Sunday, August 30, 2009

രണ്ടു കഥകള്‍: ബോണി പിന്റോപൂതന

ഇന്നു മുതല്‍ നൈറ്റ്‌ ഷിഫ്റ്റ്‌ ആണ് സ്വാമിക്ക്. രാത്രി കൂട്ടുകാരൊത്ത് കാന്റീനില്‍ കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആരോ പറഞ്ഞു, "നമ്മുടെ മുത്തിന്റെ കഴുത്തില്‍ ഇന്നും ബാന്‍ഡ് ഐഡ് ഉണ്ട്." കേട്ടവര്‍ ചാടി എഴുന്നേറ്റിരുന്നു. "ആര്, നമ്മുടെ രാജിയുടെയോ? ,
ഇന്നലെ ആരായിരുന്നാവോ കൂടെ ?" ആരോടെന്നല്ലാതെ അവര്‍ പറഞ്ഞു ചിരിച്ചു. കാര്യം മനസിലാവാതെ കാപ്പി താഴെ വച്ചു സ്വാമി ചോദിച്ചു, "അതിനിപ്പോ എന്താ? അവളുടെ കഴുത്തില്‍ വല്ലതും പറ്റിയതായിരിക്കും." "പട്ടരില്‍ പോട്ടനില്ലെന്നാ വെപ്പ്, പക്ഷെ താന്‍ പാഴായിപ്പോയല്ലോടോ.." അവര്‍ പൊട്ടി ചിരിച്ചു. " എടൊ സ്വാമി , അവളുടെ കഴുത്തില്‍ ലവ് ബൈറ്റ് ആണ് . അത് മറക്കാനാണീ മേക്കപ്പ് , മനസിലായോ?" "ലവ് ബൈറ്റോ ?
എന്നുവച്ചാ...?" " താനവിടന്നും പോയല്ലോടോ, ഇതാ പറയുന്നതു സമയത്തിനും കാലത്തിനും കല്യാണം കഴിക്കണം എന്ന്." അവര്‍ ഒരു കൊച്ചുകുട്ടിയോടെന്ന പോലെ വിവരിച്ചു കൊടുത്തു. "നല്ല ശക്തിയായി ദേഹത്ത് ചുംബിക്കുമ്പോള്‍ ഉണ്ടാവുന്ന പാടുകളാണ് ലവ് ബൈറ്റ് . ഇനി ആര്‍ത്തവം എന്താണെന്നൊക്കെ അറിയാമല്ലോ അല്ലെ?" അവര്‍ കളിയാക്കി ചിരിച്ചൂ. "അവര്‍ ഒരു പാവം സ്ത്രീയാ.., ഭര്‍ത്താവ് ഉപേക്ഷിച്ച് നില്ക്കുന്ന അവരെപ്പറ്റി അപവാദം പറഞ്ഞുണ്ടാക്കരുത്."
സ്വാമിയുടെ വാക്കുകള്‍ കളിയാക്കുന്ന സ്വരത്തില്‍ അവിടെ ആവര്‍ത്തിക്കപ്പെട്ടു. പൊട്ടിച്ചിരി. "ഒന്നെഴുന്നേറ്റു പോടോ സ്വാമി." ചിരിച്ചുകൊണ്ടവര്‍ എഴുന്നേറ്റു. അവരവരുടെ ജോലി സ്ഥാനങ്ങളിലേക്ക് നടക്കുമ്പോള്‍ സ്വാമി ലവ് ബൈറ്റിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഇത്രയും കാലത്തെ ജീവിതം കൊണ്ടു താനുണ്ടാക്കിയ ജ്ഞാനത്തിന് അതീതമായ ഒന്ന്. ഇതൊന്നു നേരിട്ടു കാണാന്‍ ആശ തോന്നി. മറ്റുള്ളവര്‍ക്ക് സംശയം തോന്നിക്കാതെ , എന്തോ എടുക്കാന്‍ മറന്ന വ്യാജേന അയാള്‍ തിരിഞ്ഞു
നടന്നു, രാജിയെ തേടി... "ഹലോ .....രാ .. രാജി." "ഹലോ ". അവള്‍ ജോലി തുടങ്ങാന്‍ പോകുകയായിരുന്നു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ബാന്‍ഡ്-ഐഡ് ന് ഉള്ളില്ലൂടെ പൌഡര്‍ഇട്ട് മറയ്ക്കാന്‍ ശ്രമിച്ച ഒരു പാട് കണ്ടു. ആ പാടിന്റെ കടും ചുവപ്പ് വേരുകള്‍ പുറത്തു കാണാം. അയാളുടെ നോട്ടം അവളെ അസ്വസ്ഥയാക്കിയത് മനസിലാക്കി അയാള്‍ ചോദിച്ചു, "എന്ത് പറ്റി,...അല്ലാ കഴുത്തില് ...?" "ആ...അറിയില്ലാ.., എന്തോ
പ്രാണി കടിച്ചതാ.."അവളുടെ മുഖത്ത് ചെറിയൊരു പരിഭ്രമം.അതോ പരിഭ്രമം ഉള്ളതായി എനിക്ക് തോന്നിയതാണോ? തിരിച്ചു സീറ്റിലേക്ക് നടക്കുമ്പോള്‍ രാജിയെക്കുറിച്ച് ആലോചിച്ചു. കാണാന്‍ അതിസുന്ദരി അല്ലെങ്കിലും എന്തോ ഒരു പ്രത്യേകത ഉണ്ട്. അതോ അവളെപ്പറ്റിയുള്ള കിംവദന്തികളാണോ അവളിലേക്കുള്ള ആകര്‍ഷണം. സീറ്റില്‍ വന്നു ജോലിയാരംഭിച്ചു. ഓഫീസ് ബോയ്‌ മധുരം വിളമ്പി. നിത്യ സംഭവം ആയതിനാല്‍ എല്ലാവരും മധുരം മേടിച്ചു കഴിക്കാറണ്ടെങ്കിലും , മധുരം
വിളമ്പാന്‍ കാരണം ആരും ചോദിക്കാറില്ല. പക്ഷെ സ്വാമി ചോദിച്ചു. "നമ്മുടെ മേനോന്‍സാറിന് ഒരു ആണ്‍കുട്ടി ഉണ്ടായി " സ്വാമി ഓര്‍ത്തു , നല്ല കാര്യങ്ങള്‍ ആര്‍ക്കും അറിയണ്ട. താല്‍പ്പര്യവുമില്ല. പക്ഷെ മറ്റുള്ളവരുടെ കുറ്റങ്ങളും ,കുറവുകളും എന്ത് പെട്ടെന്നാണ്‌ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഈ ലോകത്ത് ഏറ്റവും വിരസത നിറഞ്ഞ ജോലി ചിലപ്പോള്‍ കോള്‍ സെന്റരിലെതായിരിക്കും, അതുകൊണ്ടായിരിക്കും എല്ലാവരും സമയം പോക്കിനായി പരദൂഷണത്തില്‍ അഭയം
പ്രാപിക്കുന്നത്. സ്വാമി പലപ്പോഴും പരദൂഷണങ്ങളെ വിശകലനം ചെയ്തിരുന്നു. ഒരാളുടെ മകന്‍ പരീക്ഷയില്‍ തോറ്റെന്ന ദുഖവാര്‍ത്ത, ഒരു പൊട്ടിച്ചിരിയോടെ ആളുകള്‍ പറയും എന്നാല്‍ കൂട്ടത്തിലോരാള്‍ക്ക് ലോട്ടറിയടിച്ചാല്‍ , "ആ പണ്ടാരക്കാലന് ലോട്ടറിയടിചെടാ..." എന്ന് വ്യസനത്തോടെയെ പറയൂ . ആളുകളെ തിരുത്താന്‍ പറ്റുമോ? സ്വാമി നെടുവീര്‍പ്പിട്ടു. ഒരിക്കല്‍ സ്വാമിയുടെ ഷോപ്പിങ്ങിന് ഇടയ്ക്ക് ,രാജിയെ ഒരു ചെറുപ്പക്കാരനോപ്പം ദൂരെ കണ്ടു. അയാള്‍ക്ക്‌ വിശ്വാസമായില്ല. ഇവളെ
പറ്റിയുള്ള പരദൂഷണങ്ങള്‍ എല്ലാം സത്യമായിരുന്നോ? അകാരണമായ ഒരു വിഷമം വെറുതെ മനസിലേക്കു വന്നു. അത് ചിലപ്പോള്‍ അവളുടെ കാമുകന്‍ ആയിരിക്കാം , ഭര്‍ത്താവില്ലാത്ത അവള്‍ക്കും വേണ്ടേ ഒരു ജീവിതം? സ്വാമി ആശ്വസിച്ചു. പിന്നീട് അവളെ ഓഫീസില്‍ വച്ചു കാണുമ്പോള്‍ എല്ലാം മറ്റാര്‍ക്കും അറിയാത്ത ഒരു രഹസ്യം കണ്ടു പിടിച്ചപോലെ അയാള്‍ നോക്കി ചിരിക്കുമായിരുന്നു. അവള്‍ക്കത് മനസിലായോ എന്നറിയില്ല. പിന്നീട് പലപ്പോഴായി രാജിയെ
പലരുടെ കൂടെയും കണ്ടു. ഒരിക്കല്‍ അവരുടെ കമ്പനി മാനേജരുമായി കടപ്പുറത്ത്, പിന്നെ സിനിമാ ഹാളില്‍...അങ്ങിനെ പലയിടത്തും വച്ചു കണ്ടു. സ്വാമിയുടെ മനസ്സില്‍ രാജിയുടെ ചിത്രം മാറുകയായിരുന്നു. ആ ചിത്രത്തിലെ രാജിയുടെ ചുണ്ടുകളുടെ നിറം കടുത്തു, മുഖത്ത് പൌഡര്‍, തലയില്‍ മുല്ലപ്പൂ.... അയാളോര്‍ത്തു, അവള്‍ രാജിയല്ല, രാജമല്ലി, രാജമല്ലികാബാണന്‍. ഒരു പക്ഷെ ലോകത്തിലെ ഏറ്റവും ആദ്യത്തെ ജോലിയായിരിക്കാം വ്യഭിചാരം.പണത്തിന്,
കാര്യസാധ്യത്തിന്‌, ജോലികയറ്റത്തിന്... എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് അതിന്നും തുടരുന്നൂ, രാജികളിലൂടെ. അവളോടുള്ള സഹതാപം വേറൊരു വികാരമായി മാറുന്നത് സ്വാമിയറിഞ്ഞു. പ്രാപ്യമായ ഒന്നായിട്ടു കൂടി സ്വാമിയെ , അവളിലെക്കുള്ള വഴിയില്‍ നിന്നും എന്തോ പിന്തിരിപ്പിക്കുന്നു. അവളുടെ കഴുത്തില്‍ ജീവികള്‍ കടിച്ചു മുറിവേല്‍പ്പിച്ചു കൊണ്ടേ ഇരുന്നു. കാല ചക്രം തിരിഞ്ഞുകൊണ്ടിരുന്നു. സ്വാമിക്ക് ശനിയുടെ അപഹാര കാലം. സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് നട്ടെല്ല് ഒടിഞ്ഞ കമ്പനി ,
വെള്ളിയാഴ്ചതോറും നൂറുകണക്കിന് സഹ പ്രവര്‍ത്തകരെ പറഞ്ഞു വിട്ടു കൊണ്ടിരിക്കുന്നു.ജോലി പോയ്ക്കഴിഞാലുള്ള അവസ്ഥയെക്കുരിചാലോചിച്ച് ഭാവിയിലേക്കൊരു പരിശീലനം പോലെ നഖം തിന്നു തുടങ്ങിയ ആള്‍ക്കാര്‍. പക്ഷെ അപ്പോളും രാജി സന്തോഷവതിയായിരുന്നു.ഒരു തരിമ്പു പോലും ഭയമില്ലാതെ. അവള്‍ മാത്രമല്ല , മാനേജരുടെ റാന്‍മൂളികളുടെയും , അവരുടെ വലം കൈകളുടെയും ചിരികള്‍ പൊള്ളുന്ന ഈ അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊണ്ടു. സ്വാമിയുടെ ആ കമ്പനിയിലെ സേവനം ഏറിപ്പോയാല്‍ അടുത്ത
വെള്ളിയാഴ്ച്ചയായ നാളെ വരെ മാത്രമെന്ന് ഏകദേശം അയാള്‍ക്ക്‌ ഉറപ്പായി. മറ്റുള്ളവരില്‍ നിന്നും ഒട്ടും വ്യത്യസ്തതയില്ലാത്ത ദുരിതങ്ങള്‍ തന്നെ സ്വാമിക്കും, ബാങ്കിലെ ലോണ്‍, വാഹന ലോണ്‍,ചിട്ടി, വട്ടി.... അയാള്‍ക്ക്‌ ഭ്രാന്തുപിടിക്കുന്ന പോലെ തോന്നി. കഴിവുള്ളവര്‍ക്ക് ജോലി നിഷേധിക്കപ്പെടുന്നു,പകരം സ്വവര്‍ഗഭോഗികളായ ആണ്‍കോലങ്ങളും, അഭിസാരിണികളും ആ സ്ഥാനത്ത് വാഴ്ത്തപ്പെടുന്നു.സ്വാമിയെ ഒരുതരം നിസംഗത പിടികൂടിയിരിക്കുന്നു,അല്ലെങ്കില്‍ എല്ലാത്തിനോടും ഒരുതരം പക.
സദാ ചിന്തയിലാണ്ടു. ഒഴിക്കാന്‍ വന്ന മൂത്രം പോലും ചിന്തയില്‍ കുരുങ്ങി നിന്നപോലെ. ഒടുവില്‍ മൂത്രമോഴിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ അയാളുടെ പുരുഷത്വത്തെ നോക്കി അയാള്‍ ആലോചിച്ചു. " അടുത്ത ജന്മമെങ്കിലും ഒരു പെണ്ണായി ജനിപ്പിക്കണേ... ഒരു പായും തലയിണയും കൂടി കിട്ടിയാല്‍ ഈ ലോകം ഞാന്‍ കീഴടക്കും". ടോയിലെറ്റില്‍ നിന്നും പുറത്തുവരുമ്പോള്‍ , എതിര്‍വശത്തുള്ള സ്ത്രീകളുടെ ടോയിലെറ്റിലേക്ക് രാജി കയറുന്നത് കണ്ടു. അയാളുടെ ചിന്തകള്‍ വഴിപിരിഞ്ഞ്
ഓടാന്‍ തുടങ്ങി. ഏതാനും മണിക്കൂറിനകം താനീ സ്ഥാപനത്തോട്‌ വിട പറയും. മുലകളില്‍ വിഷം തേയ്ച്ചു ആളെ മയക്കി കൊല്ലുന്ന പൂതനയാനവള്‍, അയാള്‍ ആലോചിച്ചു.എങ്കില്‍ കൃഷ്ണന്‍ ഞാന്‍ തന്നെ , ഈ രാത്രി തന്നെയാവട്ടെ അവളുടെ ശാപമോക്ഷം. ഒരു യന്ത്രപ്പാവയെപ്പോലെ അയാള്‍ സ്ത്രീകളുടെ ടോയിലെറ്റിന്റെ വാതില്‍ തുറന്നു. അവിടെ കണ്ണാടിയില്‍ മുഖം നോക്കുന്ന രാജി മാത്രം. സ്വാമിയെക്കണ്ട് അമ്പരന്ന് , ചെറുതായി പൊന്തിയ ചിരിയടക്കി
അവള്‍ പറഞ്ഞു, "പുരുഷന്മാരുടെ ടോയിലെറ്റു എതിര്‍ വശത്താണ് , ഇതെന്തുപറ്റി... ?'' നിശബ്ദം അഗ്നിമയമായ കണ്ണുകളോടെ ,ശരീരത്തില്‍ പാടുകളുണ്ടാക്കുന്ന ഒരു ജീവിയായി അയാള്‍ മാറുകയായിരുന്നു.

തലച്ചോറിന്റെ താക്കോല്‍

അവര്‍ അച്ഛനെ കൊണ്ടുവന്നു .നിലത്തു കിടത്തി.മുറി മുഴുവന്‍ ചന്ദനത്തിരിയുടെ മണം. രാമായണ പാരായണം. എന്റെ ചിന്തകള്‍ തണുത്തു ഉറയുന്നതു പോലെ തോന്നി.പക്ഷെ ഞാന്‍ കരഞ്ഞില്ല.ഒരു ഏഴാം ക്ലാസ്സ് വിദ്യാര്‍ഥിയെക്കാള്‍ കൂടുതല്‍ പക്വത ഞാന്‍ കാണിച്ചു.അതോ ഞാന്‍ മരവിച്ചു കഴിഞ്ഞിരുന്നോ..?
ഞാന്‍ അമ്മയുടെ മുറിയില്‍ പോകാതെ, തെക്കേ മുറിയിലേക്ക് പോയി.അവിടെ അച്ഛന്റെ കാര്‍ഗോ പാഴ്സലുകള്‍ നിരത്തി വച്ചിട്ടുണ്ട്. അതിനെല്ലാം അച്ഛന്റെ മണം ആണ്.ദുബായ് യുടെ മണം. ചെറുപ്പത്തില്‍ ഞാന്‍ വിചാരിച്ചിരുന്നത് "ദുബായ് " മേഘങ്ങള്‍ക്കിടയില്‍ എവിടെയോ ആണ് എന്നാണ്. കാരണം അച്ഛന്‍ കയറിയ വിമാനം മേഘങ്ങള്‍ ക്ക് ഇടയില്‍ എവിടെയോ ആണ് പോയി മറഞ്ഞത്.തിരിച്ചു വരുന്നതും അവിടന്നു തന്നെ.
ഇളയച്ചന്‍ വിളിച്ചു.
"കര്‍മങ്ങള്‍ക്ക് സമയമായി".
ഞാന്‍ ഒന്നും മിണ്ടിയില്ല. ഇളയച്ചന്‍ എന്നെ കുളക്കടവിലേക്ക് കൂട്ടി കൊണ്ടുപോയി.
തിരിച്ചുവരുമ്പോള്‍ മുറ്റം നിറയെ ആള്‍ക്കാര്‍.അച്ഛനെ പന്തലില്‍ കിടത്തിയിരിക്കുന്നു.മുത്തച്ഛന്‍ ഇറയത്തു ഇരുപ്പുണ്ട്‌, നടക്കാന്‍ വയ്യ. കര്‍മങ്ങള്‍ എല്ലാം വളരെ വേഗത്തിലായിരുന്നു. പോസ്റ്റ് മാര്‍ട്ടം കഴിഞ്ഞ ബോഡി പെട്ടെന്ന് ദഹിപ്പിക്കണം, ആരോ പറഞ്ഞു.ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്,നമ്മള്‍ എല്ലാവരും മരിക്കുമ്പോള്‍ മസ്ഥിഷ്കാമോ ,ഹൃദയമോ ഏതെങ്കിലും ഒന്നേ മരിക്കൂ. എന്റെ അച്ഛന്റെ ഹൃദയം മാത്രമെ മരിച്ചിട്ടുള്ളൂ എങ്കിലോ ?തലച്ചോറില്‍ ഇപ്പോഴും എന്നെപ്പറ്റി ചിന്തിക്കുന്നുണ്ട് എങ്കിലോ?
ദഹനം കഴിഞ്ഞു . ഇരുട്ടി . അടുത്ത ആള്‍ക്കാര്‍ ഓരോരുത്തരായി പോയിത്തുടങ്ങി. എന്റെ മുറി മുകളിലെ നിലയിലാണ്. അവിടെ നിന്നാല്‍ മുറ്റത്തെ പന്തലിലെ വെളിച്ചം കാണാം, അച്ഛന്റെ ചിതയും.... ഏകാന്തതയുടെയും ഉത്തരവാദിത്വതിന്റെയും ചൂടു വമിക്കുന്ന ഒരു നീണ്ട കനല്‍ ചതുരം പോലെ തോന്നി. ഞാന്‍ കരഞ്ഞില്ല.

ദിവസങ്ങള്‍ കഴിഞ്ഞു . സ്കൂളില്‍ പോയിത്തുടങ്ങി. അധികം ആരോടും സംസാരിച്ചില്ല.മിക്കപ്പോഴും ഒറ്റക്കുതന്നെ.ഒറ്റ മകനായതു കൊണ്ട് ഏകാന്തത ഒരു പുതിയ അനുഭവം ആയിരുന്നില്ല.പക്ഷെ ഇപ്പോള്‍ ഞാനത് ആസ്വദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഓഗസ്റ്റ് ഏഴ് , രാവിലെ , ഓണ പരീക്ഷക്ക്‌ കുറച്ചു ദിവസം മുന്പ് . അന്നാണ് അച്ഛന്റെ മരണ ശേഷം ഞാന്‍ ആദ്യമായി ഇ-മൈല്‍ പരിശോധിച്ചത്. അച്ഛനയച്ച ഒരു ഈ-മേഇല്‍ കണ്ടു.അപകടം പറ്റുന്നതിനു മുന്‍പ്‌ എപ്പോഴോ അയച്ചതാണ്.ഓണത്തിന് നാട്ടില്‍ വരുന്നതിനെ പറ്റിയും ,വരുമ്പോള്‍ എനിക്ക് കൊണ്ടു വരേണ്ട സാധനങ്ങളുടെ ലിസ്റ്റ് അയച്ചു കൊടുക്കാന്‍ പറഞ്ഞുകൊണ്ടുള്ളതായിരുന്നു എഴുത്ത്‌.
ഞാന്‍ മറുപടി എഴുതി .കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ്,പിന്നെ കുറെ വിശേഷങളും, അമ്മയെ പറ്റി,പരീക്ഷയെപറ്റി,ഞാന്‍ പിന്നോക്കം നില്ക്കുന്ന വിഷയമായ കെമിസ്ട്രിയെ പറ്റി....അങ്ങിനെ ഒരുപാട്.....എനിക്ക് വല്ലാത്ത ആശ്വാസം തോന്നി .അച്ഛനോട് നേരിട്ടു സംസാരിച്ച പോലെ.അന്ന് വൈകുന്നേരം അച്ഛന്റെ എഴുത്ത് ഒന്നുകൂടി വായിക്കണം എന്ന് തോന്നി.തോന്നലുകള്‍ക്ക് യുക്തി ഇല്ലല്ലോ..
ഞാന്‍ കംപ്യുട്ടര്‍ തുറന്നു.സ്ക്രീനില്‍ ഒരു അസാധാരണ വെളിച്ചം ."എനിക്ക് അച്ഛന്റെ മറുപടി."എനിക്ക് വിശ്വസിക്കാനായില്ല .അതെ ശൈലി .ഞാന്‍ കെമിസ്ട്രി പരീക്ഷയില്‍ ജയിക്കും എന്നൊരു പ്രവചനവും!! എന്നെ ആരെങ്കിലും പറ്റിക്കുകയാണോ? പക്ഷെ ഇതു അച്ഛന്റെ പേരില്‍ തന്നെയാണ് വന്നിരിക്കുന്നത്. ഇതു വേറെ ആരെങ്കിലും ആണെങ്കില്‍ തന്നെ പാസ്‌ വേഡ് എങ്ങിനെ കിട്ടും? ഞാന്‍ കംപ്യുട്ടര്‍ ഓഫ്‌ ചെയ്തു.
എന്റെ തലയില്‍ സംശയത്തിന്റെയും സന്തോഷത്തിന്റെയും മണല്‍ കാറ്റ് അടിക്കുന്നത് പ്പോലെ തോന്നി.എന്തായാലും അച്ഛനുമായുള്ള ഈ പുതിയ സംവേദനം ഞാന്‍ ഒറ്റയ്ക്ക് ആസ്വദിക്കാന്‍ തീരുമാനിച്ചു.പക്ഷെ അച്ഛന്റെ പാസ്‌ വേഡ്? അത് വേറെ ആര്‍ക്കെങ്ങിലും അറിയാമായിരിക്കുമോ? ഇല്ല... ഇതു അച്ഛന്‍ തന്നെ ...
പിന്നിട് സന്തോഷത്തിന്റെ നാളുകളായിരുന്നു.സന്തോഷം ,ദുഃഖം,ടെന്‍ഷന്‍,എന്തുവന്നാലും അച്ചന് ഒരു മെയില്‍ .അന്ന് വൈകുന്നേരം തന്നെ മറുപടിയും വരും.അച്ഛന്റെ പ്രവചനം പോലെ ഓണപരീക്ഷയില്‍ മാത്രമല്ല,വര്‍ഷ പരീക്ഷയിലും ഞാന്‍ കെമിസ്ട്രിക്കു ജയിച്ചു.അച്ഛന്റെ പ്രവചനം എപ്പോഴും ഫലിക്കാറുണ്ട്.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി.ഞങ്ങള്‍ പരസ്പരം എഴുതിക്കൊണ്ടേ ഇരുന്നു.ആരോടും പറയാനാവാത്ത ഈ സൌഭാഗ്യം ഉള്ളിലൊതുക്കി വര്‍ഷങ്ങല്‍ കടന്നു പോയി.എനിക്ക് മുഖക്കുരുക്കള്‍ വന്നു, ശബ്ദം പതറി, പൊടി മീശ വന്നു, പക്ഷെ ഷാരൂഖാന്‍ മീശ വെക്കാത്തത് കൊണ്ടു ഞാനും വച്ചില്ല. എല്ലാം എഴുതിക്കൊണ്ടിരുന്നു.എനിക്ക് അച്ഛനില്‍ നിന്നു ഒന്നും ഒളിച്ചു വെക്കാനാവില്ലായിരുന്നു. പറഞ്ഞില്ലെങ്കിലും അച്ഛന്‍അതറിയും. അതിനെപറ്റി ചോദിക്കുകയും ചെയ്യും. കൗമാരത്തിന്റെ തുടക്കത്തിലെ ഇളയച്ഛന്റെ മകളുമായുള്ള വഴിവിട്ട ബന്ധം, സിഗരട്ട് വലി ...അങ്ങിനെ പലതും ഉപദേശിച്ചു നേരെയാക്കി.പക്ഷെ സിഗരട്ട് വലി ........ ഇടക്കൊക്കെ ഉണ്ട് .

അച്ചന് കത്ത് എഴുതുമെങ്കിലും ഇന്നും എനിക്ക് ഉറപ്പില്ല, അത് അച്ഛന്‍ തന്നെ ആണെന്ന്. ആരാണതെന്നു കണ്ടുപിടിക്കാന്‍ എനിക്ക് വല്ലാത്ത ഒരാഗ്രഹം തോന്നി. ഒരു പക്ഷെ കൌമാരക്കാരന്റെ അപക്വതയും എടുതുചാട്ടവും ആയിരിക്കാം.പാസ്‌ വേഡ് കിട്ടി അത് തുറന്നാല്‍ , പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന കഥ പോലെയാവുമോ? അച്ഛനെ ചോദ്യം ചെയ്യലാവുമോ?
അച്ഛനുമായി ബന്ധപെട്ട ഓരോരോ വാക്കുകള്‍,പാസ്വേഡ് ആയി അടിക്കാന്‍ തുടങ്ങി. പേരുകള്‍, സ്ഥല പേരുകള്‍ ,നമ്പരുകള്‍....അവസാനം തെറികള്‍ വരെ.........അത് തുറന്നില്ല! രാവും പകലും ഞാന്‍ പാസ്‌ വേഡ് നെ പറ്റി ചിന്തിച്ചുകൊണ്ടിരുന്നു.കഴിക്കുമ്പോള്‍, കുളിക്കുമ്പോള്‍, ബസ്സില്‍ , ക്ലാസ്സില്‍......ഞാനാകെ നിരാശനായി തുടങ്ങിയിരുന്നു. പക്ഷെ ഇതു ഞാന്‍ അച്ഛനെ അറിയിച്ചില്ല.
ഒരു ദിവസം വൈകിട്ട് കോളേജില്‍ നിന്നു ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ഇളയച്ചന്‍ അവിടെ ഉണ്ടായിരുന്നു.എന്തോ പ്രശ്നം ഉള്ള പോലെ തോന്നി. വീടാകെ കലുഷിതമായിരുന്നു. ഇളയച്ചന്‍ മുതച്ചനോട് കയര്‍ത്തു സംസാരിക്കുന്നുണ്ടായിരുന്നു. സ്വത്ത് തര്‍ക്കമാണ് വിഷയം. ഞാന്‍ മുകളിലെ മുറിയിലേക്ക് പോയി. തര്‍ക്കം മൂര്‍ഛിക്കുന്നത് കേള്‍ക്കാമായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഇളയച്ചന്‍ ,അച്ഛന്റെ പേരും ഒരു പെണ്ണിന്റെ പേരും ചേര്‍ത്ത് എന്തോ പറയുന്നതു കേട്ടു .കല്യാണത്തിന് മുന്‍പുള്ള അച്ഛന്റെ പ്രേമ ബന്ധം. പെണ്‍കുട്ടിയുടെ പേരു ശരിക്കും കേട്ടില്ല.
ഞാന്‍ പതിയെ താഴേക്കിറങ്ങി പാതി പടിയിലിരുന്നു. തെക്കേ പറമ്പില്‍ താമസിച്ചിരുന്ന വറീത്‌ മാപ്പിള യുടെ മകള്‍. അതാണ് കക്ഷി. ക്രിസ്തിയാനി ആയതുകൊണ്ടും അഷ്ടിക്കു വക യില്ലതവരായതുകൊണ്ടും ആ ബന്ധം പാതി വഴിയില്‍ പിരിഞ്ഞു. ഇത്രയുമാണ് ഇളയച്ചന്‍ പറഞ്ഞതിന്റെ സാരം. അങ്ങേരു ഭ്രാന്ത് പിടിച്ചവനെപ്പോലെ വേറെയും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഞാന്‍ തിരിച്ചു മുറിയിലേക്ക്, പോവാനൊരുങ്ങുമ്പോള്‍, ഒരു വെള്ളിടി പോലെ എന്റെ മനസ്സു പറഞ്ഞു "ആ പെണ്‍കുട്ടിയുടെ പേരാണ് അച്ഛന്റെ പാസ്‌ വേഡ് "എനിക്കെന്തോ അത് അത്ര ഉറപ്പായി തോന്നി.മനസ് വേറെ എങ്ങും പോവാതെ ആ ക്രിസ്തിയാനി പേരിനായി നെട്ടോട്ടം തുടങ്ങി .

മേരി, മറിയം, തേസ്യ, ലിസി .............ഛേ ,ഇതൊന്നും ആയിരിക്കില്ല.

ഇളയച്ചന്‍ വാതില്‍ കൊട്ടിയടച്ചു ഇറങ്ങിപ്പോയ ശബ്ദം കേട്ടൂ . എനിക്ക് ഓടിപ്പോയി ആ പെണ്ണിന്റെ പേരു ചോദിക്കണം എന്നുണ്ട്. പക്ഷെ അയാള്‍ പറയില്ല. ചോദിയ്ക്കാന്‍ പറ്റിയ സന്ദര്‍ഭവും അല്ല. ഇതു വേറെ ആരോടും ചോദിക്കാന്‍ പറ്റുകയുമില്ല. അമ്മയോട് ചോദിച്ചാലോ? അതുവേണ്ട....

അന്നുരാത്രി ഉറക്കം വന്നില്ല. ഓരോരോ വഴികള്‍ ആലോചിച്ചുകൊണ്ടിരുന്നു."പറമ്പില്‍ കിളക്കാന്‍ വരുന്ന കാര്‍ത്തികേയന്‍" പുള്ളിക്കാരന് അറിയാന്‍ പറ്റും.ഇവിടെ പണ്ടേ ഉള്ള ആളല്ലേ? പോരാഞ്ഞ് ഈ ആഴ്ച വീട്ടില്‍ പണിക്കു നില്കുന്നുമുണ്ട്.

നേരം വെളുപ്പിച്ചു.എട്ടു മണിയാക്കി .കാര്‍ത്തികേയന്‍ എത്തി. കാപ്പികുടി കഴിഞ്ഞു പറമ്പിലേക്കിറങ്ങി. ഞാന്‍ പുറകെ കൂടി.
"എന്താ കുഞ്ഞേ ഇന്നു കാല്ലെജ് ഇല്ലേ?" വിഷയം ഉണ്ടാക്കി ഞാന്‍ ചോദിച്ചു, ''തെങ്ങ് മൊത്തം മണ്ടരി ആയല്ലേ? ''
"അതെ കുഞ്ഞേ, എന്തുപറ്റി പറമ്പിലോട്ട് ഒക്കെ ? പിന്നെ മോന് ഇതിന്റെ ആദായം കൊണ്ടൊന്നും ജീവിക്കേണ്ട ഗതികെടില്ലല്ലോ? പഠിച്ചു അച്ഛനെ പ്പോലെ വലിയ എഞ്ചിനീയര്‍ ആയാമതി."
"ങാ..." സംസാരത്തിലെ താല്‍പ്പര്യക്കുറവു ഞാന്‍ മുഖത്ത് കാട്ടിയില്ല.
"കാര്‍ത്തിയേട്ടാ, തെക്കേ പറമ്പിലെ തടം എടുത്തു കഴിഞ്ഞോ?" സംസാരം പതിയെ തെക്കേ പറമ്പിലേക്കും ,മരിച്ചുപോയ വറീത്‌ മാപ്പിളയിലേക്കും ഞാന്‍ എത്തിച്ചു. പുള്ളിക്കാരന്‍ എന്തെങ്കിലും കിട്ടിയാല്‍ പിന്നെ തൂമ്പ താഴെ വച്ചു പ്രഭാഷണം തുടങ്ങും. ഒടുവില്‍ വറീത്‌ മാപ്പിളയുടെ മകളുടെ പേരു സംസാരത്തിനിടക്ക്‌ പറഞ്ഞു. ഞാന്‍ പേരു എടുത്തു ചോദിച്ചു.
"മെര്‍ലിന്‍ എന്നാ കുഞ്ഞേ ..."
മെര്‍ലിന്‍ ...... എന്റെ തല ചുറ്റുന്ന പോലെ തോന്നി. എന്റെ മുന്നില്‍ കംപ്യുട്ടര്‍ സ്ക്രീന്‍ തെളിഞ്ഞു. എനിക്ക് ചുറ്റും ഇരുട്ട് മാത്രം. എന്റെ കണ്ണുകളില്‍ വെളിച്ചത്തിന്റെ ചതുരങ്ങള്‍.
പാസ് വേഡ് അടിച്ചു , അടിച്ചത് തുറക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഞെട്ടിയില്ല.
അച്ഛന്റെ തലച്ചോറില്‍ കയറി ബന്ധങ്ങളുടെയും സുഹൃത്ത് വലയങ്ങളുടെയും ഫയലുകള്‍പരിശോധിക്കുന്നതുപോലെ തോന്നി. എന്റെ എഴുത്തുകള്‍ മാത്രമെ അച്ചന് കിട്ടിയിട്ടുള്ളൂ.
പക്ഷെ അതൊന്നും തുറന്നു നോക്കിയിട്ടില്ല !!!
ഞാന്‍ വര്‍ഷങ്ങള്‍ പഴയ മെഇലുകള്‍ പരിശോധിച്ചു . അച്ഛന്‍ മരിച്ചത് അറിയാത്ത കൂട്ടുകാര്‍ അയച്ച എഴുത്തുകള്‍.ആ എഴുതുകള്‍ക്കിടയില്‍ ഞാന്‍ ഒരു പേരു കണ്ടു."മെര്‍ലിന്‍ ". ഞാന്‍ ആര്‍ത്തിയോടെ അന്വേഷിച്ചു നടന്ന ആ പേര് എന്നെ ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ആ മെയില്‍ തുറക്കാനുള്ള ശേഷി ഞാന്‍ സംഭരിച്ചു ......... തുറന്നു.
"നാട്ടില്‍ ഓണത്തിന് വരുമ്പോള്‍ രണ്ടു ദിവസം ഇവിടെയും നില്‍ക്കണം. മോള്‍ അച്ഛനെ കാണാന്‍ തുള്ളി നില്‍ക്കുകയാണ്‌. അവള്‍ക്കു നിങ്ങള്‍ വരുമ്പോള്‍ ഒരു സാധനം......."
തുടര്‍ന്നു വായിക്കാന്‍ എനിക്കായില്ല.
"ഞാന്‍...., എനിക്കിനി....." ചിന്തകള്‍ കുരുങ്ങി നിന്നു.
ഞാന്‍ കംപ്യുട്ടര്‍ നിര്‍ത്തി.
മനസ്സിനെ പറഞ്ഞു മനസിലാക്കാന്‍ രണ്ടു ദിവസം വേണ്ടിവന്നു . ആര്‍ക്കും അറിയാത്ത സത്യം കണ്ടു പിടിച്ചതില്‍ സന്തോഷമാണോ, ദുഖമാണോ എന്നറിയില്ല. എനിക്ക് കുറ്റബോധം തോന്നേണ്ട ആവശ്യം ഉണ്ടോ? ഈ സത്യം എന്നില്‍ തന്നെ ഒതുങ്ങട്ടെ...അമ്മ ഇതു അറിയരുത് .ആരും ഇതു അറിയരുത്..
ഇതൊന്നും അറിയാത്തവനെ പോലെ അച്ചന് വീണ്ടും ഞാന്‍ മെയിലുകള്‍ അയച്ചു. പക്ഷെ മറുപടികള്‍ വന്നില്ല .അയാളുടെ ഇ-മെയില്‍ അക്കൌണ്ടിന്റെ കാലാവധി തീര്‍ന്നു. അങ്ങിനെ അയാളുടെ ഹൃദയത്തിനോപ്പം മസ്തിഷ്ക്കവും മരിച്ചു.