ദസ്തയവ്സ്കി ഭാഷാന്തരം : വേണു വി.ദേശം
യാത്രാസ്മൃതി
വേനൽപ്രതീതികളെക്കുറിച്ചുള്ള ഹേമന്തക്കുറിപ്പുകൾ
ഉടൻ പ്രസിദ്ധീകരിക്കുന്ന ദസ്തയവ്സ്കിയൻ യാത്രാവിവരണത്തിന്റെ ആദ്യാദ്ധ്യയം.
എന്റെ വിദേശവാസത്തെക്കുറിച്ചുള്ള പ്രതീതികൾ വിവരിക്കുവാൻ സുഹൃത്തുക്കളേ, നിങ്ങൾ കുറച്ചു മാസങ്ങളായി തിരക്കു കൂട്ടുന്നു. ഞാൻ നിങ്ങൾക്കു വേണ്ടി എന്തെഴുതും? നിങ്ങൾക്ക് അജ്ഞാതമായതും ഇതുവരെ പുതുതായി പറയപ്പെട്ടിട്ടില്ലാത്തതുമായ എന്തുണ്ട്? നാം റഷ്യാക്കാരെ സംബന്ധിച്ചിടത്തോളം (അതായത് പത്രമാസികകൾ വായിക്കുന്നവരെ സംബന്ധിച്ചിടത്തോളമെങ്കിലും) റഷ്യയെക്കുറിച്ചറിയാവുന്നതിലുമിരട്ടി യൂറോപ്പിനെക്കുറിച്ചറിയാം.
ഇവിടെ 'ഇരട്ടി'എന്ന് ഞാനുദ്ദേശിച്ചതു ഉപചാരമായി കരുതിയാൽ മതി -സത്യത്തിൽ യൂറോപ്പിനെപ്പറ്റി നിങ്ങൾക്ക് പത്തിരട്ടിയറിയാം. കൂടാതെ ഈ സാധാരണ പരിഗണനകൾക്കപ്പുറം എനിക്ക് മറ്റൊന്നും വിശേഷിച്ച് വിശദീകരിക്കുവാനുണ്ടാവില്ലെന്നും നിങ്ങൾക്കറിയാം.
കാരണം ഞാൻ വ്യക്തമായും വേണ്ടപോലെയും ഒന്നും നിരീക്ഷിച്ചിട്ടില്ല. എനിക്കതിനൊന്നും വേണ്ടത്ര സമയം ലഭിച്ചതുമില്ല. ഞാൻ ബർലിൻ, ഡ്രസ്ഡൻ, വിസ്ബേദൻ, ബേദൻ-ബേദൻ, കൊളോഗ്നെ, പാരീസ്, ലണ്ടൻ, ലൂസേൺ, ജെയിനെവ, ജനോവ, ഫ്ലോറൻസ്, മിലാൻ, വിയന്ന -ഇവിടങ്ങളിലൊക്കെ പോയിരുന്നു. ചിലേടങ്ങളിൽ രണ്ടു വട്ടവും. ഇത്രയും നാടുകളിൽ ഞാൻ സഞ്ചരിച്ചതു ആകെ രണ്ടരമാസക്കാലം കൊണ്ടാണെന്നോർക്കുമല്ലോ. പീറ്റേര്ഴ്സ്ബർഗ്ഗിലാണെങ്കിൽപ്പോലും ഞാൻ ഒരു അലച്ചിലുകാരനെപ്പോലെയാണെന്ന് നിങ്ങളോർമ്മിക്കുമല്ലോ. എന്റെ ആദ്യാവേശം അതാണ്.
ഞാനിതിനുമുമ്പൊരിക്കലും വിദേശസന്ദർശനം നടത്തിയിട്ടില്ല, കുട്ടിക്കാലംതൊട്ടേ മോഹിച്ചിരുന്നുവേങ്കിലും, വായന ആരംഭിക്കുന്നതിനുമുമ്പ് ഞാനെന്റെ നീണ്ട ഹേമന്ത സായാഹ്നങ്ങൾ ചെലവഴിച്ചിരുന്നത് അച്ഛനുമമ്മയും റാഡ്ക്ലിഫിന്റെ നോവലുകൾ വായിക്കുന്നത് കേട്ടിരുന്നുകൊണ്ടാണ് അവരുടെ വായന കിടക്കാറാവുന്നിടത്തോളം നീണ്ടിരുന്നു.
ഞാൻ ഹർഷോന്മാദത്താലും ഭയത്താലും മരവിച്ച് വാ പൊളിച്ച് ആ വായന കേട്ടു പോന്നു. നിദ്രയിൽ ഞാൻ വായിച്ചു കേട്ട രംഗങ്ങൾ ജ്വരഭ്രാന്തിയോടെ ആവർത്തിച്ചു. ഒടുവിൽ 40-ാം വയസ്സിൽ എന്റെ ക്ഷമനശിച്ച് ഞാൻ വിദേശത്തേക്കുപോയി. സമയം കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളുവേങ്കിലും ഞാൻ കഴിയുന്നത്ര എല്ലാം, അതായത് സകലതും കാണാൻ ആഗ്രഹിച്ചു. സന്ദർശിക്കേണ്ട ഇടങ്ങൾ ഏതൊക്കായവണമെന്ന് ശാന്താമായിരുന്നാലോചിക്കുവാൻ എനിക്കു സാധിച്ചില്ലതാനും. ദൈവമേ! ആ യാത്രകളിൽ നിന്നും ഞാനെന്തൊക്കെത്തന്നെ ആഗ്രഹിച്ചില്ല!
എനിക്ക് വിശദമായൊന്നും പഠിക്കാൻ സാധിച്ചില്ലെങ്കിൽത്തന്നെയും ഞാൻ എല്ലായിടത്തും സന്ദർശിക്കുകയും സകലതും കാണുകയും ചെയ്യുമെന്നും കണ്ടതിൽ നിന്നെല്ലാം ഒരു സമഗ്രചിത്രം സ്വരൂപിക്കുവാനെനിക്കു കഴിയുമെന്നും മുമ്പേ ഞാൻ കരുതിയിരുന്നു. ഒരു തരം സർവ്വദിങ്ങ്ദർശനമായിരുന്നു എന്റെ സങ്കൽപ്പം തന്നെയും. പൊടുന്നനെയാവും ദിവ്യാത്ഭുതങ്ങളുടെ ലോകം എന്റെ മുന്നിൽ വിടർന്നുവരിക. ഒരു മലയുടെ മുകളിൽ നിന്നും വാഗ്ദത്തഭൂമി ഒരു പക്ഷിക്കണ്ണാൽ ദർശിക്കും പോലെ. ഒറ്റവാക്കിൽപ്പറഞ്ഞാൽ നവവും അത്ഭുതജനകവും ശക്തവുമായ ഒരു പ്രതീതി ഞാൻ സ്വന്തമാക്കും". എന്നാൽ ഇപ്പോൾ ഞാൻ വീട്ടിലിരുന്ന് എന്റെ വേനൽക്കാല യാത്രകളെക്കുറിച്ചുള്ള ഓർമ്മകളെ തിരിച്ചുവിളിക്കുമ്പോൾ എന്നെ ഏറ്റവുമധികം ദുഃഖിയാക്കുന്നതെന്താണെന്നറിയാമോ? ഞാൻ യാത്രയിൽ വിശദമായി ഒന്നും നിരീക്ഷിച്ചില്ല എന്ന വസ്തുതയല്ല-ഞ്ഞാൻ മിക്കയിടത്തും പോയിട്ടും റോമിൽ പോകാൻ ശ്രമിച്ചില്ലല്ലോ എന്ന കാര്യമാണ്.
എന്നാൽ റോമിൽപ്പോയിരുന്നെങ്കിൽത്തന്നെയും ഞാൻ പോപ്പിനെ മറന്നുപോകുമായിരുന്നു. ചുരുക്കത്തിൽ പുതുതും അദമ്യവുമായ എന്തിനോവേണ്ടിയുള്ള ദാഹം എന്നെ കീഴടക്കിയിരുന്നു. എനിക്ക് സ്ഥലം മാറി മാറികാണണമായിരുന്നു. വിശാലമായ ഒരു കൃഷി കോണിൽ നിന്നും ദിങ് മാത്രദർശനങ്ങൾ നടത്തണമായിരുന്നു. ഇത്തരം ഏറ്റുപറച്ചിലുകൾക്കുശേഷം നിങ്ങൾ എന്താണെന്നിൽ നിന്നും പ്രതീക്ഷിക്കുന്നത് ? ഞാൻ നിങ്ങളോടെന്തുപറയും? ഞാൻ എന്ത് ചിത്രീകരിക്കും? ഒരു ദിങ്മാത്രദർശനമോ അഥവാ ഒരു പ്രത്യേക വീക്ഷാ കോണത്തിലൂടെയുള്ള വർണ്ണനമോ, ഏതാണാവശ്യം? ഒരു പക്ഷിക്കൺനോട്ടം മാത്രം മതിയാവുമോ? എന്തായാലും നിങ്ങൾ എന്നോടു പറയും ഞാൻ കൂടുതലുയരത്തിൽ പറക്കുന്നുവേന്ന്. ഞാൻ സ്വയം ഒരു വിവേകശാലിയാണെന്ന് പരിഗണിക്കുന്നു.
ഒരു കാരണവശാലും ഞാൻ നുണപറഞ്ഞുകൂടാ-ഒരു യാത്രികനെന്നനിലയ്ക്കുപോലും. ഏതെങ്കിലും ഒരു ഭാഗത്തെങ്കിലും ഞാൻ സത്യസന്ധമല്ലാത്ത ചിത്രീകരിക്കുന്നുവേന്ന് വന്നാൽ അത് സ്വഭാവികം മാത്രമാവും. കാരണം എന്റെ പരിതസ്ഥിതികൾ അതിനെന്നെ നിർബന്ധിക്കുന്നു. ഞാനൊരു യാത്രികനെന്ന നിലയ്ക്ക് നുണപറയുന്നതല്ലെന്നറിയുക. നിങ്ങൾ സ്വയം വിധികർത്താക്കളായിക്കൊള്ളുക-ഉദാഹരണത്തിന് ബർലിൻ എന്നിൽ അത്യന്തം തിക്തമായ പ്രതീതികളാണുളവാക്കിയത്. ഞാൻ ഒരു ദിവസം മുഴവനും അവിടെ കഴിച്ചു കൂട്ടി. ബർലിനുമുന്നിൽ ഞാൻ കുറ്റവാളിയാണെന്നിപ്പോൾ ഞാനറിയുന്നു. കാരണം ആ നഗരം എന്നിലേൽപ്പിച്ചതു തിക്തപ്രതീതികളാണെന്ന് പറയുവാൻ ഞാൻ ധൈര്യപ്പെട്ടുകൂടായിരുന്നു. കാരണം തികച്ചും തിക്തമായിരുന്നില്ല ആ അനുഭവങ്ങൾ. തിക്തമധുരങ്ങളെന്നേ പറയാവൂ. എങ്ങനെയാണ് എന്നിൽ നിന്നും ഇത്തരം ദ്രോഹകരമായ തെറ്റ് ഉണ്ടായത്?
കരൾവേദനിക്കുന്ന ഒരു രോഗിയായ ഞാൻ മഴയും മഞ്ഞും അനുഭവിച്ചാണ് രണ്ടു ദിവസത്തെ റെയിൽയാത്രക്കു ശേഷം ബർലിനിലെത്തിയത്. ആകെ കീറിപ്പറഞ്ഞ്, ഉറക്കമില്ലാതെ ക്ഷീണിച്ചും വിളർത്തും ആ നഗരത്തിലെത്തിയശേഷം പൊടുന്നനെ ആ നഗരം കണ്ടപ്പോൾ അതെന്നെ ഒരു വലിയ അളവിൽ പീറ്റേഴ്സ്ബർഗ്ഗിനോട് സാമ്യം തോന്നിപ്പിച്ചു. അതേ പട്ടുനാടപോലുള്ള തെരുവുകൾ, അതേ, അതേ...(എല്ലാ സാധർമ്മ്യങ്ങളും എടുത്തുപറയാൻ വയ്യ") ദൈവമേ! ഞാൻ പിന്നിലുപേക്ഷിച്ച അതേ മട്ടിലൊന്നിലേക്കാണോ രണ്ടു ദിവസത്തെ ക്ലേശത്തിനു ശേഷം എത്തിച്ചേർന്നിരിക്കുന്നത്" എന്ന് ഞാൻ സംശയിച്ചു. ഇതുകൊണ്ടെന്തു കാര്യം? ലിൻഡൻ മരങ്ങളോട് എനിക്ക് ഒരു പ്രതിപത്തിയുമില്ല. പക്ഷേ ബർലിൻ പൗരൻ അതിനുവേണ്ടി തനിക്ക് പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ എല്ലാം ത്യജിച്ചു കളയും. ഒരു പക്ഷേ അവന്റെ ഭരണഘടനയെപ്പോലും!! ഭരണഘടനയേക്കാൾ പ്രിയപ്പെട്ടതായി ഒരു ബർലിൻ പൗരന് എന്താണുള്ളത്? ഞാൻ വേഗം ഡ്രസ്ഡനിലേക്കുപോയി. ജർമ്മൻ പൗരന്മാരുമായി ഇടപഴകുന്നതിന് ഒരു പ്രത്യേകപ്രഭാവം വേണമെന്ന ചിന്ത അപ്പോഴേക്കും എന്റെ ആത്മാവിൽ നങ്കൂരമിട്ടിരുന്നു. അത്യന്തം ഗാഢമായ ഒരു മുൻധാരണയായിരുന്നു അത്. കൂട്ടം കൂടുമ്പോഴാണെങ്കിൽ അവരെ തീരെ സഹിക്കാൻ കഴിയുന്നതുമല്ല. ഡ്രസ്ഡനിൽവെച്ച് എന്റെ രസക്കേട് സ്ത്രീകളിലേക്കും പടർന്നു. ഞാൻ തെരുവുകളിലേക്കിറങ്ങിയപാടെ എനിക്ക് തോന്നി ഡ്രസ്ഡനിലെ സ്ത്രീകളേക്കാൾ വെറുപ്പുളവാക്കുന്നതായി ലോകത്ത് മറ്റൊന്നുമില്ലെന്ന്.
ഒരു പക്ഷേ പ്രണയഗായകനായ സെവൊലോഡ് ക്രെസ്റ്റോവ്സ്കിപോലും ഇവിടെ ഒന്നും കണ്ടെത്തുകയില്ല. ഏറ്റവും പ്രസന്നവാനും നിസ്സന്ദേഹമായ ധൈര്യമുള്ളവനുമാണല്ലോ ആ കവി. താനെന്തിന് ഇവിടെവന്നു വേന്ന് അദ്ദേഹം വിലപിച്ചേക്കാനും മതി. അതേനിമിഷംതന്നെ ഞാൻ തിരുത്തി ഇല്ല. താനെന്തിനിവിടെയെത്തി എന്ന് അദ്ദേഹം ഒരു കാരണവശാലും വിലപിക്കുകയില്ല. ഞാൻ അങ്ങനെ ചിന്തിക്കുന്നത് അസംബന്ധമാണെന്നും കണ്ടെത്തി. രണ്ടു മണിക്കൂറുകൾക്കകം എനിക്ക് എല്ലാം സുവ്യക്തമായി. ഞാൻ ഹോട്ടലിലേക്ക് തിരിച്ചു വന്ന് ആൾക്കണ്ണാടിക്കു മുന്നിൽ നിന്ന് എന്റെ നാവ് പരിശോധിച്ചു. ഡ്രസ്ഡനിലെ സ്ത്രീകളെക്കുറിച്ചുള്ള എന്റെ വിലയിരുത്തൽ തികച്ചും ഇരുണ്ട ദുരാരോപണമായിപ്പോകും. എന്റെ നാവ് മഞ്ഞച്ചും ദുഷിച്ചുമിരുന്നിരുന്നു...
"പ്രകൃതിയുടെ അധീശനായ ദൈവത്തിന് സ്വന്തം കരളിനോട് ഇത്രമേൽ വിധേയത്വമുണ്ടാകുമോ? ഞാൻ ചിന്തിച്ചു. "എത്ര അധമത?" സ്വയം സ്വാന്തനിപ്പിക്കുന്ന ഇത്തരം ചിന്തകളോടെ ഞാൻ 'കൊളോഗ്നെ'യിലേക്ക് പോയി. അവിടുത്തെ ഭദ്രാസനപ്പള്ളിയിൽ നിന്നും ഞാൻ വലുതായി പ്രതീക്ഷിച്ചിരുന്നുവേന്ന് സമ്മതിക്കണം. യുവത്വകാലത്ത് ഞാൻ ആ പള്ളിയുടെ ചിത്രം പലവട്ടം വരച്ചിട്ടുണ്ട്-ഞ്ഞാൻ വാസ്തുവിദ്യാവിദ്യാർത്ഥിയായിരുന്ന ഘട്ടത്തിൽ. ഒരു മാസത്തിനുശേഷം പാരീസിൽ നിന്നുള്ള മടക്കയാത്രയിൽ ഞാൻ രണ്ടാംവട്ടം കണ്ടു.
മുട്ടുകാലിൽ നിന്ന് ആ പള്ളിയോട് മാപ്പിറക്കുകയാണ് വേണ്ടതെന്ന് അപ്പോഴെനിക്കു തോന്നി. കാരണം ആദ്യവട്ടം കണ്ടപ്പോൾ ആ മഹാശിൽപ്പത്തിന്റെ ചാരുത ആദ്യവട്ടം കണ്ടപ്പോൾ ആ മഹാശിൽപ്പത്തിന്റെ ചാരുത എനിക്ക് അശേഷം ആസ്വദിക്കാൻ കഴിഞ്ഞില്ല എന്നതുതന്നെ. റൈൻ വെള്ളച്ചാട്ടത്തിനു മുന്നിൽ കരാംസിൻ മുട്ടുകുത്തി നിന്നത് ഇതേ ചേതോവികാരംകൊണ്ടു തന്നെയാവണം. എന്തായാലും ആദ്യക്കാഴ്ചയിൽ ഈ വലിയപള്ളി എന്നെ ആകർഷിച്ചതേയില്ല. എനിക്ക് കാഴ്ചയിൽ അത് കസവുപിടിപ്പിച്ച ഒരു വിചിത്രനാട മാത്രമായിരുന്നു. വെറും നാട. നൂറ്റമ്പതുമീറ്റർ ഉയരെ നിൽക്കുന്ന ഒരു എഴുത്തുമേശമേൽ വെച്ചിരിക്കുന്ന പേപ്പർവെയ്റ്റായി മാത്രമേ ഞാനതിനെ കണ്ടുള്ളു."അത്ര മഹത്തരമൊന്നുമല്ല". ഞാൻ ഉറപ്പിച്ചു-നമ്മുടെ പ്രപിതാമഹന്മാർ പുഷ്കിനെക്കുറിച്ച് അഭിപ്രായപ്പെട്ടതു പോലെ. " എടുത്ത് അയാൾക്ക് സ്വച്ഛന്ദമായനുഭവപ്പെടുന്നു. അപ്പോൾ അതിൽ ഗൗരവമായൊന്നുമുണ്ടാവില്ലല്ലോ". എന്റെ ആദ്യാഭിപ്രായത്തെ രൂപീകരിച്ചതു രണ്ടു സാഹചര്യങ്ങളാവണമെന്നെനിക്ക് തോന്നി. ഒന്ന്, ആ സമയത്ത് ഞാൻ നിരന്തരം ചിന്തിക്കുകയും ശ്രവിക്കുകയുമായിരുന്നു. രണ്ടാമത്തെ സാഹചര്യം 'കൊളോഗ്നാപാലം' എന്നിലെ അധമത്വബോധത്തെ ഉദ്ദേീപിപ്പിച്ചുവേന്നതാണ്. പാലം മഹത്തരമാണ് എന്നത് സത്യം തന്നെ. നഗരത്തിന് അതിൽ അഭിമാനിക്കുന്നതിനുള്ള വകയുണ്ടുതാനും.
പക്ഷേ അവർ അതിർകവിഞ്ഞ് അഭിമാനം കൊള്ളുന്നുവേന്നതാണെന്റെ പ്രശ്നം. ആ അഭിമാനബോധം എന്നെ കുപിതനാക്കി. പ്രവേശനദ്വാരത്തിൽ നിൽക്കുന്ന പിരിവുകാരൻ എന്നോട് ഈടാക്കിയത് യുക്തിസഹമായ ഒരു തുക തന്നെയാണെങ്കിലും അത്ഭുതകരമായ ആ പാലം കാണാനെത്തിയ എന്നിൽനിന്നും ഞാൻ ചെയ്യാത്ത ഒരുകുറ്റത്തിന് പിഴ ഈടാക്കുന്നുവേന്ന ഭാവമാണ് അയാൾക്കുണ്ടായിരുന്നത്. അനാവശ്യമായി ആ ജർമ്മൻകാരൻ അഹങ്കാരഭാവം നടിച്ചു. ഞാൻ ഒരു വിദേശിയും വിശിഷ്യാ റഷ്യാക്കാരനുമാണെന്ന് അയാൾക്ക് ബോദ്ധ്യപ്പെട്ടിരിക്കണം" എന്ന് ഞാനൂഹിച്ചു. അയാളുടെ കണ്ണുകൾ ഇങ്ങനെ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. "ദുരിതംപിടിച്ച റഷ്യാക്കാരാ-നീ ഞങ്ങളുടെ പാലം കാണാൻ വന്നു. ഓരോ ജർമ്മൻ പൗരനു മുന്നിലും നീ വെറും പുഴു മാത്രമാണ്. കാരണം നിന്റെ നാട്ടിൽ ഇതേ പോലൊരു പാലമില്ല." തീർച്ചയായും നിങ്ങൾ സമ്മതിക്കില്ലേ, ഇത് വെറുപ്പിക്കുന്ന പ്രഖ്യാപനം തന്നെയാണെന്ന്. ആ ജർമ്മൻകാരൻ ഇങ്ങനെയൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, മനസാ ചിന്തിച്ചിട്ടുകൂടിയുണ്ടാവില്ല.
അതൊക്കെ പോകട്ടെ. എന്തായാലും ഞാൻ അങ്ങനെ വിഭാവനം ചെയ്യുകയും ഒടുവിൽ കുപിതനാകുകയും ചെയ്തു. "നിന്നെ പിശാച്ചു ബാധിക്കട്ടെ" എന്ന് ഞാൻ അകമേ പറഞ്ഞു. "ഞങ്ങൾ സമോവർ കണ്ടു പിടിച്ചവരാണ് കേട്ടോ...ഞങ്ങൾക്ക് ഒന്നാംകിട പത്രമാസികകളുണ്ട്. ഓഫീസർമാർ ചെയ്യുന്ന പണി ഞങ്ങളും ചെയ്യും. ഞങ്ങൾക്ക് പലതുമുണ്ട്..." ഒറ്റവാക്കിൽ പറഞ്ഞാൽ അധമതാബോധം എന്നിലിരച്ചു കയറി. ഒരു കുപ്പി യൂഡികോളോണും വാങ്ങി(എനിക്കതൊഴിവാക്കാൻ വയ്യ) ഞാൻ പാരീസിലേക്ക് വിട്ടു. ഫ്രഞ്ചുകാർ കൂടുതൽ മൃദുത്വമുള്ളവരും രസം നൽകുന്നവരുമാകുമെന്ന് ഞാൻ നിനച്ചു. ഒരു കാര്യം ഇപ്പോൾ നിങ്ങൾക്ക് വിധിക്കണം - ഞാൻ ആത്മനിയന്ത്രണം പാലിച്ച് ഒരാഴ്ചയെങ്കിലും ഡ്രസ്ഡനിൽ നിന്നിരുന്നെങ്കിൽ, ഒന്നോ രണ്ടോ ദിവസമെങ്കിലും കൊളോഗ്നെയിൽ തങ്ങിയിരുന്നെങ്കിൽ, വസ്തുതകളെപ്പറ്റി രണ്ടാംവട്ടമോ മൂന്നാംവട്ടമോ നോക്കിക്കാണാനും പുന:പരിശോധിക്കുവാനും സാധ്യമാക്കുക വഴി കൂടുതൽ ക്ലിപ്തമായ ഒരു അഭിപ്രായം എനിക്ക് എല്ലാറ്റിനെപ്പറ്റിയും സ്വരൂപിക്കുവാൻ കഴിയുമായിരുന്നു. വെറുമൊരു സൂര്യകിരണംപോലും, അപ്പോൾ പുതിയ ഭാവതലങ്ങൾ വിരിയിപ്പിക്കും. അർത്ഥധ്വനികൾ ഉളവാക്കും. ഞാൻ രണ്ടാംതവണ ആ ഭദ്രാസനപ്പള്ളിക്കരികിലൂടെ കടന്നുപോയപ്പോഴതാണുണ്ടായത്.
ആ മണിസൗധം അതിന്റെ സകലപ്രൗഢികളോടും കൂടി എനിക്ക് വ്യക്തമായി മേഘാവൃതവും മ്ലാനവുമായ പ്രഭാതത്തിലായിരുന്നു ഞാൻ ആദ്യവട്ടം പള്ളി കണ്ടത്. ആ കാഴ്ച എന്നിൽ പ്രണിതമായ ദേശാഭിമാനത്തിന്റെ ഒരുൾത്തള്ളൽ മാത്രമേ ഉളവാക്കിയുള്ളു. അത്തരം ദേശാഭിമാനം മോശം കാലാവസ്ഥയിൽ മാത്രമേ ഉയിർത്തെഴുന്നേൽക്കുകയുള്ളു സുഹൃത്തുക്കളേ, നിങ്ങൾക്ക് കാണാവുന്നതു പോലെ രണ്ടരമാസംകൊണ്ട് ഒന്നിനേയും പരിശോധിക്കുവാനാകില്ല; കൃത്യമായ അറിവുവെച്ചുകൊണ്ട് അതിനാൽ എനിക്ക് നിങ്ങൾക്കൊന്നും തന്നെ പകരുവാനും കഴിയുകയില്ല. ചിലപ്പോൾ സ്വേച്ഛയാ അല്ലാതെ എനിക്ക് അസത്യം പറയേണ്ടിവരുന്നതങ്ങനെയാണ്... അതെന്താന്നാൽ...
ഇവിടെ നിങ്ങൾ എന്നോട് നിർത്താൻ പറയുന്നു.
കാരണം ഇതിലൊന്നും നിങ്ങൾ കൃത്യമായ വിവരങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം അത്തരം വിവരങ്ങൾ നിങ്ങൾക്ക് വേറെയും ലഭ്യമാണ്; കേവലമായ ആത്മാർത്ഥതയാണ് വസ്തുതാവിവരണങ്ങൾക്കപ്പുറം ഒരു യാത്രകനാവശ്യം (വസ്തുതാവിവരങ്ങൾ മിക്കവാറും യാത്രികന്റെ കഴിവുകൾക്കപ്പുറത്തായിരിക്കും താനും) ചിലപ്പോൾ സ്വന്തം സാഹസികതകളും അനുഭവങ്ങളേൽപ്പിച്ച വടുക്കളും തുറന്നു കാട്ടുവാൻ യാത്രകൻ ഭയന്നേക്കുകയുമില്ല-അത്തരം തുറന്നുപറച്ചിലുകൾ അയാൾക്ക് അപമാനകരമായേക്കുമെങ്കിലും, തന്റെ കണ്ടെത്തലുകൾ അറിയപ്പെടുന്ന വിദ്വാന്മാരുമായി ചർച്ച ചെയ്തവതരിപ്പിക്കുന്നതിനും അയാൾ മെനക്കെട്ടേക്കില്ല. ചുരുക്കത്തിൽ നിങ്ങൾക്കാവശ്യം എന്റെ വൈയക്തിക പ്രതീതികളാണ്. സത്യസന്ധമായ നിരീക്ഷണങ്ങൾ.
"ആഹാ! അപ്പോൾ നിങ്ങൾക്കാവശ്യം എന്റെ വെറും പ്രലപനങ്ങൾ മാത്രമാണ്. ചിത്രീകരണങ്ങൾപോലെ എന്തൊക്കെയോ മാത്രം. ആ ഓട്ടപ്രദക്ഷിണത്തിൽ രൂപീകരിക്കപ്പെട്ട വൈയക്തിക പ്രതീതികൾ" ഞാൻ അത്ഭുതപ്പെട്ടുപോകുന്നു. ഞാനിതിനോട് പൊരുത്തപ്പെടുന്നു. എനിക്കു കഴിയുംവിധം എന്റെ നോട്ടുപുസ്തകത്തിലെ കുറിപ്പുകൾ നേരേപടി അവതരിപ്പിക്കാം. ഒന്നേ എനിക്കു പറയാനുള്ളു- ഇതിൽ ഒരുപിടി പിശകുകൾ കണ്ടേക്കാം. തീർച്ചയായും എല്ലാം പിശകായിരിക്കുകയില്ല. കാരണം ചില സത്യങ്ങൾ ഒരിക്കലും തെറ്റുകയില്ലല്ലോ. ഉദാഹരണത്തിന് നേത്രോദാം പാരീസിലാണെന്ന സത്യം. കാരണം ഒരുപാടുപേർ അതിനെപ്പറ്റി എഴുതിയെഴുതി സകലരുടേയും മനസ്സിൽ അതുറച്ചു പോയിരിക്കുന്നു. ഇക്കാര്യത്തിൽ എനിക്കുപോലും പിശകുപറ്റില്ല -പക്ഷേ ഞാൻ ഉറപ്പുനൽകുകയുമില്ല റോം സന്ദർശിക്കുമ്പോൾ സെന്റ് പീറ്റേഴ്സിന്റെ ഭദ്രാസനപ്പള്ളി കാണാൻ മറക്കുകയെന്നതസാദ്ധ്യയാണെന്ന് പറയപ്പെടുന്നു. കൊള്ളാം. നിങ്ങൾ സ്വയം വിലയിരുത്തിക്കൊള്ളു-ഞ്ഞാൻ ലണ്ടനിൽപോയി. പക്ഷേ സെന്റ്പോളിന്റെ ഭദ്രാസനപ്പള്ളി സന്ദർശിക്കുവാൻ വിട്ടുപോയി. തീർച്ചയായും വ്യത്യാസമുണ്ട്, സെന്റ് പീറ്ററിനും സെന്റ് പോളിനുമിടയിൽ. എന്നിരിക്കിലും ഒരു യാത്രികനെ സംബന്ധിച്ചിടത്തോളം അതൊരു പിഴയാണ്. അവിടെ നിങ്ങൾക്ക് എന്റെ ആദ്യ സാഹസികത ദർശിക്കാം. അതെനിക്ക് സൽപ്പേരല്ല സമ്മാനിക്കുന്നത്. (ഒരു നാനൂറുമീറ്റർ ദൂരെനിന്ന് ഞാൻ ആ പള്ളി കണ്ടിരുന്നിരിക്കാം.
എന്നാൽഞ്ഞാൻ 'പെൻടോൺ വില്ല'യിലേക്കുള്ള തിരക്കിട്ട യാത്രയിലായിപ്പോയി. ഞാൻ വെറുതെ കൈവീശിക്കാട്ടിക്കൊണ്ട് തോൾവെട്ടിച്ച് ഓടിപ്പോയി) എന്നാൽ നിങ്ങൾ ഒന്നോർക്കണം-ഞ്ഞാൻ വെറുതെ ഒരു 'പക്ഷിക്കൺനോട്ട'വുമായി മുഴുവൻ സമയവും ചെലവഴിക്കുകയായിരുന്നില്ല. (പക്ഷിക്കൺ നോട്ടമെന്നതിന് താഴെക്കിടക്കുന്ന ഏതിലെങ്കിലും നോക്കുക എന്ന അർത്ഥമല്ല. വാസ്തുവിദ്യയിലുള്ള ഒരു സംജ്ഞയാണതെന്ന് നിങ്ങൾക്കറിയാമോ?)
ലണ്ടനിൽ എട്ടു ദിവസം ചെലവഴിച്ചു എന്ന പ്രത്യേകതയൊഴിച്ചാൽ ഞാൻ ഒരു മാസമത്രയും ചെലവിട്ടത് പാരീസിലാണ്. അതിനാൽ പാരീസിനെ സംബന്ധിച്ച് ഞാൻ ചിലതെഴുതാം. കാരണം ഡ്രസ്ഡനിലെ സ്ത്രീകളെയും സെന്റ്.പോളിന്റെ ഭദ്രാസനപ്പള്ളിയേയും കാൾ കൂടുതൽ അടുത്ത് ഞാൻ പാരീസിനെ നിരീക്ഷിച്ചിട്ടുണ്ട്. ശരി, ഞാൻ ആരംഭിക്കാം .