവും. ഇത്രയും നാടുകളിൽ ഞാൻ സഞ്ചരിച്ചതു ആകെ രണ്ടരമാസക്കാലം കൊണ്ടാണെന്നോർക്കുമല്ലോ. പീറ്റേര്ഴ്സ്ബർഗ്ഗിലാണെങ്കിൽപ്പോലും ഞാൻ ഒരു അലച്ചിലുകാരനെപ്പോലെയാണെന്ന്‌ നിങ്ങളോർമ്മിക്കുമല്ലോ. എന്റെ ആദ്യാവേശം അതാണ്‌.



ഞാനിതിനുമുമ്പൊരിക്കലും വിദേശസന്ദർശനം നടത്തിയിട്ടില്ല, കുട്ടിക്കാലംതൊട്ടേ മോഹിച്ചിരുന്നുവേങ്കിലും, വായന ആരംഭിക്കുന്നതിനുമുമ്പ്‌ ഞാനെന്റെ നീണ്ട ഹേമന്ത സായാഹ്നങ്ങൾ ചെലവഴിച്ചിരുന്നത്‌ അച്ഛനുമമ്മയും റാഡ്ക്ലിഫിന്റെ നോവലുകൾ വായിക്കുന്നത്‌ കേട്ടിരുന്നുകൊണ്ടാണ്‌ അവരുടെ വായന കിടക്കാറാവുന്നിടത്തോളം നീണ്ടിരുന്നു.

ഞാൻ ഹർഷോന്മാദത്താലും ഭയത്താലും മരവിച്ച്‌ വാ പൊളിച്ച്‌ ആ വായന കേട്ടു പോന്നു. നിദ്രയിൽ ഞാൻ വായിച്ചു കേട്ട രംഗങ്ങൾ ജ്വരഭ്രാന്തിയോടെ ആവർത്തിച്ചു. ഒടുവിൽ 40-​‍ാം വയസ്സിൽ എന്റെ ക്ഷമനശിച്ച്‌ ഞാൻ വിദേശത്തേക്കുപോയി. സമയം കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളുവേങ്കിലും ഞാൻ കഴിയുന്നത്ര എല്ലാം, അതായത്‌ സകലതും കാണാൻ ആഗ്രഹിച്ചു. സന്ദർശിക്കേണ്ട ഇടങ്ങൾ ഏതൊക്കായവണമെന്ന്‌ ശാന്താമായിരുന്നാലോചിക്കുവാൻ എനിക്കു സാധിച്ചില്ലതാനും. ദൈവമേ! ആ യാത്രകളിൽ നിന്നും ഞാനെന്തൊക്കെത്തന്നെ ആഗ്രഹിച്ചില്ല!



എനിക്ക്‌ വിശദമായൊന്നും പഠിക്കാൻ സാധിച്ചില്ലെങ്കിൽത്തന്നെയും ഞാൻ എല്ലായിടത്തും സന്ദർശിക്കുകയും സകലതും കാണുകയും ചെയ്യുമെന്നും കണ്ടതിൽ നിന്നെല്ലാം ഒരു സമഗ്രചിത്രം സ്വരൂപിക്കുവാനെനിക്കു കഴിയുമെന്നും മുമ്പേ ഞാൻ കരുതിയിരുന്നു. ഒരു തരം സർവ്വദിങ്ങ്ദർശനമായിരുന്നു എന്റെ സങ്കൽപ്പം തന്നെയും. പൊടുന്നനെയാവും ദിവ്യാത്ഭുതങ്ങളുടെ ലോകം എന്റെ മുന്നിൽ വിടർന്നുവരിക. ഒരു മലയുടെ മുകളിൽ നിന്നും വാഗ്ദത്തഭൂമി ഒരു പക്ഷിക്കണ്ണാൽ ദർശിക്കും പോലെ. ഒറ്റവാക്കിൽപ്പറഞ്ഞാൽ നവവും അത്ഭുതജനകവും ശക്തവുമായ ഒരു പ്രതീതി ഞാൻ സ്വന്തമാക്കും". എന്നാൽ ഇപ്പോൾ ഞാൻ വീട്ടിലിരുന്ന്‌ എന്റെ വേനൽക്കാല യാത്രകളെക്കുറിച്ചുള്ള ഓർമ്മകളെ തിരിച്ചുവിളിക്കുമ്പോൾ എന്നെ ഏറ്റവുമധികം ദുഃഖിയാക്കുന്നതെന്താണെന്നറിയാമോ? ഞാൻ യാത്രയിൽ വിശദമായി ഒന്നും നിരീക്ഷിച്ചില്ല എന്ന വസ്തുതയല്ല-ഞ്ഞാൻ മിക്കയിടത്തും പോയിട്ടും റോമിൽ പോകാൻ ശ്രമിച്ചില്ലല്ലോ എന്ന കാര്യമാണ്‌.



എന്നാൽ റോമിൽപ്പോയിരുന്നെങ്കിൽത്തന്നെയും ഞാൻ പോപ്പിനെ മറന്നുപോകുമായിരുന്നു. ചുരുക്കത്തിൽ പുതുതും അദമ്യവുമായ എന്തിനോവേണ്ടിയുള്ള ദാഹം എന്നെ കീഴടക്കിയിരുന്നു. എനിക്ക്‌ സ്ഥലം മാറി മാറികാണണമായിരുന്നു. വിശാലമായ ഒരു കൃഷി കോണിൽ നിന്നും ദിങ്‌ മാത്രദർശനങ്ങൾ നടത്തണമായിരുന്നു. ഇത്തരം ഏറ്റുപറച്ചിലുകൾക്കുശേഷം നിങ്ങൾ എന്താണെന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്‌ ? ഞാൻ നിങ്ങളോടെന്തുപറയും? ഞാൻ എന്ത്‌ ചിത്രീകരിക്കും? ഒരു ദിങ്മാത്രദർശനമോ അഥവാ ഒരു പ്രത്യേക വീക്ഷാ കോണത്തിലൂടെയുള്ള വർണ്ണനമോ, ഏതാണാവശ്യം? ഒരു പക്ഷിക്കൺനോട്ടം മാത്രം മതിയാവുമോ? എന്തായാലും നിങ്ങൾ എന്നോടു പറയും ഞാൻ കൂടുതലുയരത്തിൽ പറക്കുന്നുവേന്ന്‌. ഞാൻ സ്വയം ഒരു വിവേകശാലിയാണെന്ന്‌ പരിഗണിക്കുന്നു.



ഒരു കാരണവശാലും ഞാൻ നുണപറഞ്ഞുകൂടാ-ഒരു യാത്രികനെന്നനിലയ്ക്കുപോലും. ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും ഞാൻ സത്യസന്ധമല്ലാത്ത ചിത്രീകരിക്കുന്നുവേന്ന്‌ വന്നാൽ അത്‌ സ്വഭാവികം മാത്രമാവും. കാരണം എന്റെ പരിതസ്ഥിതികൾ അതിനെന്നെ നിർബന്ധിക്കുന്നു. ഞാനൊരു യാത്രികനെന്ന നിലയ്ക്ക്‌ നുണപറയുന്നതല്ലെന്നറിയുക. നിങ്ങൾ സ്വയം വിധികർത്താക്കളായിക്കൊള്ളുക-ഉദാഹരണത്തിന്‌ ബർലിൻ എന്നിൽ അത്യന്തം തിക്തമായ പ്രതീതികളാണുളവാക്കിയത്‌. ഞാൻ ഒരു ദിവസം മുഴവനും അവിടെ കഴിച്ചു കൂട്ടി. ബർലിനുമുന്നിൽ ഞാൻ കുറ്റവാളിയാണെന്നിപ്പോൾ ഞാനറിയുന്നു. കാരണം ആ നഗരം എന്നിലേൽപ്പിച്ചതു തിക്തപ്രതീതികളാണെന്ന്‌ പറയുവാൻ ഞാൻ ധൈര്യപ്പെട്ടുകൂടായിരുന്നു. കാരണം തികച്ചും തിക്തമായിരുന്നില്ല ആ അനുഭവങ്ങൾ. തിക്തമധുരങ്ങളെന്നേ പറയാവൂ. എങ്ങനെയാണ്‌ എന്നിൽ നിന്നും ഇത്തരം ദ്രോഹകരമായ തെറ്റ്‌ ഉണ്ടായത്‌?


കരൾവേദനിക്കുന്ന ഒരു രോഗിയായ ഞാൻ മഴയും മഞ്ഞും അനുഭവിച്ചാണ്‌ രണ്ടു ദിവസത്തെ റെയിൽയാത്രക്കു ശേഷം ബർലിനിലെത്തിയത്‌. ആകെ കീറിപ്പറഞ്ഞ്‌, ഉറക്കമില്ലാതെ ക്ഷീണിച്ചും വിളർത്തും ആ നഗരത്തിലെത്തിയശേഷം പൊടുന്നനെ ആ നഗരം കണ്ടപ്പോൾ അതെന്നെ ഒരു വലിയ അളവിൽ പീറ്റേഴ്സ്ബർഗ്ഗിനോട്‌ സാമ്യം തോന്നിപ്പിച്ചു. അതേ പട്ടുനാടപോലുള്ള തെരുവുകൾ, അതേ, അതേ...(എല്ലാ സാധർമ്മ്യങ്ങളും എടുത്തുപറയാൻ വയ്യ") ദൈവമേ! ഞാൻ പിന്നിലുപേക്ഷിച്ച അതേ മട്ടിലൊന്നിലേക്കാണോ രണ്ടു ദിവസത്തെ ക്ലേശത്തിനു ശേഷം എത്തിച്ചേർന്നിരിക്കുന്നത്‌" എന്ന്‌ ഞാൻ സംശയിച്ചു. ഇതുകൊണ്ടെന്തു കാര്യം? ലിൻഡൻ മരങ്ങളോട്‌ എനിക്ക്‌ ഒരു പ്രതിപത്തിയുമില്ല. പക്ഷേ ബർലിൻ പൗരൻ അതിനുവേണ്ടി തനിക്ക്‌ പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ എല്ലാം ത്യജിച്ചു കളയും. ഒരു പക്ഷേ അവന്റെ ഭരണഘടനയെപ്പോലും!! ഭരണഘടനയേക്കാൾ പ്രിയപ്പെട്ടതായി ഒരു ബർലിൻ പൗരന്‌ എന്താണുള്ളത്‌? ഞാൻ വേഗം ഡ്രസ്ഡനിലേക്കുപോയി. ജർമ്മൻ പൗരന്മാരുമായി ഇടപഴകുന്നതിന്‌ ഒരു പ്രത്യേകപ്രഭാവം വേണമെന്ന ചിന്ത അപ്പോഴേക്കും എന്റെ ആത്മാവിൽ നങ്കൂരമിട്ടിരുന്നു. അത്യന്തം ഗാഢമായ ഒരു മുൻധാരണയായിരുന്നു അത്‌. കൂട്ടം കൂടുമ്പോഴാണെങ്കിൽ അവരെ തീരെ സഹിക്കാൻ കഴിയുന്നതുമല്ല. ഡ്രസ്ഡനിൽവെച്ച്‌ എന്റെ രസക്കേട്‌ സ്ത്രീകളിലേക്കും പടർന്നു. ഞാൻ തെരുവുകളിലേക്കിറങ്ങിയപാടെ എനിക്ക്‌ തോന്നി ഡ്രസ്ഡനിലെ സ്ത്രീകളേക്കാൾ വെറുപ്പുളവാക്കുന്നതായി ലോകത്ത്‌ മറ്റൊന്നുമില്ലെന്ന്‌.


ഒരു പക്ഷേ പ്രണയഗായകനായ സെവൊലോഡ്‌ ക്രെസ്റ്റോവ്സ്കിപോലും ഇവിടെ ഒന്നും കണ്ടെത്തുകയില്ല. ഏറ്റവും പ്രസന്നവാനും നിസ്സന്ദേഹമായ ധൈര്യമുള്ളവനുമാണല്ലോ ആ കവി. താനെന്തിന്‌ ഇവിടെവന്നു വേന്ന്‌ അദ്ദേഹം വിലപിച്ചേക്കാനും മതി. അതേനിമിഷംതന്നെ ഞാൻ തിരുത്തി ഇല്ല. താനെന്തിനിവിടെയെത്തി എന്ന്‌ അദ്ദേഹം ഒരു കാരണവശാലും വിലപിക്കുകയില്ല. ഞാൻ അങ്ങനെ ചിന്തിക്കുന്നത്‌ അസംബന്ധമാണെന്നും കണ്ടെത്തി. രണ്ടു മണിക്കൂറുകൾക്കകം എനിക്ക്‌ എല്ലാം സുവ്യക്തമായി. ഞാൻ ഹോട്ടലിലേക്ക്‌ തിരിച്ചു വന്ന്‌ ആൾക്കണ്ണാടിക്കു മുന്നിൽ നിന്ന്‌ എന്റെ നാവ്‌ പരിശോധിച്ചു. ഡ്രസ്ഡനിലെ സ്ത്രീകളെക്കുറിച്ചുള്ള എന്റെ വിലയിരുത്തൽ തികച്ചും ഇരുണ്ട ദുരാരോപണമായിപ്പോകും. എന്റെ നാവ്‌ മഞ്ഞച്ചും ദുഷിച്ചുമിരുന്നിരുന്നു...
"പ്രകൃതിയുടെ അധീശനായ ദൈവത്തിന്‌ സ്വന്തം കരളിനോട്‌ ഇത്രമേൽ വിധേയത്വമുണ്ടാകുമോ? ഞാൻ ചിന്തിച്ചു. "എത്ര അധമത?" സ്വയം സ്വാന്തനിപ്പിക്കുന്ന ഇത്തരം ചിന്തകളോടെ ഞാൻ 'കൊളോഗ്നെ'യിലേക്ക്‌ പോയി. അവിടുത്തെ ഭദ്രാസനപ്പള്ളിയിൽ നിന്നും ഞാൻ വലുതായി പ്രതീക്ഷിച്ചിരുന്നുവേന്ന്‌ സമ്മതിക്കണം. യുവത്വകാലത്ത്‌ ഞാൻ ആ പള്ളിയുടെ ചിത്രം പലവട്ടം വരച്ചിട്ടുണ്ട്‌-ഞ്ഞാൻ വാസ്തുവിദ്യാവിദ്യാർത്ഥിയായിരുന്ന ഘട്ടത്തിൽ. ഒരു മാസത്തിനുശേഷം പാരീസിൽ നിന്നുള്ള മടക്കയാത്രയിൽ ഞാൻ രണ്ടാംവട്ടം കണ്ടു.

മുട്ടുകാലിൽ നിന്ന്‌ ആ പള്ളിയോട്‌ മാപ്പിറക്കുകയാണ്‌ വേണ്ടതെന്ന്‌ അപ്പോഴെനിക്കു തോന്നി. കാരണം ആദ്യവട്ടം കണ്ടപ്പോൾ ആ മഹാശിൽപ്പത്തിന്റെ ചാരുത ആദ്യവട്ടം കണ്ടപ്പോൾ ആ മഹാശിൽപ്പത്തിന്റെ ചാരുത എനിക്ക്‌ അശേഷം ആസ്വദിക്കാൻ കഴിഞ്ഞില്ല എന്നതുതന്നെ. റൈൻ വെള്ളച്ചാട്ടത്തിനു മുന്നിൽ കരാംസിൻ മുട്ടുകുത്തി നിന്നത്‌ ഇതേ ചേതോവികാരംകൊണ്ടു തന്നെയാവണം. എന്തായാലും ആദ്യക്കാഴ്ചയിൽ ഈ വലിയപള്ളി എന്നെ ആകർഷിച്ചതേയില്ല. എനിക്ക്‌ കാഴ്ചയിൽ അത്‌ കസവുപിടിപ്പിച്ച ഒരു വിചിത്രനാട മാത്രമായിരുന്നു. വെറും നാട. നൂറ്റമ്പതുമീറ്റർ ഉയരെ നിൽക്കുന്ന ഒരു എഴുത്തുമേശമേൽ വെച്ചിരിക്കുന്ന പേപ്പർവെയ്റ്റായി മാത്രമേ ഞാനതിനെ കണ്ടുള്ളു."അത്ര മഹത്തരമൊന്നുമല്ല". ഞാൻ ഉറപ്പിച്ചു-നമ്മുടെ പ്രപിതാമഹന്മാർ പുഷ്കിനെക്കുറിച്ച്‌ അഭിപ്രായപ്പെട്ടതു പോലെ. " എടുത്ത്‌ അയാൾക്ക്‌ സ്വച്ഛന്ദമായനുഭവപ്പെടുന്നു. അപ്പോൾ അതിൽ ഗൗരവമായൊന്നുമുണ്ടാവില്ലല്ലോ". എന്റെ ആദ്യാഭിപ്രായത്തെ രൂപീകരിച്ചതു രണ്ടു സാഹചര്യങ്ങളാവണമെന്നെനിക്ക്‌ തോന്നി. ഒന്ന്‌, ആ സമയത്ത്‌ ഞാൻ നിരന്തരം ചിന്തിക്കുകയും ശ്രവിക്കുകയുമായിരുന്നു. രണ്ടാമത്തെ സാഹചര്യം 'കൊളോഗ്നാപാലം' എന്നിലെ അധമത്വബോധത്തെ ഉദ്ദേ‍ീപിപ്പിച്ചുവേന്നതാണ്‌. പാലം മഹത്തരമാണ്‌ എന്നത്‌ സത്യം തന്നെ. നഗരത്തിന്‌ അതിൽ അഭിമാനിക്കുന്നതിനുള്ള വകയുണ്ടുതാനും.

പക്ഷേ അവർ അതിർകവിഞ്ഞ്‌ അഭിമാനം കൊള്ളുന്നുവേന്നതാണെന്റെ പ്രശ്നം. ആ അഭിമാനബോധം എന്നെ കുപിതനാക്കി. പ്രവേശനദ്വാരത്തിൽ നിൽക്കുന്ന പിരിവുകാരൻ എന്നോട്‌ ഈടാക്കിയത്‌ യുക്തിസഹമായ ഒരു തുക തന്നെയാണെങ്കിലും അത്ഭുതകരമായ ആ പാലം കാണാനെത്തിയ എന്നിൽനിന്നും ഞാൻ ചെയ്യാത്ത ഒരുകുറ്റത്തിന്‌ പിഴ ഈടാക്കുന്നുവേന്ന ഭാവമാണ്‌ അയാൾക്കുണ്ടായിരുന്നത്‌. അനാവശ്യമായി ആ ജർമ്മൻകാരൻ അഹങ്കാരഭാവം നടിച്ചു. ഞാൻ ഒരു വിദേശിയും വിശിഷ്യാ റഷ്യാക്കാരനുമാണെന്ന്‌ അയാൾക്ക്‌ ബോദ്ധ്യപ്പെട്ടിരിക്കണം" എന്ന്‌ ഞാനൂഹിച്ചു. അയാളുടെ കണ്ണുകൾ ഇങ്ങനെ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. "ദുരിതംപിടിച്ച റഷ്യാക്കാരാ-നീ ഞങ്ങളുടെ പാലം കാണാൻ വന്നു. ഓരോ ജർമ്മൻ പൗരനു മുന്നിലും നീ വെറും പുഴു മാത്രമാണ്‌. കാരണം നിന്റെ നാട്ടിൽ ഇതേ പോലൊരു പാലമില്ല." തീർച്ചയായും നിങ്ങൾ സമ്മതിക്കില്ലേ, ഇത്‌ വെറുപ്പിക്കുന്ന പ്രഖ്യാപനം തന്നെയാണെന്ന്‌. ആ ജർമ്മൻകാരൻ ഇങ്ങനെയൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, മനസാ ചിന്തിച്ചിട്ടുകൂടിയുണ്ടാവില്ല.

അതൊക്കെ പോകട്ടെ. എന്തായാലും ഞാൻ അങ്ങനെ വിഭാവനം ചെയ്യുകയും ഒടുവിൽ കുപിതനാകുകയും ചെയ്തു. "നിന്നെ പിശാച്ചു ബാധിക്കട്ടെ" എന്ന്‌ ഞാൻ അകമേ പറഞ്ഞു. "ഞങ്ങൾ സമോവർ കണ്ടു പിടിച്ചവരാണ്‌ കേട്ടോ...ഞങ്ങൾക്ക്‌ ഒന്നാംകിട പത്രമാസികകളുണ്ട്‌. ഓഫീസർമാർ ചെയ്യുന്ന പണി ഞങ്ങളും ചെയ്യും. ഞങ്ങൾക്ക്‌ പലതുമുണ്ട്‌..." ഒറ്റവാക്കിൽ പറഞ്ഞാൽ അധമതാബോധം എന്നിലിരച്ചു കയറി. ഒരു കുപ്പി യൂഡികോളോണും വാങ്ങി(എനിക്കതൊഴിവാക്കാൻ വയ്യ) ഞാൻ പാരീസിലേക്ക്‌ വിട്ടു. ഫ്രഞ്ചുകാർ കൂടുതൽ മൃദുത്വമുള്ളവരും രസം നൽകുന്നവരുമാകുമെന്ന്‌ ഞാൻ നിനച്ചു. ഒരു കാര്യം ഇപ്പോൾ നിങ്ങൾക്ക്‌ വിധിക്കണം - ഞാൻ ആത്മനിയന്ത്രണം പാലിച്ച്‌ ഒരാഴ്ചയെങ്കിലും ഡ്രസ്ഡനിൽ നിന്നിരുന്നെങ്കിൽ, ഒന്നോ രണ്ടോ ദിവസമെങ്കിലും കൊളോഗ്നെയിൽ തങ്ങിയിരുന്നെങ്കിൽ, വസ്തുതകളെപ്പറ്റി രണ്ടാംവട്ടമോ മൂന്നാംവട്ടമോ നോക്കിക്കാണാനും പുന:പരിശോധിക്കുവാനും സാധ്യമാക്കുക വഴി കൂടുതൽ ക്ലിപ്തമായ ഒരു അഭിപ്രായം എനിക്ക്‌ എല്ലാറ്റിനെപ്പറ്റിയും സ്വരൂപിക്കുവാൻ കഴിയുമായിരുന്നു. വെറുമൊരു സൂര്യകിരണംപോലും, അപ്പോൾ പുതിയ ഭാവതലങ്ങൾ വിരിയിപ്പിക്കും. അർത്ഥധ്വനികൾ ഉളവാക്കും. ഞാൻ രണ്ടാംതവണ ആ ഭദ്രാസനപ്പള്ളിക്കരികിലൂടെ കടന്നുപോയപ്പോഴതാണുണ്ടായത്‌.

ആ മണിസൗധം അതിന്റെ സകലപ്രൗഢികളോടും കൂടി എനിക്ക്‌ വ്യക്തമായി മേഘാവൃതവും മ്ലാനവുമായ പ്രഭാതത്തിലായിരുന്നു ഞാൻ ആദ്യവട്ടം പള്ളി കണ്ടത്‌. ആ കാഴ്ച എന്നിൽ പ്രണിതമായ ദേശാഭിമാനത്തിന്റെ ഒരുൾത്തള്ളൽ മാത്രമേ ഉളവാക്കിയുള്ളു. അത്തരം ദേശാഭിമാനം മോശം കാലാവസ്ഥയിൽ മാത്രമേ ഉയിർത്തെഴുന്നേൽക്കുകയുള്ളു സുഹൃത്തുക്കളേ, നിങ്ങൾക്ക്‌ കാണാവുന്നതു പോലെ രണ്ടരമാസംകൊണ്ട്‌ ഒന്നിനേയും പരിശോധിക്കുവാനാകില്ല; കൃത്യമായ അറിവുവെച്ചുകൊണ്ട്‌ അതിനാൽ എനിക്ക്‌ നിങ്ങൾക്കൊന്നും തന്നെ പകരുവാനും കഴിയുകയില്ല. ചിലപ്പോൾ സ്വേച്ഛയാ അല്ലാതെ എനിക്ക്‌ അസത്യം പറയേണ്ടിവരുന്നതങ്ങനെയാണ്‌... അതെന്താന്നാൽ...
ഇവിടെ നിങ്ങൾ എന്നോട്‌ നിർത്താൻ പറയുന്നു.

കാരണം ഇതിലൊന്നും നിങ്ങൾ കൃത്യമായ വിവരങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം അത്തരം വിവരങ്ങൾ നിങ്ങൾക്ക്‌ വേറെയും ലഭ്യമാണ്‌; കേവലമായ ആത്മാർത്ഥതയാണ്‌ വസ്തുതാവിവരണങ്ങൾക്കപ്പുറം ഒരു യാത്രകനാവശ്യം (വസ്തുതാവിവരങ്ങൾ മിക്കവാറും യാത്രികന്റെ കഴിവുകൾക്കപ്പുറത്തായിരിക്കും താനും) ചിലപ്പോൾ സ്വന്തം സാഹസികതകളും അനുഭവങ്ങളേൽപ്പിച്ച വടുക്കളും തുറന്നു കാട്ടുവാൻ യാത്രകൻ ഭയന്നേക്കുകയുമില്ല-അത്തരം തുറന്നുപറച്ചിലുകൾ അയാൾക്ക്‌ അപമാനകരമായേക്കുമെങ്കിലും, തന്റെ കണ്ടെത്തലുകൾ അറിയപ്പെടുന്ന വിദ്വാന്മാരുമായി ചർച്ച ചെയ്തവതരിപ്പിക്കുന്നതിനും അയാൾ മെനക്കെട്ടേക്കില്ല. ചുരുക്കത്തിൽ നിങ്ങൾക്കാവശ്യം എന്റെ വൈയക്തിക പ്രതീതികളാണ്‌. സത്യസന്ധമായ നിരീക്ഷണങ്ങൾ.
"ആഹാ! അപ്പോൾ നിങ്ങൾക്കാവശ്യം എന്റെ വെറും പ്രലപനങ്ങൾ മാത്രമാണ്‌. ചിത്രീകരണങ്ങൾപോലെ എന്തൊക്കെയോ മാത്രം. ആ ഓട്ടപ്രദക്ഷിണത്തിൽ രൂപീകരിക്കപ്പെട്ട വൈയക്തിക പ്രതീതികൾ" ഞാൻ അത്ഭുതപ്പെട്ടുപോകുന്നു. ഞാനിതിനോട്‌ പൊരുത്തപ്പെടുന്നു. എനിക്കു കഴിയുംവിധം എന്റെ നോട്ടുപുസ്തകത്തിലെ കുറിപ്പുകൾ നേരേപടി അവതരിപ്പിക്കാം. ഒന്നേ എനിക്കു പറയാനുള്ളു- ഇതിൽ ഒരുപിടി പിശകുകൾ കണ്ടേക്കാം. തീർച്ചയായും എല്ലാം പിശകായിരിക്കുകയില്ല. കാരണം ചില സത്യങ്ങൾ ഒരിക്കലും തെറ്റുകയില്ലല്ലോ. ഉദാഹരണത്തിന്‌ നേത്രോദാം പാരീസിലാണെന്ന സത്യം. കാരണം ഒരുപാടുപേർ അതിനെപ്പറ്റി എഴുതിയെഴുതി സകലരുടേയും മനസ്സിൽ അതുറച്ചു പോയിരിക്കുന്നു. ഇക്കാര്യത്തിൽ എനിക്കുപോലും പിശകുപറ്റില്ല -പക്ഷേ ഞാൻ ഉറപ്പുനൽകുകയുമില്ല റോം സന്ദർശിക്കുമ്പോൾ സെന്റ്‌ പീറ്റേഴ്സിന്റെ ഭദ്രാസനപ്പള്ളി കാണാൻ മറക്കുകയെന്നതസാദ്ധ്യയാണെന്ന്‌ പറയപ്പെടുന്നു. കൊള്ളാം. നിങ്ങൾ സ്വയം വിലയിരുത്തിക്കൊള്ളു-ഞ്ഞാൻ ലണ്ടനിൽപോയി. പക്ഷേ സെന്റ്പോളിന്റെ ഭദ്രാസനപ്പള്ളി സന്ദർശിക്കുവാൻ വിട്ടുപോയി. തീർച്ചയായും വ്യത്യാസമുണ്ട്‌, സെന്റ്‌ പീറ്ററിനും സെന്റ്‌ പോളിനുമിടയിൽ. എന്നിരിക്കിലും ഒരു യാത്രികനെ സംബന്ധിച്ചിടത്തോളം അതൊരു പിഴയാണ്‌. അവിടെ നിങ്ങൾക്ക്‌ എന്റെ ആദ്യ സാഹസികത ദർശിക്കാം. അതെനിക്ക്‌ സൽപ്പേരല്ല സമ്മാനിക്കുന്നത്‌. (ഒരു നാനൂറുമീറ്റർ ദൂരെനിന്ന്‌ ഞാൻ ആ പള്ളി കണ്ടിരുന്നിരിക്കാം.

എന്നാൽഞ്ഞാൻ 'പെൻടോൺ വില്ല'യിലേക്കുള്ള തിരക്കിട്ട യാത്രയിലായിപ്പോയി. ഞാൻ വെറുതെ കൈവീശിക്കാട്ടിക്കൊണ്ട്‌ തോൾവെട്ടിച്ച്‌ ഓടിപ്പോയി) എന്നാൽ നിങ്ങൾ ഒന്നോർക്കണം-ഞ്ഞാൻ വെറുതെ ഒരു 'പക്ഷിക്കൺനോട്ട'വുമായി മുഴുവൻ സമയവും ചെലവഴിക്കുകയായിരുന്നില്ല. (പക്ഷിക്കൺ നോട്ടമെന്നതിന്‌ താഴെക്കിടക്കുന്ന ഏതിലെങ്കിലും നോക്കുക എന്ന അർത്ഥമല്ല. വാസ്തുവിദ്യയിലുള്ള ഒരു സംജ്ഞയാണതെന്ന്‌ നിങ്ങൾക്കറിയാമോ?)
ലണ്ടനിൽ എട്ടു ദിവസം ചെലവഴിച്ചു എന്ന പ്രത്യേകതയൊഴിച്ചാൽ ഞാൻ ഒരു മാസമത്രയും ചെലവിട്ടത്‌ പാരീസിലാണ്‌. അതിനാൽ പാരീസിനെ സംബന്ധിച്ച്‌ ഞാൻ ചിലതെഴുതാം. കാരണം ഡ്രസ്ഡനിലെ സ്ത്രീകളെയും സെന്റ്‌.പോളിന്റെ ഭദ്രാസനപ്പള്ളിയേയും കാൾ കൂടുതൽ അടുത്ത്‌ ഞാൻ പാരീസിനെ നിരീക്ഷിച്ചിട്ടുണ്ട്‌. ശരി, ഞാൻ ആരംഭിക്കാം .

Sunday, August 2, 2009

പതിനെട്ടാം വയസ്സിലും പുരുഷന്‌ വിവാഹം-ഡോ. ജി.വേലായുധന്‍

അഞ്ചാറു വർഷങ്ങൾക്കു മുമ്പ്‌ മ്യൂസിയം ഗ്രൗണ്ടിൽ നടക്കാൻ പോകുന്ന കാലത്തെ ഒരു സംഭവം. ഒരു സമ്പന്ന കുടുംബത്തിലെ പെൺകുട്ടി കാറിൽ വന്ന്‌ തനിയെ നടക്കുമായിരുന്നു. 17-20 വയസ്സു തോന്നിക്കും. കുട്ടിയുടെ വേഷം അവിടെ നടക്കാൻ വരുന്ന എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചിരുന്നു എന്നു മാത്രമല്ല പ്രായഭേദമന്യെ എല്ലാവരുടെയും ലൈംഗിക വികാരം ഉണർത്തത്തക്കതായിരുന്നു.



ഇതു നടക്കുന്നവരുടെ പലരുടെയും ചർച്ചാവിഷയവുമായിരുന്നു. തനിച്ചാണ്‌ കാറിൽ വരുന്നത്‌. രണ്ടു മൂന്നു റൗണ്ട്‌ നടന്നിട്ട്‌ കാറ്‌ ഓടിച്ച്‌ തിരിച്ചു പോകും. ഒരു ദിവസം ഒരു ചെറുപ്പക്കാരൻ സൈക്കിളിൽ അതിവേഗം വന്ന്‌ കുട്ടിയുടെ മുമ്പിൽ സൈക്കിൾ നിർത്തി രണ്ടു മാറിലും തുരു തുറെ അമർത്തുകയും കവിളിൽ ചുംബിക്കുകയും ചെയ്തിട്ട്‌ സൈക്കിളിൽ കയറി പെട്ടെന്ന്‌ അപ്രത്യക്ഷണായി. കണ്ടു നിന്നവരെല്ലാം സ്തംബ്ധരായിപോയി. പെൺകുട്ടിയുടെ ഭാവഭേദങ്ങളറിയാൻ കഴിയില്ലായിരുന്നു. പെട്ടെന്ന്‌ കുട്ടി നടന്ന്‌ കാറിൽ കയറിപ്പോയി. മേൽപ്പറഞ്ഞത്‌ നേരിൽ കണ്ട ഒരു സംഭവമാണ്‌. ഇതുപോലെ നിരവധി സംഭവങ്ങൾ ദിനം പ്രതി നടക്കുന്നുണ്ടായിരിക്കണം.



ഇതിനുകാരണം പെൺകുട്ടിയാണോ, ആൺകുട്ടിയാണോ എന്നാരാരാഞ്ഞാൽ പെൺകുട്ടിയാണെന്നേ പ്രഥമദൃഷ്ട്യ പറയാൻ സാധിക്കൂ. ഇന്നു സമൂഹത്തിൽ നടക്കുന്ന പലതും ജനങ്ങളെ ലൈംഗികമായി ഉത്തേജിപ്പിക്കുന്ന പ്രകാരത്തിലുള്ളവയാണ്‌. സിനിമയായാലും, സീരിയാലായാലും, പരസ്യങ്ങളായാലും സ്ത്രീകളുടെ വേഷവിധാനങ്ങളായാലും എല്ലാം പ്രായഭേദമന്യെ പുരുഷന്മാരെ ലൈംഗിക വികാരം ഉണർത്തുന്നതാണ്‌. ഉത്തരേന്ത്യൻ സ്ത്രീകളുടെ വേഷമാണല്ലോ നമ്മുടെ നാട്ടിലും അതിവേഗം പ്രചരിച്ചുവരുന്നത്‌. അവർ മാറുകൾ നല്ലവണ്ണം മറക്കത്തക്കവിധത്തിലാണ്‌ വേഷം ധരിക്കുന്നത്‌. നമ്മുടെ സ്ത്രീകൾ പെൺകുട്ടികൾ പോകട്ടെ തൈക്കിളവികൾ അല്ല കിളവികൾ തന്നെ രണ്ടു മാറുകൾ അല്ലെങ്കിൽ ഒരുമാറെങ്കിലും മറയ്ക്കാതിരിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്‌. മിക്കപ്പോഴും മാറു മറയ്ക്കാനുള്ള തുണിയെടുത്ത്‌ കഴുത്തിൽക്കൂടി പുറകോട്ടിട്ടിരിക്കും. പുരുഷന്മാർക്ക്‌ ലൈംഗികോത്തേജനം നൽകുന്നത്‌ എപ്പോഴും സ്ത്രീകളുടെ മാറുകളാണ്‌. അവ എങ്ങനെ പ്രദർശിപ്പിക്കുന്നുവേന്നതിനെ ആശ്രയിച്ചിരിക്കും എത്ര കണ്ടു സ്ത്രീകൾ ആ വിധത്തിൽ വിജയിക്കുന്നുവേന്നുള്ളത്‌. ഇത്‌ ഒരു വലിയ ദുഷ്പ്രവണതയാണ്‌. ലൈംഗിക അരാജകത്വം വിളിച്ചു വരുത്താനുതകുന്നത്‌.



പ്പോൾ അധ്യാപികമാർക്കും ചുരിദാർ ഉപയോഗിക്കാമല്ലോ? അധ്യാപികമാർ ഈ പ്രവണത തുടങ്ങിയാൽ ക്ലാസ്സിലെ ആൺകുട്ടികൾ പടിപ്പിക്കുന്നതു ശ്രദ്ധിക്കുമോ അതോ അവരുടെ വേഷത്തിൽ ശ്രദ്ധിക്കുമോ എന്നു പറയേണ്ടതില്ല. 13-15 വയസ്സിൽ തുടങ്ങുന്ന ലൈംഗിക വിചാരം ആൺകുട്ടികളിൽ 16-18 വയസ്സാകുന്നതോടെ മൂർദ്ധന്യത്തിലെത്തുന്നു. അവർ ഈ വികാരത്തെ ശമിപ്പിക്കുന്നതിന്‌ മിക്കവാറും പ്രകൃതിവിരുദ്ധ മാർഗ്ഗങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. ഒരു ദിവസം മൂന്നും നാലും അതിലധികവും പ്രാവശ്യം ഈ ക്രീയകൾ നടത്തി ശമനം തേടുന്നവരുമുണ്ടാം. ഒരിഷ്ടപ്പെട്ട പെണ്ണിനെ കണ്ടാൽ അല്ലെങ്കിൽ ലൈംഗിക ഉത്തേജനം നൽകുന്ന വിധത്തിലുള്ള ഒരു പെൺകുട്ടിയെ കണ്ടാൽ അതിനെ ഓർത്തുകൊണ്ടു മാത്രം ലൈംഗിക ചേഷ്ടകൾ ചെയ്യുന്ന ചെറുപ്പക്കാർ സാർവ്വത്രികമാണ്‌. അല്ലെങ്കിൽ അവർ ലൈംഗിക ശേഷി ഇല്ലാത്തവരായിരിക്കണം. ആത്മനിയന്ത്രണം കൊണ്ട്‌ പ്രശ്നം പരിഹാരം കാണുന്നവർ വളരെ അപൂർവ്വമാണ്‌.



മിക്ക കുട്ടികളും ഈ വക കാര്യങ്ങൾക്ക്‌ വശംവദരായി അവരുടെ സമയവും കഴിവും നശിപ്പിക്കുന്നതും സാർവ്വത്രികമാണ്‌. ഇങ്ങനെയൊരു പ്രതിഭാസം പ്രകൃതി നൽകിയില്ലായിരുന്നുവേങ്കിൽ അവർ എത്ര മാത്രം കഴിവും, കാര്യശേഷിയും, ബുദ്ധിസാമർത്ഥ്യവും പ്രകടിപ്പിക്കുമായിരുന്നു വേന്നുള്ളത്‌ ഊഹിക്കുകയേ വേണ്ടു. മിക്ക കുട്ടികളും അവരുടെ ലൈംഗികപരമായ കാര്യങ്ങളെപ്പറ്റി മുതിർന്നവരോടെന്നല്ല അന്വേന്യം തന്നെയും ആശയവിനിമയം ചെയ്യാറില്ല. അതിന്റെ ഫലമായി അവർക്ക്‌ ഒരു കുറ്റാബോധമോ അപകർഷതാബോധമോ ഉണ്ടാകുന്നതു പതിവാണ്‌. ഇവരിൽ പലരും ആരും അറിയാതെ എങ്ങനെയെങ്കിലും ധനം സമ്പാദിച്ച്‌ മുറി വൈദ്യന്മാരെ സമീപിച്ച്‌ അവരുടെ തെറ്റായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നുമുണ്ട്‌. ചുരുക്കത്തിൽ മിക്കവാറും കൗമാരപ്രായത്തിലുള്ളവർ ലൈംഗികവികാരങ്ങൾക്കടിമപ്പെട്ട്‌ പൊട്ടാറായി നിൽക്കുന്ന അഗ്നിപർവ്വതംപോലെയാണ്‌. ഇതിന്റെ ഫലമായിരിക്കണം തുടക്കത്തിൽ സൂചിപ്പിച്ച സംഭവം. സൗകര്യം കിട്ടുന്ന ചെറുപ്പക്കാർ അവിഹിതബന്ധങ്ങളോ അപദ്ധസഞ്ചാരങ്ങളോ നടത്തും. കുറഞ്ഞ പ്രായത്തിലെ വിവാഹത്തിലേർപ്പെട്ടാൽ ഇതിനു ശമനമുണ്ടാക്കാം. സദാചാരമെന്നു പറയുന്നത്‌ ജനങ്ങളുടെ ചുണ്ടിൽ മാത്രം ഒതുങ്ങുന്ന ഒരു മിഥ്യയാണ്‌. അന്യരുടെ കാര്യത്തിൽ പലരും ഇതിൽ വാചലരായിരിക്കും, ശ്രദ്ധാലുക്കളുമായിരിക്കും. സ്വന്തം കാര്യത്തിൽ എത്രത്തോളം അവർ മോശക്കാരായിരിക്കുമെന്നുള്ളത്‌ അവർക്കു മാത്രമേ അറിയു.



അവിഹിതബന്ധങ്ങൾ വളരെ വളരെ സാധാരണമാണ്‌. സൗകര്യം കിട്ടിയാൽ അവിഹിത ബന്ധത്തിൽ ഏർപ്പെടാത്ത ആൾക്കാർ നന്നേ കുറവാണ്‌. പലപ്പോഴും ഇതിൽ പ്രായഭേദമോ ബന്ധങ്ങളോ ഇല്ല. സഹോദരിയും, സഹോദരനും, അച്ഛനും, മകളും, അമ്മാവനും മരുമകളും ഇങ്ങനെയുള്ള എല്ലാ ബന്ധങ്ങളിലും അവിഹിതം നടക്കുന്നതായിട്ടാണ്‌ പരിചയ സമ്പന്നരായ ഡോക്ടർമാർ മനസ്സിലാക്കുന്നത്‌. നോബൽ സമ്മാനം നേടിയ 76 വയസ്സുള്ള സായിപ്പും 24 ഓ 26 ഓ വയസ്സായ മരുമകളുമായിട്ടുള്ള അവിഹിതബന്ധം കോടതിയിൽ തെളിയിക്കപ്പെട്ടതായി കുറേ നാൾ മുമ്പ്‌ പലരും പത്രങ്ങളിൽ വായിച്ചിരിക്കും. വയസ്സന്മാരും (70-80കാർ) മിക്കവരും ഈ വികാരത്തിൽ നിന്നും പൂർണ്ണമായും മുക്തരല്ല. ഇത്‌ അവരെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ മനസ്സിലാക്കേണ്ടതാണ്‌. അല്ലാതെ വരുമ്പോഴാണ്‌ 7 ഉം 8 ഉം വയസ്സുള്ള ചെറിയ കുട്ടികളെ വരെ പീഡിപ്പിക്കാനിടയാക്കുന്നത്‌. ഇങ്ങനെയുള്ള സംഭവങ്ങൾ സർവ്വസാധാരണമാണെങ്കിലും പുറംലോകം അറിയുന്നത്‌ അപൂർവ്വമായിട്ടാണ്‌. മേൽപ്പറഞ്ഞ വിവരങ്ങൾ സമൂഹത്തിൽ ലൈംഗിക അരാജകത്വം സാർവ്വത്രികമാണെന്നു കാണിക്കുന്നു. ഈ അരാജകത്വത്തിൽ നിന്നും സമൂഹത്തെ എങ്ങനെ രക്ഷിക്കാം എന്നാണ്‌ നാം ചിന്തിക്കേണ്ടത്‌. ലൈംഗികമല്ലെങ്കിൽ 'സെക്സ്‌'എന്നു പറയുന്നത്‌ നമ്മുടെ നാട്ടിൽ വിലക്കെട്ടപ്പെട്ട കനിയാണ്‌. അതാണ്‌ ഈ വിധത്തിലുള്ള അരാജകത്വത്തിന്റെ പ്രധാന കാരണവും. ആണും പെണ്ണും ചെറിയ പ്രായത്തിലെ അടുത്തിടപഴകാനും ആവശ്യമെന്നു തോന്നിയാൽ ഇഷ്ടമാണെങ്കിൽ ലൈംഗിക വൃത്തിയിൽ ഏർപ്പെടാനും അവസരം നൽകുകയാണ്‌ ഇതിനുള്ള ഏക പോംവഴി. വിവാഹ പ്രായം കുറക്കുന്നതുകൊണ്ട്‌ ഇങ്ങനെ ഒരു ചെറിയ ഗുണവശമുണ്ടെന്നുള്ളത്‌ നാം മനസ്സിലാക്കണം.


എന്നാൽ 18 വയസ്സെന്നാൽ മിക്കവർക്കും സ്കൂളിൽ പഠിക്കുന്ന പ്രായമാണ്‌. സ്വന്തം കാലിൽ നിൽക്കാനോ കുടുംബ ജീവിതം നയിക്കാനുള്ള അറിവോ, പക്വതയോ, കഴിവോ ഇല്ലാത്ത പ്രായമാണ്‌. കുട്ടികൾ ജനിച്ചാൽ അവരെ നേരാംവണ്ണം വളർത്താനുള്ള പ്രാപ്തിയോ, ധനശേഷിയോ ഇല്ലായിരിക്കും. 18 വയസ്സിൽ ആരെങ്കിലും കല്യാണം കഴിക്കാൻ ഇടയായിപ്പോയാൽ അവരെ അതിനുള്ള ശിക്ഷയിൽ നിന്നും ഒഴുവാക്കാനുദ്ദേശിച്ചായിരിക്കണം ഇങ്ങനെയൊരു ശുപാർശ ഉണ്ടായതെന്നു അനുമാനിക്കാം.




പലിശയടക്കാൻ കഴിയാത്ത കുട്ടികൾക്ക്‌ വിദ്യാഭ്യാസം കൊണ്ട്‌ എന്തു പ്രയോജനം



തിരുവനന്തപുരത്ത്‌ കുമാരപുരത്തുള്ള ഗവ.യു.പി.സ്കൂളിലെ മുന്നൂറ്റി അമ്പത്‌ കുട്ടികളുടെ ആഹാര രീതി പഠനവിഷയമാക്കിയപ്പോൾ 62 പേർക്ക്‌ മാത്രമാണ്‌ പ്രഭാത ഭക്ഷണം കിട്ടിയിരുന്നത്‌. അവരിൽ കുറച്ചുപേർ ഒരുവിധം സാമ്പത്തികശേഷിയുള്ളവരുടെ മക്കളായിരുന്നു. അതുകൊണ്ടാണ്‌ ഇത്രയുംപേർക്കെങ്കിലും പ്രഭാതഭക്ഷണം ലഭിക്കുന്നത്‌. പലരും ഉച്ചകഞ്ഞിക്ക്‌ വേണ്ടി മാത്രമാണ്‌ സ്കൂളിൽ വരുന്നത്‌. രാത്രികാലങ്ങളിലും മിക്കവാറും കുട്ടികൾക്ക്‌ ആഹാരം സ്ഥിരമായി ലഭിക്കുന്നില്ല. ഇതാണ്‌ സർക്കാർ സ്കൂളുകളിലെ മൂന്നു വയസ്സുമുതൽ പന്ത്രണ്ട്‌ വയസ്സുവരെയുള്ള വിദ്യാർത്ഥികളുടെ അവസ്ഥ. സാമ്പത്തികശേഷിയുള്ളവരും സർക്കാർ സ്കൂളുകളിൽ കുട്ടികളെ അയച്ചുപഠിപ്പിക്കുന്നുണ്ട്‌. ആദർശത്തിന്റെ പേരിലായിരിക്കാം നിർബ്ബന്ധമായി അവർ അങ്ങനെ ചെയ്യുന്നത്‌.




എന്നാൽ, സാമ്പത്തികശേഷിയുള്ളവരും ഇല്ലാത്തവരുമായ എല്ലാപേരും കുട്ടികളെ നല്ല നിലവാരമുള്ള സ്കൂളുകളിലയച്ച്‌ പഠിപ്പിക്കണമെന്ന്‌ ആഗ്രഹിക്കുന്നത്‌ സ്വാഭാവികമാണ്‌. മാതാപിതക്കൾ ചേർന്നുള്ള ജീവിതസുഖം അനുഭവിക്കാനുള്ള ഭാഗ്യം പല കുട്ടികൾക്കുമില്ല. അധികപേരും കൂലിവേലക്കാരാണ്‌. ദിവസവും ജോലി ഉണ്ടായിരിക്കുകയില്ല. പിതാവിന്‌ കിട്ടുന്ന കൂലിയിൽ നല്ല പങ്ക്‌ മദ്യശാലിയിലേക്കോ, പരസ്ത്രീകളിലേക്കോ ആണ്‌ പലപ്പോഴും ഒഴുകുന്നത്‌. കിടപ്പാടമില്ല, വെളിച്ചമില്ല, അമ്മ കൂലിവേലക്കാരിയോ, വീട്ടുജോലിക്കാരിയോ ആയിരിക്കും. അമ്മമാർക്കും എന്നും ജോലി ഉണ്ടായിരിക്കുകയില്ല. അടുത്ത കാലത്തായി വീട്ടുജോലിക്കാർക്ക്‌ 2000-3000 അതിലധികമോ ലഭിക്കുക പതിവാണ്‌. ഇതാണ്‌ ഈ കുടുംബത്തിന്റെ ഏക വരുമാനം. കുടുംബാസൂത്രണത്തിന്റെ ഫലമായി കുട്ടികളുടെ എണ്ണം കേരളത്തിലെ കുടുംബങ്ങളിൽ ഇക്കാലത്ത്‌ കുറവായി കാണുന്നത്‌ ശിശുക്കളുടെ ഭാഗ്യമായി ഭവിച്ചിട്ടുണ്ട്‌. പക്ഷേ, ഇക്കൂട്ടരിലാണ്‌ കുടുംബാസൂത്രണത്തിന്റെ സന്ദേശം ഏറ്റവും ഒടുവിൽ ഫലപ്രദമായി വരുന്നത്‌.



പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഈ പദ്ധതി ഫലപ്രദമല്ല. സന്താനങ്ങളെയാണ്‌ അവരുടെ സമ്പത്തും ഭാവിയിലുള്ള വരുമാന മാർഗ്ഗവുമായി അവർ കരുതുന്നത്‌.
ശിശുക്കളുടെ മാനസിക വളർച്ചയും ശരീരപുഷ്ടിയും അവർക്ക്‌ ചെറുപ്രായത്തിൽ കിട്ടുന്ന പരിചരണത്തിന്റെ ഫലമാണ്‌ മിക്ക ശിശുക്കളുടെയും ബുദ്ധി വികാസത്തിനും ആരോഗ്യത്തിനും അടിസ്ഥാനം. ഗർഭകാലത്തും പ്രസവത്തിലും ശാസ്ത്രീയമായ പരിചരണം കിട്ടുന്ന മാതാപിതാക്കൾക്കുണ്ടാകുന്ന ശിശുക്കൾ ബുദ്ധിമാന്മാരും ശരീരപുഷ്ടിയുള്ളവരുമായിരിക്കും. ഇത്‌ അടുത്ത കാലത്തായിട്ടാണ്‌ പൊതുജനങ്ങളും സർക്കാരും മനസ്സിലാക്കിയത്‌.



ഗർഭാരംഭത്തിൽ പല സ്ത്രീകളിലും കാണുന്ന കഠിനമായ ഓർക്കാനവും, ഛർദ്ദിയും ശാസ്ത്രീയമായി ചികിത്സിച്ചില്ലെങ്കിൽ മാതാവിന്റെ രക്തത്തിലുണ്ടാകുന്ന ഗ്ലൂക്കോസിന്റെ കുറവുമൂലം ശിശുവിന്റെ വളർച്ച (പ്രത്യേകിച്ചും തലച്ചോറിന്റെ) മുരടിക്കുവാൻ സാദ്ധ്യതയുണ്ട്‌. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിനു വേണ്ടിയാണ്‌. ജി.ജി ആശുപത്രി മാനേജ്‌മന്റ്‌ തുടക്കത്തിലെ (1960-61) സൂതി കർമ്മത്തിന്‌ (ഗർഭവും, പ്രസവവും) പ്രാധാന്യം കൊടുത്തതും ഇന്നു നടക്കുന്ന എല്ലാ നവീനവും, ശാസ്ത്രീയവുമായ പരിശോധനകളും പരിചരണങ്ങളും പ്രാക്ടീസിന്റെ തുടക്കം മുതൽ നടത്തിയിരുന്നതും. അതിനായിട്ടാണ്‌ ഒരു പ്രത്യേക ആശുപത്രി മെഡിക്കൽ കോളേജിനു സമീപം ആരംഭിച്ചതും. മറ്റു വിഭാഗങ്ങളെല്ലാം പിന്നാടാണ്‌ തുടങ്ങിയത്‌. ഇവിടെ പ്രസവിച്ച്‌ പോകുന്ന ശിശുക്കളുടെ ശരാശരി ഭാരം താരതമ്യേന കൂടുതലാണ്‌. അവർ പിന്നീട്‌ കൂടുതൽ മിടുക്കന്മാരും, മിടുക്കികളുമായി കാണുന്നുണ്ട്‌. ഇതിന്റെ തുടർച്ചയായിട്ടാണ്‌ ഇപ്പോൾ പ്രൈമറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക്‌ ആഹാരം കൊടുത്തുവരുന്നത്‌. കഞ്ഞിയും പയറുമാണല്ലോ കൊടുക്കുന്നത്‌.



ഇങ്ങനെ കുട്ടികൾക്ക്‌ അന്നജവും, മാംസ്യവും സ്കൂളുകളുള്ള ദിവസങ്ങളിൽ ഒരുനേരം ലഭിക്കുന്നുണ്ട്‌. സ്കൂളില്ലാത്ത ദിവസങ്ങളിൽ ഇതില്ല. എളുപ്പമല്ലെങ്കിലും ഇതിനൊരു പരിഹാരം കാണേണ്ടത്‌ ബുദ്ധിയും ആരോഗ്യവുമുള്ള ഭാവി പൗരന്മാരെ വാർത്തെടുക്കുന്നതിന്‌ അത്യന്താപേക്ഷിതമാണ്‌. അതായിരിക്കണമല്ലോ നമ്മുടെ രാഷ്ട്രത്തിന്റെ പരമപ്രധാന ലക്ഷ്യം. തലച്ചോറിന്റെ കോശങ്ങളുടെ വികസനവും പ്രവർത്തനശേഷിയും പ്രധാനമായി അവയ്ക്കു കിട്ടുന്ന ഗ്ലൂക്കോസിനെ ആശ്രയിച്ചാണിരിക്കുന്നത്‌. ഇത്‌ അന്നജത്തിൽ നിന്നാണ്‌ കിട്ടുന്നത്‌. ശരീര പുഷ്ടിക്കും വളർച്ചയ്ക്കും ആവശ്യം വേണ്ട ഘടകം മാംസ്യമാണ്‌. ഇത്‌ പയറുവർഗ്ഗങ്ങൾ, മാംസാഹാരങ്ങൾ തുടങ്ങിയവയിൽ നിന്നാണ്‌ ലഭിക്കുന്നത്‌. മത്സ്യം പ്രത്യേകിച്ചു നല്ലതാണ്‌.




പിന്നെ വിറ്റാമിനുകൾ വളർച്ചയും പ്രവർത്തനശേഷിയും ത്വരിതപ്പെടുത്തുന്നതിന്‌ മേൽപ്പറഞ്ഞ പോഷകാംശങ്ങൾ ആവശ്യാനുസരണം ഗർഭാസ്ഥാവസ്ഥ മുതൽ ശിശുവിന്‌ നൽകേണ്ടത്‌ ആവശ്യം വേണ്ടതാണ്‌. മാംസ്യാഹാരത്തിന്റെ ലഭ്യത അനുസരിച്ചാണ്‌ പേശികളുടെയും മറ്റു ചില അവയവങ്ങളുടെയും വളർച്ച. ആയതിനാൽ ശരിയായ പോഷകാഹാരങ്ങൾ നൽകിയാൽ മാത്രമെ നല്ല ബുദ്ധിയും ശരീരപുഷ്ടിയുമുള്ള ഭാവി പൗരന്മാരെ വാർത്തെടുക്കാൻ കഴിയു. ഇതിന്‌ സർക്കാരും പൊതുജനങ്ങളും ഒത്തോരുമിച്ച്‌ പ്രവർത്തിക്കേണ്ടതാണ്‌. സാമ്പത്തികശേഷി ഇല്ലാത്തവർക്ക്‌ ഈ വക പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ ലഭിക്കാൻ സാധ്യത കുറവാണ്‌. സാമ്പത്തികശേഷി ഉള്ളവർക്കു തന്നെയും അറിവിന്റെ കുറവുകൊണ്ട്‌ പലപ്പോഴും ഇതിന്‌ സാധ്യമാകുന്നില്ല. അതുകൊണ്ടാണ്‌ വികസ്വര രാജ്യങ്ങളിൽ ഇപ്പോഴത്തെ മോശപ്പെട്ട ആരോഗ്യസ്ഥിതി സർക്കാരും സംഘടനകളും കഴിവുള്ള വ്യക്തികളുമാണ്‌ ഈ സ്ഥിതി മെച്ചപ്പെടുത്താൻ ഫലപ്രദമായി മുന്നോട്ടു വരേണ്ടത്‌.




കഴിഞ്ഞ അഞ്ച്‌ വർഷമായി ജി.ജി ആശുപത്രി കുമാരപുരം സ്കൂളിലുള്ള 350 കുട്ടികൾക്ക്‌ ഇഡ്ഡലിയും ചട്നിയും ഉച്ചക്കഞ്ഞി ചോറായി കഴിക്കാനുള്ള കറികളും കൊടുത്തുവരുന്നു. ഇതു മൂലം കുട്ടികളിലുണ്ടായ മെച്ചപ്പെട്ട ആരോഗ്യസ്ഥിതി ബോദ്ധ്യപ്പെട്ടപ്പോൾ ഈ പദ്ധതി ക്രമേണ 20 സ്കൂളുകളിലേക്ക്‌ വ്യാപിപ്പിച്ചു. ഇങ്ങനെ 5000 പേർക്ക്‌ ജി.ജി ആശുപത്രി ഒരു ഇഡ്ഡലി വീതം കൊടുത്തുവരുന്നു. ജി.ജി ആശുപത്രി ഇതുപോലെ മറ്റു ചില ക്ഷേമ പദ്ധതികളും നടപ്പാക്കി വരുന്നു. കുട്ടികൾക്ക്‌ പ്രൈമറി വിദ്യാഭ്യാസം നൽകുന്നതിന്‌ സർക്കാർ കോടിക്കണക്കിനു രൂപയാണ്‌ വർഷംതോറും ചെലവാക്കി വരുന്നത്‌. ആവശ്യത്തിനു ആഹാരം കിട്ടാത്ത കുട്ടികൾക്ക്‌ സർക്കാർ നൽകുന്ന ഈ വിദ്യാഭ്യാസം കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല എന്നുള്ളത്‌ നാം മനസ്സിലാക്കേണ്ടതാണ്‌. അതിനാൽ കുട്ടികൾക്ക്‌ ആവശ്യമായ ആഹാരം നൽകുന്നതിന്‌ ഗവണ്‍മന്റ്‌ നടപടിയെടുക്കാൻ ശ്രമിക്കേണ്ടതാണ്‌.