സർപ്പിളാകൃതിയിലാണ് ഉപനിഷത് മന്ത്രങ്ങളുടെ ചിന്ത. സാധാരണ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ചിന്തകളുടെ സഞ്ചാരം ഒന്നുകിൽ രേഖീയമായിരിക്കും. അല്ലെങ്കിൽ ലംബമോ തിരശ്ചീനമോ ആയിരിക്കും. ഒരു രേഖയിലൂടെ നേരെ പോകുന്നതിന് തുടർച്ചയും ഉദ്ദേശിക്കപ്പെട്ട സ്ഥാനവുമുണ്ട്. ലംബമായതിനും തിരശ്ചീനമായതിനും ഈ സ്വഭാവമുണ്ട്.
ചിന്തകളുടെ ലഘുകരണവും പ്രായോഗികതയുമാണ് ,നാം ഗദ്യത്തിലും പദ്യത്തിലും കാണുക. എന്നാൽ ചിന്തകളെത്തന്നെ അന്വേഷിക്കുകയും നിഷേധിക്കുകയും ,അതേസമയം അതീതമായ ചിന്തയെയും ഭാഷയെയും അന്വേഷിക്കുകയും ചെയ്യുന്നത് തത്ത്വചിന്തയെ തന്നെ നിരാകരിക്കുന്നത് പോലെയാണ്. രേഖീയമായിട്ടല്ല അതിന്റെ ആലോചനകൾ നീങ്ങുന്നത്; സർപ്പിളാകൃതിയിലാണ്. പുറമേ നിന്ന് സ്വയം വലംവെച്ച് ഉള്ളിലേക്ക് വൃത്താകാരത്തിൽ ആണ്ടുപോകുന്ന ചിന്തയാണിത്. ഇതിനു കാരണം പുറംലോകത്ത് ഒന്നും തന്നെ അന്വേഷിക്കാനില്ലെന്ന ദര്‍ശനമാണ്.
ഉപനിഷത്തിനെ അന്വേഷിക്കുന്നതിനേക്കാൾ പ്രധാനമായി തോന്നുന്നത് ഉപനിഷത് ഇഴ ചേർന്നു നിൽക്കുന്ന ബാഹ്യലോകത്തിന്റെ സാന്നിദ്ധ്യമാണ്. ബാഹ്യലോകം ഉണ്ടോ?. ഉണ്ടെന്ന തോന്നലാണോ? ഉണ്ടെന്നു തോന്നിപ്പിക്കുന്നത് യാഥാർത്ഥ്യമാണോ? തോന്നലിനു കാരണമായ നമ്മൾ ഉണ്ടോ? നാം അതിവേഗം ചലിക്കുന്നതുകൊണ്ടാണ് നമുക്ക് ഒരു ലോകമുണ്ടാകുന്നത്. നാം നിശ്ചലമായാൽ നമ്മുടെ ലോകവും മിഥ്യയായിത്തീരും. മാണ്ഡൂക്യോപനിഷത്തിൽ പറയുന്നുണ്ടല്ലോ, മിഥ്യാവസ്ഥയെക്കുറിച്ച് നാം സ്വപ്നം കാണുന്നതും അനുഭവിക്കുന്നതും ഉണരുമ്പോഴില്ല. അലാതം ചുഴറ്റിയാൽ നാം കാണുന്ന തീവൃത്തം, അലാതം നിശ്ചലമായാൽ ഇല്ല. നമ്മുടെ മനസ്സ് ഒരു തീക്കൊള്ളിയാണോ? അസ്തിത്വമെന്ന തീ പിടിക്കുന്നതോടെ നാമെല്ലാം ഏതോ ശക്തിയാൽ ചലിച്ചു തുടങ്ങുന്നു. നമുക്കുപോലും അപ്രതിരോധ്യമായ ചലനം. ആ ചലനത്തിൽ നാം പങ്കു പറ്റുന്ന അറിവുകൾ, സ്വപ്നങ്ങൾ, പ്രേമങ്ങൾ, പരിചയങ്ങൾ, ബുദ്ധികൾ എല്ലാം പിന്നീട് നിസ്സഹായമായി, നമ്മുടെ മറ്റൊരവസ്ഥയിൽ, കാഴ്ചക്കാരായി നിൽക്കുന്നതു കാണാം. അസ്തിത്വത്തിന്റെ ഏകാന്തതയുടെ അതിതീവ്രമായ അവസ്ഥയിലേക്കുള്ള യാത്രയിലാണ് ഓരോരുത്തരും. നാം പല രൂപങ്ങളിലും പല സ്വരങ്ങളിലും അനുഭവിക്കുന്ന ഈ ലോകം ഒന്നിൽ നിന്നുണ്ടായതാണെന്നും ആ ഒന്നിനെ തിരഞ്ഞ് സർപ്പിളാകൃതിയിൽ തന്നിലേക്കു തന്നെ പോകുകയാണെന്നുമാണ് ഉപനിഷത്തിന്റെ ഉത്ബോധനപരമായ പ്രക്രിയ.
സമസ്ത വർണ്ണങ്ങൾക്കും ശബ്ദങ്ങൾക്കും അപ്പുറത്തുള്ള 'ഏകമേവാദ്വിതീയ'ത്തെപ്പറ്റിയാണ് ചാന്ദോഗ്യോപനിഷത്തിലും പറയുന്നത്. ഉള്ളിലേക്ക് വീണ്ടും വീണ്ടും ചൂഴ്‌ന്നു ചെല്ലുന്ന ചിന്താശൈലിയാണ് മനസ്സിലുള്ളത്. ഒരിക്കലും കാണാത്തത് ഉണ്ടെന്നു തോന്നിപ്പിക്കുന്നതിനെ തിരഞ്ഞു ചെല്ലുകയാണ്.
സ്വപ്നത്തിൽ നാം കാണുന്ന ലോകം എവിടെ നിന്ന് ഉയിർകൊണ്ട് എങ്ങോട്ടു പോകുന്നുവെന്ന ചോദ്യം മാണ്ഡുകോപനിഷത് പരിഹരിക്കുന്നത് അവ എവിടെ നിന്നും വരുന്നില്ല, എങ്ങോട്ടും പോകുന്നില്ല എന്ന ഉത്തരം നൽകിയാണ്. എന്നാൽ ഈ പാരമാര്‍ത്ഥിക ലോകത്തിൽ അചഞ്ചലമായി നിൽക്കുന്ന ഒന്നുണ്ട്: അത് ബ്രഹ്മമാണ്. എപ്പോഴും ചലിച്ച് ഭ്രമാത്മകതയിൽ മുഴുകുന്ന നമുക്ക് അത് അറിയാനൊക്കില്ല. എല്ലാ ചരാചരങ്ങളുടെയും അസ്തിത്വപരമായ പ്രഹേളികാസംവാദമെല്ലാം ബ്രഹ്മത്തിൽ ചെന്നേ അവസാനിക്കുകയുള്ളു എന്നാണ് ഉപനിഷത് നൽകുന്ന സൂചന.
എല്ലാം വൈരുദ്ധ്യങ്ങളും മനുഷ്യഭേദങ്ങളും ബ്രഹ്മത്തിൽ ലയിക്കുന്നതോടെ ഇല്ലാതാകുമെന്ന അനുഭവമാണ് ഉപനിഷത നൽകുന്നത്.
ആധുനിക സാഹിത്യത്തിലും തത്ത്വചിന്തയിലും അനുഭവ വ്യാഖ്യാനത്തിൽ വലിയ വഴിത്തിരിവ് സൃഷ്ടിച്ച ഉത്തരാധുനികതയിലും, ഉപനിഷത്ത് ദർശനത്തിന്റെ അമീബിയൻ ബഹുലോകവീക്ഷണങ്ങളെ കാണാനാകും. ഉപനിഷത്തും ഉത്തരാധുനികതയും, ലോകവീക്ഷണത്തിലും ചിന്താവ്യാഖ്യാനത്തിലും ചിലയിടങ്ങളിൽ ഒരേ ലോകവീക്ഷണത്തിലേക്കു വരുന്നുണ്ട്. ഒരു ശൈലിയിലും വിശ്വസിക്കാതിരിക്കുകയും എല്ലാ പ്രത്യയശാസ്ത്രങ്ങളെയും നിരാകരിക്കുകയും എല്ലാത്തിനെയും പരിഹസിക്കുകയും ക്രമങ്ങളെ തെറ്റിക്കുകയും ലോകത്തെ ശിഥിലമായി കാണുകയും പാരമ്പര്യത്തെ തള്ളിപ്പറയുകയും സാങ്കൽപികതയുടെ തന്നെ സാങ്കൽപികതയിൽ ഊന്നുകയും ലോകത്തിന്‍റെ അർത്ഥശൂന്യതയെ മറികടക്കാൻ കളികളിലേർപ്പെടുകയും ചെയ്തുകൊണ്ടാണ് ഉത്താരാധുനികത അവതരിച്ചത്. ഈ ലോകത്തെ മായികമായ ലീലയായാണ് ഉപനിഷത്തും കാണുന്നത്. ജഗത്ത് തന്നെ മിഥ്യയാണ്. ഉണ്ടെന്നു തോന്നുന്ന ചില യാഥാർത്ഥ്യങ്ങളോടാണ് മനുഷ്യൻ പ്രതികരിക്കുന്നതെന്ന് ഉപനിഷത്ത് പറയുന്നു. ബഹുരൂപങ്ങളെ അഭിദര്‍ശിക്കുന്ന ഉത്തരാധുനികത, അതിന്റെ പാരമ്യത്തിൽ ഭേദബുദ്ധിയെ പരിഹസിക്കുകയാണ്.
ഭേദബുദ്ധിയുള്ളവർക്ക്, നാശമാണ് കഠോപനിഷത് നൽകുന്ന ശിക്ഷ. അവ്യയമായ ആത്മാവിനെ പലതായി കാണുന്നതിന്റെ പ്രതിസന്ധികളാണ് ഉപനിഷത് ചർച്ച ചെയ്യുന്നത്. അവ്യവസ്ഥ കൊണ്ടു മാത്രം ഉണ്ടാക്കപ്പെട്ട ലോകത്ത് ഓരോരുത്തരും കണ്ടുപിടിക്കുന്ന ആഖ്യാനങ്ങൾ, കാൽപനിക വ്യവസ്ഥകളാണ് അതിജീവനത്തിനു സഹായിക്കുന്നതെന്ന് ഉത്തരാധുനികർ വാദിക്കുന്നു. അതിജീവനം ഉപനിഷത്തും പരമപ്രധാനമായി കാണുന്നു. എല്ലാറ്റിനും അതീതമായ ഒന്നിനെ ലക്ഷ്യസ്ഥാനമായി അത് പ്രഖ്യാപിക്കുന്നുമുണ്ട്. കണ്ണിന്റെയും മനസ്സിന്റെയും വാക്കിന്റെയും കളികളിൽ ഏർപ്പെടുകയാണ് ഭൗതിക മനുഷ്യർ ചെയ്യുന്നത് കേനോപനിഷത് ഇവിടെയാണ് ജാഗ്രത നിർദ്ദേശിക്കുന്നത്. വാർത്താ മാധ്യമങ്ങളുടെ ചടുലത കൊണ്ട് ആഗോളവൽക്കരിക്കപ്പെട്ട ഈ കാലത്ത് നാം അതിനു പകരമായി കൊടുക്കുന്നത് അവമൂലമുണ്ടായ യാഥാർത്ഥ്യം തന്നെയാണെന്ന് പ്രമുഖ ഉത്തരാധുനിക ചിന്തകനായ ഡേവിഡ് ലിയോൺ പറയുന്നുണ്ട്. ബഹുരൂപങ്ങളുടേയും നാമങ്ങളുടേയും മോഹിപ്പിക്കുന്ന സംസാരപ്രവാഹത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെയാണ് നാം ബലികഴിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. യാഥാർത്ഥ്യങ്ങൾ മനുഷ്യരെ നാഡീരോഗങ്ങളിൽ കൊണ്ടെത്തിക്കുകയും നമ്മെ ആത്മാവിന്‍റെ നശ്വരതയെ കുറിച്ചുള്ള ചിന്തകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ആഗോളവൽക്കരണ ഫലമായി യാഥാർത്ഥ്യം സാമാന്യവൽക്കരിക്കപ്പെടുകയും മാനവികതയെ പറ്റിയുള്ള സ്ഥിരമായ അവബോധങ്ങൾ അദൃശ്യവൽക്കരിക്കപ്പെടുകയും ചെയ്തതായി റോളാങ്ങ് റോബേര്‍ട്സണ്‍ വിശദീകരിച്ചിട്ടുണ്ട്. നഷ്ടപ്പെടുന്ന യാഥാർത്ഥ്യത്തിന്റെ അകന്നുപോക്കിനെ ഓർത്താണ് ഉത്തരാധുനികത കുഴയുന്നത്; ഉപനിഷത്തിലാകട്ടെ യാഥാർത്ഥ്യത്തെ ബ്രഹ്മമായി ദർശിക്കുന്നു.
സകലതും നേടാനാഗ്രഹിക്കുന്നത് ഈ ബ്രഹ്മമാണെന്ന് ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നു. അതാകട്ടെ ആർക്കും നേടാനുമാകുന്നില്ല .ഫലത്തിൽ നാമെല്ലാം മായക്കാഴ്ച്ചകളുടെ ലീലയിൽ മുഴുകുകയാണ്. പ്രമുഖ സൈദ്ധാന്തികനായ ഷാഖ് ദെറിദയുടെ കാഴ്ചയില്‍ , സത്യമോ അസത്യമോ ഇല്ലാത്ത വെറും അടയാളങ്ങളുടെ ഈ ലോകത്ത് വ്യാഖ്യാനത്തിലൂടെ ഒരു അർത്ഥോൽപാദനത്തിന് നാം വിധിക്കപ്പെട്ടിരിക്കുന്നു എന്ന ചിന്ത തെളിഞ്ഞു കാണാം. ഈ നശ്വര ലോകത്തിലെ ജീവിതത്തിന് ഉപനിഷത്ത് യാതൊരു വിലയും കൽപിക്കുന്നില്ല. ഉന്നതമായ ഏതോ ഒന്നിനെ മറച്ചുവെച്ചിരിക്കുന്ന പ്രപഞ്ചമാണിത്. അതിർത്ഥം അർത്ഥത്തെ യാതൊന്നും വഹിക്കുന്നില്ല. അർത്ഥത്തെ തേടി കണ്ടു പിടിക്കേണ്ടത് അതിനെ അന്വേഷിക്കുന്നവന്റെ ചുമതലയാണ്. ദെറിദയും ഇത് തന്നെ സ്ഫുടീകരിക്കുന്നു. അർത്ഥമുണ്ടാകുന്നത് വ്യാഖ്യാനിക്കുമ്പോഴാണെന്നും വാക്കുകളെ സന്ദർഭത്തിൽ നിന്നു വിച്ഛേദിച്ച് വേറിട്ട അർത്ഥത്തിനായി നാം ഇറങ്ങി തിരിക്കണമെന്നുമാണ് ദെറിദ ഭാഷാശാസ്ത്രത്തിൽ ഇടപെട്ടുകൊണ്ട് പ്രഖ്യാപിക്കുന്നത്. യഥാർത്ഥമായ അർത്ഥമേ ഇല്ല. നാം ആരായേണ്ട അർത്ഥമേയുള്ളു എന്നതാണ് ദെറിദയുടെ നിലപാട്. ദൈവരാഹിത്യമെന്ന മുൻധാരണയിൽ ദെറീദയുടെ ചിന്ത ബന്ധിച്ചിട്ടിരിക്കുന്നതുകൊണ്ട് നമുക്ക് വ്യത്യസ്തമായിതോന്നും. എന്നാൽ ഉപനിഷത്തിൽ പറയുന്നതുപോലെയുള്ള അതീതമായ അർത്ഥത്തിനു തുല്യമായ ഒരു യാഥാർത്ഥ്യത്തിന്റെ അകന്നിരിക്കൽ ദെറിദയുടെ ചിന്തയും അംഗീകരിക്കുന്നുണ്ട്.
ഉപനിഷത്തിൽ ജീവിതദൃശ്യങ്ങളുടെയെല്ലാം ഉള്ളിൽ ഒരേയൊർത്ഥമേയുള്ളു. അത് അതീതമായതാണ്. അപാരമായ ഏകത്വത്തിൽ നിന്ന് വിഭിന്നമായ മറ്റൊരർത്ഥവുമില്ലെന്നാണ് ഉപനിഷത്തിന്റെ നിലപാട്. ഏതൊന്നറിഞ്ഞാൽ എല്ലാം അറിയുമോ എന്നതാണ് ചോദ്യം .അല്ലെങ്കില്‍ ഭാഷക്കുള്ളിൽ തന്നെ ഒരു വ്യാഖ്യാതാവിന്റെ ആവശ്യകതയിരിക്കുന്നു എന്ന് ദെറിദ പറയുമ്പോൾ ഭാഷ മൗലികമായി യാതൊരു അർത്ഥത്തെയും സ്ഥാപിക്കുന്നില്ല എന്നാണ് അര്‍ത്ഥം. ഒരു വ്യാഖ്യാനത്തില്‍ പല അർത്ഥങ്ങളുണ്ടാകാം. എന്താണോ ഉദ്ദേശിച്ചതു അത് വ്യാഖ്യാനമാണ് .. പറയുന്നതാകട്ടെ നേരത്തെ പലപ്പോഴായി പറഞ്ഞിട്ടുള്ള അർത്ഥങ്ങളുമാണ്. ഒരു നിശ്ചിതാർത്ഥം വേണമെന്നുള്ളവർക്ക് താൽപര്യമുണ്ടാകും. അതേ സമയം വായിക്കുന്നവർക്ക്, കേൾക്കുന്നവർക്ക് മറ്റൊരു അർത്ഥത്തെ സൃഷ്ടിക്കാനുള്ള അവസരവുമുണ്ട്. ഇതിലൂടെ ദെറിദ ജീവിത യാഥാർത്ഥ്യത്തെ കുറിച്ചുള്ള അനിശ്ചിതാവസ്ഥ ഭാഷാപരമായ അപനിർമ്മാണത്തിലൂടെ വ്യക്തമാക്കുകയാണ്. ജീവിതത്തിന്റെ അർത്ഥശൂന്യതയെ ആണ് അദ്ദേഹം സ്പർശിച്ചത്. അതിനെ എതിരിടുന്നതിനു നാം പുതിയ അർത്ഥമുണ്ടാക്കുകയും ചെയ്യുന്നു.
post post modernism