Sunday, September 13, 2009

തുടിക്കുന്ന ജീവിതചിത്രണം-തോപ്പിൽ ഭാസി
മാത്യു നെല്ലിക്കുന്ന്‌ അമേരിക്കൻ ഐക്യനാടുകളിൽ താമസമാക്കിയിട്ടുള്ള ഒരു മലയാളിയാണ്‌. എന്റെ നാടകങ്ങൾ അവതരിപ്പിക്കുവാൻ അമേരിക്കയിൽ പര്യടനം നടത്തിയപ്പോൾ എനിക്കു കിട്ടിയ മലയാളി-സുഹൃത്തുക്കളിലൊരാൾ. കേരളത്തിന്റെ മണ്ണിനോടും മലയാള അക്ഷരങ്ങളോടും മാത്യു കാട്ടിയ അമിതമായ താൽപര്യം എന്നെ അത്ഭുതപ്പെടുത്തി. ഹൂസ്റ്റണിൽവച്ച്‌ അദ്ദേഹം എഴുതിയ ചില ചെറുകഥകൾ എന്നെ കാണിച്ചപ്പോൾ എനിക്ക്‌ എന്തെന്നില്ലാത്ത ആനന്ദമുണ്ടായി. കാരണം, മലയാള ദിനപത്രങ്ങൾ വായിക്കുവാനുള്ള സാഹചര്യംപോലും അമേരിക്കയിലില്ല. നാട്ടിൽ വന്നിട്ടു മടങ്ങുന്നവരാണെങ്കിലും ഒന്നോ രണ്ടോ പുസ്തകങ്ങൾ കൊണ്ടുപോയാലായി. ഈ സാഹചര്യത്തിലാണ്‌ ഈ സാഹിത്യതൽപരൻ ജനിച്ചുവളർന്ന തന്റെ മണ്ണിന്റെ ചൂരുള്ള ചില കഥകൾക്കു രൂപംനൽകിയത്‌. മലയാളിയുടെ അമേരിക്കൻ ജീവിതത്തെ നമ്മുടെ നാടൻജീവിതവുമായി അദ്ദേഹം കൂട്ടിയിണക്കിയിരുന്നു.
അമേരിക്കൻ മലയാളികൾ കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമാണ്‌. ഔദ്യേഗികതലത്തിൽ ഏതുരംഗത്ത്‌ പ്രവർത്തിച്ചാലും മലയാളി അവിടെ ഒന്നാം സ്ഥാനത്തായിരിക്കുമെന്നാണ്‌ അമേരിക്കയുടെ പല സംസ്ഥാനങ്ങളിലും കാനഡയിലും സഞ്ചരിച്ച എനിക്കു മനസ്സിലാക്കുവാൻ കഴിഞ്ഞത്‌. മലയാളിക്കുട്ടികളാണെങ്കിൽ പഠിത്തത്തിൽ ഒന്നാംനിരയിൽത്തന്നെ. മലയാളികളുടെ ഈ കഴിവിനെപ്പറ്റി അമേരിക്കൻ സായിപ്പന്മാർക്കുപോലും നിറഞ്ഞ ബഹുമാനമുണ്ട്‌. കേരളത്തോടും മലയാളഭാഷയോടും അമ്മയോടുമുള്ള ബഹുമാനവും സ്നേഹവുമുള്ള അമേരിക്കയിൽ ജോലിചെയ്യുന്ന മലയാളികൾക്ക്‌ തങ്ങളുടെ ഭാഷാക്കൂറ്‌ നിലനിർത്താൻ വളരെ ക്ലേശം സഹിക്കേണ്ടിവരുന്നുണ്ട്‌. കുട്ടികളുടെ പഠനമാദ്ധ്യമം ഇംഗ്ലീഷ്‌. ആ കുട്ടികളെ ജോലിത്തിരക്കുള്ള രക്ഷിതാക്കൾക്ക്‌ വീട്ടിലിരുത്തി മാതൃഭാഷ പഠിപ്പിക്കാൻ അവസരമില്ല. അങ്ങനെ അമേരിക്കയിലെ മലയാളികളുടെ അടുത്ത തലമുറയിൽ നിന്ന്‌ മാതൃഭാഷ ചോർന്നുപോരുന്നു. ഇതിൽ ദുഃഖമുള്ളവരാണ്‌ ബഹുഭൂരിപക്ഷം മാതാപിതാക്കളും. ഇതിനെന്താണൊരു പോംവഴിയെന്ന്‌ അവർ ഗഹനമായി ചിന്തിക്കുന്നുണ്ട്‌.
ഇവിടെയാണ്‌ കുറഞ്ഞ സാഹചര്യത്തിലും ഭാഷാതാൽപര്യം കാണിക്കുന്ന മലയാളികളുടെ മഹത്വം കാണേണ്ടത്‌. പല സുഹൃത്തുക്കളും മലയാളത്തിലുള്ള ചെറിയ പത്രങ്ങൾ പല കേന്ദ്രങ്ങളിൽനിന്നും ഇറക്കുന്നുണ്ട്‌. ചില മലയാളി സംഘടനകൾ കുട്ടികളെ മലയാളം പഠിപ്പിക്കാൻ താൽപര്യമെടുക്കുന്നുണ്ട്‌. അവരിൽ പ്രമുഖനാണ്‌ മാത്യു നെല്ലിക്കുന്ന്‌.
മാത്യു വായനാസമ്പന്നനായ ഒരു സാഹിത്യകാരനാണെന്നാണ്‌ അദ്ദേഹത്തിന്റെ കഥകൾ വായിച്ചതിൽനിന്ന്‌ ഞാൻ മനസ്സിലാക്കുന്നത്‌. ഈ അടുത്ത കാലത്ത്‌ കുങ്കുമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തെറ്റ്‌' എന്ന ചെറുകഥ തന്നെ ഉത്തമ ഉദാഹരണം. ആ കഥയിൽ അമേരിക്കൻ ജീവിതത്തെയും കേരളജീവിതത്തെയും ബോംബെ എന്ന ഒരു വൻനഗരത്തിലെ ജീവിതത്തേയും ഒരു കണ്ണാടിയിലെന്നതുപോലെ അദ്ദേഹം പ്രതിഫലിപ്പിച്ചിരിക്കുന്നു. ഒരു നോവലായി വികസിപ്പിച്ചെടുക്കാൻ കഴിയുന്ന കഥയാണതെന്ന്‌ എനിക്കുതോന്നി. അമേരിക്കയിൽ ജോലിനേടിയ ഒരു യുവാവിന്റെയും യുവതിയുടെയും ജീവിതത്തിന്റെ പല പടവുകൾ ഒരു ചലച്ചിത്രത്തിലെന്നതുപോലെ ആ കഥ വായിക്കുമ്പോൾ കൺമുമ്പിൽ തെളിഞ്ഞുവരുന്നു.
സന്തോഷത്തോടുകൂടി നെല്ലിക്കുന്നിന്റെ തിരുപ്പുറപ്പാട്‌' എന്ന ഈ ചെറുകഥാസമാഹാരം ബഹുജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു. മാത്യുവിന്‌ അദ്ദേഹത്തിന്റെ സാഹിത്യസംരംഭങ്ങളിൽ എല്ലാ വിജയവും ആശംസിക്കുന്നു.

നെല്ലിക്കുന്ന്‌ കൃതികളിലെ അവതാരികകളിൽ നിന്ന്‌ - തിരുപ്പുറപ്പാട്‌'