Sunday, September 13, 2009

ഉറക്കം കെടുത്തിയ ഇംഗ്ലീഷ്‌ സീലിങ്‌ ഫാൻ-എ.ക്യു.മഹ്ദി

യാത്ര - 5



വളരെ പഴക്കമുള്ള ഒരു മൂന്നുനില മന്ദിരമായിരുന്നു കൊളംബൊയിലെ വൈ.എം.സി.എ കെട്ടിടം. 102 വർഷം മുമ്പ്‌ ബ്രട്ടീഷ്‌ ഭരണകാലത്ത്‌ നിർമ്മിക്കപ്പെട്ടതാണിതെന്ന്‌ അവിടെ രേഖപ്പെടുത്തിയിരുന്നു.
രണ്ടാംനിലയിലായിരുന്നു എന്റെ മുറി. പഴയ കെട്ടിടമാണെങ്കിലും വൃത്തിയും വെടിപ്പുമുള്ള ർറൂം. ഫർണീച്ചറുകൾ, എന്തിന്‌ ബാത്ത്‌ർറൂം ഫിറ്റിംഗ്സ്‌ ഉൾപ്പെടെ വാഷ്ബേസിൻ പോലും പഴയ ഇംഗ്ലീഷ്‌ നിർമ്മിതമായിരുന്നു. അവയൊക്കെ ശരിക്കും ഒരു പുരാവസ്തുശേഖരത്തെയാണ്‌ അനുസ്മരിപ്പിച്ചതു.
ആദ്യദിവസം, ബാക്കിയുള്ള പകൽ മുഴുവൻ വിശ്രമത്തിനായി ഞാൻ മാറ്റിവച്ചു. മാത്രമല്ല ഒറ്റയ്ക്ക്‌ യാത്ര വന്നതിനാൽ അടുത്ത നാലഞ്ചു ദിവസത്തെ പരിപാടികൾ സ്വയം തയ്യാറാക്കാനുമുണ്ട്‌.
വൈ.എം.സി.എയുടെ വകയായി ഒരു ഭക്ഷണശാഖയുണ്ട്‌ താഴെ എല്ലാ വിഭവങ്ങളും ലഭ്യമായിരുന്നു അവിടെ, കേരള വിഭവമായ പുട്ടും കടലയും വരെ. പേരോർമ്മയില്ലാത്ത ഒരു ശ്രീലങ്കൻ വിഭവമായിരുന്നു അന്നത്തെ അത്താഴത്തിനായി ഞാൻ തെരഞ്ഞെടുത്തത്‌. അധികം മസാലക്കൂട്ടുകളൊന്നുമില്ലാത്ത ഒരു നല്ല ഭക്ഷണം. പക്ഷേ, എരിവും മധുരവും ഒരുപോലെ ചേർത്ത ആ വിചിത്ര ഭക്ഷണത്തിന്‌ വലിയ രുചിയൊന്നും തോന്നിയില്ല.

ശ്രീലങ്കയിലെ ആദ്യരാത്രി. മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ആ പുരാതന സീലിങ്‌ ഫാൻ മാത്രമാണ്‌ ഇടയ്ക്കെങ്കിലും എന്റെ ഉറക്കത്തെ അലോസരപ്പെടുത്തിയത്‌. മുനയും മൂക്കും മുലയുമൊക്കെയുള്ള കുട്ടികളുടെ കളിപ്പമ്പരംപോലെ അൽപ്പമൊന്നു കുലുങ്ങിവിറച്ച്‌ കറങ്ങിക്കൊണ്ടിരുന്ന ആ അതിപുരാതന ഇംഗ്ലീഷ്‌ പങ്ക. എപ്പോഴാണ്‌ എന്റെമേൽ പൊട്ടിവീഴുക എന്ന വിചാരം ഉറക്കത്തിന്റെ ഇടവേളകളിൽ ഒരു ദുസ്വപ്നം പോലെ തന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്നും സംഭവിച്ചില്ല, അടുത്ത പകൽ പിറന്നു വീഴുമ്പോഴും പിന്നീട്‌ ഞാൻ മുറിവിട്ടൊഴിയുംവരെയും. എത്രയോ പതിറ്റാണ്ടുകളായി ആ പങ്ക ഇതേമട്ടിൽ കറങ്ങി കാറ്റുവീശിക്കൊണ്ടിരിക്കുന്നു.
രാവിലെ ജനാലകർട്ടൻ വശത്തേയ്ക്ക്‌ പൂർണ്ണമായും നീക്കി പുറംകാഴ്ചകളിലേയ്ക്കൊന്നു കണ്ണുപായിച്ചപ്പോഴാണ്‌ അതു കണ്ടത്‌, രണ്ടു ഇരട്ടകെട്ടിടങ്ങൾ (ട്വിൻ ടവേഴ്സ്‌). വളരെ ഉയരമുണ്ട്‌ മനോഹരമായ ആ ആധുനികമന്ദിരങ്ങൾക്ക്‌ തീവ്രവാദി ആക്രമണത്താൽ തകർന്നുപോയ ന്യൂയോർക്ക്‌ മന്ദിരങ്ങളെയാണ്‌ അവ അനുസ്മരിപ്പിച്ചതു. കൊളംബൊ നഗരത്തിലെ ഫോർട്ട്‌ ഏരിയ ആവണം അത്‌. നഗരത്തിലെ ബഹുനിലക്കെട്ടിടങ്ങൾ മുഴുവൻ ആ ഭാഗത്താണ്‌.
കൊളംബൊയിലെ എന്റെയീ ആദ്യ ദിവസം, സ്വന്തമായി നഗരം നടന്നു കാണാൻ തീരുമാനിച്ചു.
വൈ.എം.സി.എ റസ്റ്റോറന്റിൽ നിന്നും ഒരു അമേരിക്കൻ ബ്രേക്ക്ഫാസ്റ്റും കഴിച്ച്‌ ഞാൻ പുറത്തിറങ്ങി. ഫോർട്ട്‌ ഏരിയയിലേക്ക്‌ ഞാൻ മെല്ലെ നടന്നു. വെയിൽ പടർന്നു തുടങ്ങിയെങ്കിലും വലിയ ചൂടില്ല. അപ്പോൾ ഇതാണ്‌ നഗരത്തിന്റെ ഹൃദയഭാഗം. ർറൂംജനാലയിലൂടെ ഞാൻ കണ്ട ഇരട്ടകെട്ടിടങ്ങൾക്ക്‌ അകമ്പടി സേവിച്ചുകൊണ്ട്‌ മറ്റു കുറേയധികം അംബരചുംബികളായ മണിമന്ദിരങ്ങൾ ചുറ്റും ചിതറിനിൽപ്പുണ്ട്‌.

എനിക്ക്‌ മടക്ക ടിക്കറ്റ്‌ റീകൺഫേം ചെയ്യേണ്ട എയർലങ്കയുടെ കൊളംബോ കേന്ദ്രഓഫീസ്‌ ഈ ഇരട്ടമന്ദിരങ്ങളിലൊന്നിന്റെ താഴത്തെ നിലയിലാണ്‌. ആ ഭംഗിയുള്ള കെട്ടിടവും കാണാം, ടിക്കറ്റും ശരിയാക്കാം എന്നു കരുതി, കൊളംബൊയിലെ അന്നത്തെ ആദ്യകർമ്മം അതാക്കാൻ ഞാൻ തീരുമാനിച്ചു.
തകർക്കപ്പെട്ട ന്യൂയോർക്ക്‌ ടവേഴ്സിന്റെ അതേ പേരാണ്‌ ഈ മന്ദിരങ്ങൾക്കും കൊടുത്തിട്ടുള്ളത്‌. വേൾഡ്‌ ട്രേഡ്‌ സെന്റർ. 37 നിലകൾ വീതം ഉള്ള ഇവയാണ്‌ കൊളംബൊയിലെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങൾ. വളരെ മനോഹരമായ നിർമ്മിതി തന്നെ. ഈ അത്യാധുനിക കെട്ടിടങ്ങൾ നിറയെ വലിയ വ്യാപാരസ്ഥാപനങ്ങളുടെയും സർക്കാരിന്റെയും കേന്ദ്ര ആഫീസുകൾ പ്രവർത്തിക്കുന്നു.
ഞാൻ ശ്രീലങ്ക സന്ദർശിക്കുമ്പോൾ ചന്ദ്രിക കുമാരതുംഗെ ആയിരുന്നു അന്നത്തെ പ്രസിഡന്റ്‌. തമിഴ്‌ പുലികളിൽ നിന്നുള്ള ആക്രമണ ഭീഷണി കാരണം നഗരം മുഴുവൻ പോലീസ്‌/പട്ടാള നിയന്ത്രണത്തിലായിരുന്നു. ഞാൻ താമസിച്ച വൈ.എം.സി.എ ഹോസ്റ്റലിനു തൊട്ടടുത്ത്‌, ഒരു വിളിപ്പാടകലെയാണ്‌ ചന്ദ്രിക കുമാരതുംഗെ താമസിക്കുന്നത്‌. അവരുടെ ഔദ്യോഗിക വസതിയാണത്‌. അതിനാൽ ഈ സ്ഥലത്തിനു ചുറ്റും എപ്പോഴും കനത്ത പട്ടാള കാവലുണ്ട്‌. പ്രധാന റോഡിന്റെ അരികിൽ അടുത്തടുത്തായി മണൽച്ചാക്കുകൾ കൊണ്ടുള്ള ചുറ്റുമതിൽ നിർമ്മിച്ച്‌ അതിനുള്ളിൽ പുറത്തേയ്ക്കു നീട്ടിയ യന്ത്രത്തോക്കുമായി കാവൽനിൽക്കുന്ന പട്ടാളക്കാർ, തമ്മിൽ വല്ലാത്ത ഭയാശങ്കയുണർത്തും. അത്ര കടുത്ത ഭീഷണിയാണ്‌ സ്വന്തം ജീവന്റെ പേരിൽ ചന്ദ്രിക നേരിടുന്നത്‌.
ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എന്റെ കൈയ്യിലെ ക്യാമറ കണ്ട്‌ റിസപ്ഷൻ കൗണ്ടറിലിരിക്കുന്ന ചെറുപ്പക്കാരൻ മൂന്നാര്റിയിപ്പു നൽകി, സൂക്ഷിക്കണം, വിദേശിയുമാണ്‌, കാവൽ പട്ടാളക്കാർക്കു സംശയം ജനിപ്പിക്കുംവിധം പൊതുകെട്ടിടങ്ങളുടെ ഫോട്ടോ എടുക്കാൻ ഒരിക്കലും ശ്രമിക്കരുത്‌.

ഫോട്ടോ എടുക്കുന്ന വിഷയത്തിൽ ഇരട്ടമന്ദിരങ്ങളെ ഒഴിവാക്കി ഞാൻ മുന്നോട്ടു നീങ്ങി. റോഡരികിലും വൻ കെട്ടിടങ്ങൾക്കു മുമ്പിലുമൊക്കെ തോക്കുധാരികളായ നിരവധി കാവൽഭടന്മാരെ കാണുകയും ചെയ്തു.

പ്രധാനറോഡ്‌, താരതമ്യേന വൃത്തിയും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു. വശങ്ങളിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ, പരിഷ്കരിച്ച ഒരു കൊച്ചി പട്ടണത്തെ അനുസ്മരിപ്പിക്കുന്ന കൊളംബൊ നഗരമെന്നു തോന്നി.
ഉച്ചയ്ക്ക്‌ ഏറ്റവും തിരക്കുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണത്തിനു കയറി. തൂശനിലയിൽ വിളമ്പിത്തന്ന ഊണെങ്കിലും ഒപ്പമുണ്ടായിരുന്ന ഒരു ഡസൻ കറികൾക്കും വലിയ രുചിയൊന്നും തോന്നിയില്ല. ആ സാധാരണ ഊണിന്‌ 100 രൂപ (50 ഇന്ത്യൻ രൂപ)യാണവർ ഈടാക്കിയത്‌.
നഗരം ഒറ്റയ്ക്കു കറങ്ങി നടന്നു കാണുന്നതിനിടെ ആദ്യദിവസം കടന്നുപോയി.
രണ്ടാംനാൾ ബീച്ച്‌ ഏരിയ സന്ദർശനമാണ്‌ നിശ്ചയിച്ചതു. ഏറെ മനോഹരമായ ഒരു ബീച്ചുണ്ട്‌ കൊളംബൊയിൽ. സായാഹ്നങ്ങളിൽ ഈ കടൽത്തീരം വിദേശടൂറിസ്റ്റുകളെക്കൊണ്ട്‌ നിറഞ്ഞിരിക്കും. കടലിന്റെ ആഴംകുറഞ്ഞ ചില തീരവശങ്ങളിൽ ജലകേളികൾക്കായി സൗകര്യമൊരുക്കിയിട്ടുണ്ട്‌. ബീച്ചിന്റെ പരിസരം മുഴുവൻ കൗതുകവസ്തുക്കളുടെ വിൽപ്പനയ്ക്കായി ശ്രീലങ്കൻ ചെറുപ്പക്കാരും, യുവതികളും കറങ്ങി നടക്കുന്നുണ്ട്‌. ശ്രീലങ്കൻ സ്ത്രീകളുടെ വേഷം സാരി തന്നെ. ഒരു പ്രത്യേകരീതിയിലാണ്‌ അവർ സാരി ധരിക്കുന്നത്‌. ഈ വേഷത്തെ പ്രാദേശികമായി ലാമൺസാരി എന്നാണു സിംഹളഭാഷയിൽ പറയുക.
ബീച്ചിലിരുന്നാൽ പിന്നിൽ ചില നക്ഷത്രഹോട്ടലുകളുടെ ഉയർന്ന കെട്ടിടങ്ങൾ കാണാം. തൊട്ടരികിൽ തന്നെയാണ്‌ പഞ്ചനക്ഷത്ര ഹോട്ടലുകളായ ടാജും, ഹിൽറ്റണും. നേരത്തെ സൂചിപ്പിച്ച ട്വിൻടവറുകളുടെ മേലറ്റവും ബീച്ചിലിരുന്നു ചെരിഞ്ഞു നോക്കിയാൽ ചെറുതായി കാണാം.
ഈ ട്വിൻടവറുകളെ ആക്രമിക്കാൻ ഇത്‌ ന്യൂയോർക്ക്‌ സ്ഫോടനത്തിനു മുമ്പാണ്‌ എൽ.ടി.ടി.ക്കാർ ഒരു പാഴ്ശ്രമം നടത്തി പരാജയപ്പെട്ടതായി കേട്ടു. ലക്ഷ്യം തെറ്റിയ ആയുധം വന്നു പതിച്ചതു തൊട്ടടുത്തുള്ള ഒരു ഫൈവ്സ്റ്റാർ ഹോട്ടലിലാണ്‌. ഭാഗ്യത്തിന്‌ കെട്ടിടത്തിന്റെ കുറേ ഭാഗം തകർന്നതല്ലാതെ ആളപായമൊന്നും ഉണ്ടായില്ല.
അൽ-ഖ്വൈദക്കാർ ന്യൂയോർക്ക്‌ മന്ദിരങ്ങൾ ആക്രമിക്കുന്ന വിധം പഠിച്ചതു എൽ.ടി.ടി.ക്കാരിൽ നിന്നാണോ...?
സന്ധ്യയോടെ ബീച്ചിനോടു വിടപറഞ്ഞ്‌ വൈ.എം.സി.എയിൽ മടങ്ങിയെത്തി. അൽപ്പം വിശ്രമിച്ചിട്ട്‌ രാത്രിയിലെ നഗരസന്ദർശനത്തിനിറങ്ങി.
രാത്രിയിൽ കൊളംബൊ നഗരം അതീവമനോഹരം തന്നെ.ബഹുരാഷ്ട്ര കമ്പനികളുടെ ഓഫീസുകളും ഷോർറൂമുകളും, വലിയ വ്യാപാരസ്ഥാപനങ്ങളും നിയോൺ ബോർഡുകളുടെ ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന കാഴ്ച, ഒരു പാശ്ചാത്യരാജ്യത്തെ ഏതെങ്കിലും ചെറുപട്ടണത്തെ അനുസ്മരിപ്പിക്കും.
ശ്രീലങ്കയുടെ വരുമാന മാർഗ്ഗങ്ങളിലൊന്ന്‌ മറ്റു രാജ്യങ്ങൾക്ക്‌ തൊഴിലാളികളെ സപ്ലെ ചെയ്യുക എന്നത്‌. ഇന്ത്യയിൽ നിന്നുള്ളതിനേക്കാൾ കുറഞ്ഞ ശമ്പളത്തിന്‌ ഗൾഫ്‌ നാടുകളിലേയ്ക്ക്‌ ശ്രീലങ്കൻ തൊഴിലാളികൾ പണിയെടുക്കാനെത്തുന്നു. ഫിലിപ്പീൻസിൽ നിന്നും ഉണ്ട്‌ ഇത്തരം തൊഴിലാളി പ്രവാഹം. ഇത്‌ നമ്മുടെ വിദേശ തൊഴിൽ മേഖലയെ ചെറുതായൊന്നുമല്ല ഇപ്പോൾ ബാധിച്ചിട്ടുള്ളത്‌.
ശ്രീലങ്കൻ കറൻസിയുടെ മൂല്യശോഷണമാണ്‌ തൊഴിലാളികളെ വിദേശങ്ങളിലേക്ക്‌ ഇത്രയേറെ ആകർഷിക്കുന്നത്‌. രണ്ടു ശ്രീലങ്കൻ രൂപയ്ക്ക്‌ ഒരു ഇന്ത്യൻ ഉറുപ്പികയുടെ വിലയേയുള്ളു. ഒരു അമേരിക്കൻ ഡോളറിന്‌ 90 ശ്രീലങ്കൻ രൂപ കിട്ടുമെങ്കിൽ ഇന്ത്യയിലേത്‌ 45 രൂപയാണ്‌. കറൻസിയുടെ മൂല്യം ശ്രീലങ്കയിൽ കുറവാണെങ്കിലും സാധനങ്ങൾക്ക്‌ വിലക്കുറവൊന്നുമില്ല. സാമാന്യം ഭേദപ്പെട്ട ഒരു വെജിറ്റേറിയൻ ഊണിനുപോലും 100 ശ്രീലങ്കൻ രൂപ കൊടുക്കേണ്ടി വന്നുവല്ലോ? തേയിലയുടെ നാടാണെങ്കിലും ഒരു നല്ല ചായയ്ക്ക്‌ 20 രൂപ കൊടുത്തേ മതിയാകു.
പാചകവിഷയത്തിൽ ശ്രീലങ്കക്കാർ അത്ര സമർത്ഥരല്ലെന്ന്‌ ഇവിടുത്തെ ഹോട്ടൽ വിഭവങ്ങൾ വെളിപ്പെടുത്തുന്നു.
പൊതുവേ ശാന്തശീലരാണ്‌ ഈ കൊച്ചുരാജ്യക്കാർ; സംസ്കാര സമ്പന്നരും.
ഒരു വലിയ പട്ടണമാണെങ്കിലും കഴിയുന്നത്ര വൃത്തിയോടും ശ്രദ്ധയോടും നഗരപരിസരം സൂക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു; ഒരളവുവരെ നാട്ടുകാർ സഹകരിക്കുകയും ചെയ്യുന്നു.
phone: 9895180442