Friday, August 28, 2009

ഒരു ദിനാന്ത്യസ്മൃതി -വിജയൻ വിളക്കുമാടം


ഞാൻ പഴയൊരു കൽവിളക്ക്‌...
എണ്ണയില്ലാതെ
തിരിയില്ലാതെ
ധ്യാനിക്കുന്നു ഞാൻ
പ്രഭാതങ്ങൾകൊണ്ടുവരുന്ന
തൂമഞ്ഞിലും
ഉച്ചയുടെകൊടുംവെയിലിലും
സായന്തനത്തിന്റെ
കുളിർമ്മയിലും
രാത്രിയുടെ
നനുത്തത്തലോടലിലും
ഏകനായി നിൽക്കുന്നുഞ്ഞാൻ..
ഏകനായി ധ്യാനിക്കുന്നുഞ്ഞാൻ...
ഞാൻ പഴയൊരു കൽവിളക്ക്‌
പൂജാരിമാർ
തിരിഞ്ഞുനോക്കാത്ത
ശ്രീകോവിലിൽദേവി
നിശ്ചലധ്യാനത്തിലത്രെ!
കൽവിളക്കിന്റെ ദുഃഖങ്ങൾ
പറയാനാളില്ലാതെ
ഈറൻസന്ധ്യകൾ
മൂകമായ്പടിയിറങ്ങുന്നു
കാലം ഇവിടെ
നിശ്ശബ്ദമായ്‌ പിൻവാങ്ങുന്നു!