Friday, September 11, 2009

വിഷമസന്ധി-മാത്യു നെല്ലിക്കുന്ന്‌


ഏതാനും വർഷങ്ങളായി അവളുടെ സംരക്ഷണയിലും തണലിലുമാണ്‌ അയാൾ കഴിയുന്നത്‌. ഇറങ്ങിപ്പോകണമെന്ന്‌ ഒരിക്കലും അവൾ പറഞ്ഞതായി ഓർക്കുന്നില്ല. അങ്ങനെ പറയാത്തതെന്തെന്ന്‌ ആലോചിക്കുമ്പോൾ അയാൾക്ക്‌ അത്ഭുതം.
അവൾ എന്നും രാവിലെ ഉണർന്ന്‌ കാപ്പി തയ്യാറാക്കിക്കൊടുക്കും. കുട്ടികൾ വലുതായതുകൊണ്ട്‌ അവരെ ഒരുക്കി സ്കൂളിൽ വിടേണ്ട ഭാരമില്ല. വീടു വൃത്തിയാക്കുക, പാചകം ചെയ്യുക തുടങ്ങിയ വീട്ടുജോലികളെല്ലാം അവൾതന്നെയാണു ചെയ്യുന്നത്‌.
കാപ്പി കുടിക്കുന്നതിനും ടെലിവിഷൻ കാണുന്നതിനുമിടയ്ക്കൊക്കെ അയാൾ ഫോണിൽ പലരുമായി സംസാരിക്കുന്നതു കേൾക്കാം.
'എന്തിനാണ്‌ നിങ്ങളിങ്ങനെ മറ്റുള്ളവരെ വിമർശിക്കുന്നത്‌?' അവൾ ചിലപ്പോൾ ചോദിക്കും. അയാൾ അതു കേൾക്കാത്തത്തായി ഭാവിക്കും.
സൂര്യനുദിക്കുന്നതിനും മുമ്പേ തൊഴിൽസ്ഥലത്തേക്കു പുറപ്പെടുന്നതിന്റെ ബദ്ധപ്പാടുകളിൽ അവൾ മുഴുകുന്നു. ഭക്ഷണപ്പൊതിയുമായി അവൾ തിടുക്കത്തിൽ പടിയിറങ്ങുമ്പോൾ അയാൾ മൗനത്തിന്റെ തിരശ്ശീലയ്ക്കുപിന്നിൽ ഒളിക്കുകയാണ്‌ പതിവ്‌. എങ്കിലും ഇത്രയും വിളിച്ചുപറയാൻ അവൾ മറക്കാറില്ല:'ഞാനിറങ്ങുന്നു. നാളെക്കാണാം.' അയാളുടെ സമ്മതത്തിനു കാത്തുനിൽക്കാതെ അവൾ വേഗത്തിൽ കാറോടിച്ചു പോകും. അയാൾ നോക്കി നിൽക്കും.
ജോലിസ്ഥലത്തെ കഷ്ടപ്പാടുകൾ ഏറിയപ്പോൾ പലപ്പോഴും അവൾ ഫോണിലൂടെ കരഞ്ഞു. അയാൾക്കു മറുപടിയുണ്ടായിരുന്നില്ല. പഠനം പൂർത്തിയാകാത്ത കുട്ടികളുടെ ചിലവുകൾ വഹിക്കേണ്ടതും വീടിന്റേയും കാറിന്റെയും ഭാരിച്ച കടങ്ങൾ വീട്ടേണ്ടതുമെല്ലാം അവളുടെ വരുമാനത്തിൽനിന്നുമാത്രം.
കഴിഞ്ഞ മുപ്പതുകൊല്ലമായി അവൾ ഒരേ തൊഴിൽ മുടക്കം കൂടാതെ യന്ത്രത്തെപ്പോലെ ചെയ്യുകയാണ്‌. അന്ന്‌ സ്വന്തം കുടുംബത്തെയും സഹോദരങ്ങളെയും കരപറ്റിക്കാൻവേണ്ടി. ഇന്ന്‌ ഭർത്താവിനും കുട്ടികൾക്കും വേണ്ടി. എന്നും അലച്ചിൽ മാത്രം.
ജോലി ചെയ്യുന്ന ആശുപത്രിയിലെ അധികാരികളുടെ കുത്തുവാക്കുകൾ അവൾക്ക്‌ താങ്ങാവുന്നതിലേറെയായിരുന്നു. ചെറിയ കുറ്റത്തിനുപോലും വലിയ ഒച്ചപ്പാടുകളും ശിക്ഷണനടപടികളും നേഴ്സിങ്ങിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാത്ത കച്ചവടസ്ഥലങ്ങൾ. പണത്തിനും പദവിക്കുംവേണ്ടി പുറകിൽ കുത്തുന്ന സഹപ്രവർത്തകർ. എന്നും സുഗന്ധം പരത്തുന്ന ആതുരസേവനത്തിന്റെ വെളുത്ത പൂക്കൾ. ദുഃഖങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവർക്കുവേണ്ടി ചിരിച്ചു.
അയാളുടെ അവസ്ഥയും പരിതാപകരമായിരുന്നു. വംശീയവാദിയായ പുതിയ മേലുദ്യോഗസ്ഥന്റെ ധിക്കാരം അയാളെ ശ്വാസം മുട്ടിച്ചു. നിറവും ഭാഷയും നോക്കി മനുഷ്യനെ വേർതിരിക്കുന്ന ആ മനുഷ്യാധമന്റെ കീഴിൽ പണിയെടുക്കുന്നതിലും ഭേദം പട്ടിണി കിടന്നു മരിക്കുകയാണെന്ന്‌ അയാൾക്കു തോന്നി. ഒടുവിൽ രാജിക്കത്ത്‌ മേലാളിന്റെ മുഖത്തെറിഞ്ഞപ്പോൾ മാത്രമാണ്‌ അയാൾക്ക്‌ അൽപം ആശ്വാസം ലഭിച്ചതു.
അതിനുശേഷം അയാൾ എവിടെയും ജോലി തേടിയില്ല. മറ്റുള്ളവന്റെ നന്ദികേടും അവഗണനയും എത്രകാലം സഹിക്കാനാവും? ജോലിക്കു പോവാത്തതിന്‌ അയാൾക്കു തന്റേതായ ന്യായങ്ങളുണ്ടായിരുന്നു.
പോസ്റ്റുമാൻ അനേകം ബില്ലുകളുമായി വന്നപ്പോൾ അയാൾ നിർവികാരനായിരുന്നു. മാസാവസാനം ഇതെല്ലാം എങ്ങനെ അടച്ചു തീർക്കും?
അവൾ മൗനം ഭഞ്ജിച്ചു: 'ഞാൻ മറ്റൊരു ജോലി തേടുന്നുണ്ട്‌'.
അങ്ങനെ ആഴ്ചയിൽ ഏഴു ദിവസവും അവൾ പണിക്കുപോവാൻ തുടങ്ങി. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടത്‌ അവൾ മാത്രമായി. ഇപ്പോൾ, പണിസ്ഥലത്തെ പുതിയ സംഭവവികാസങ്ങൾ എല്ലാ പ്രത്യാശകൾക്കും മങ്ങലേൽപ്പിച്ചിരിക്കുന്നു...
ഫോൺ ബെല്ലടിച്ചപ്പോൾ അയാൾ പതിവുപോലെ ടി.വി.യുടെ മുന്നിലായിരുന്നു. അവളുടെ വാക്കുകൾ അയാൾ ശ്രദ്ധയോടെ കേട്ടു. 'എനിക്ക്‌ ഈ പണി ഇനിയും ഇവിടെ തുടരാനാവില്ല. വൃത്തികെട്ട മനുഷ്യർ... ഞാൻ രാജിക്കത്തു കൊടുത്തു...വീട്ടിലേക്കു വരുന്നു'. അവൾ സംസാരിച്ചുകഴിഞ്ഞിട്ടും അയാൾ റിസീവർ കൈയിൽവച്ച്‌ ഏറെനേരം ചിന്തിച്ചിരുന്നു.