Friday, September 11, 2009

മൈക്രോകഥകൾ -എം.പി.ശശിധരൻ


1. സാരം
സൗന്ദര്യം കൂടാൻ രണ്ടു കൊമ്പുകൾ കൂടി തരേണമെന്നപേക്ഷിച്ച മുയലിനു ബുദ്ധൻ കുതിരയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു.
2. പരമ്പര
തന്റെയുള്ളിലൊളിച്ച പ്ലാവിൻ കായ്ക്കാനിരിക്കുന്ന ചക്കക്കുള്ളിലെ കുരുക്കളുടെ വീർപ്പുമുട്ടൽ സഹിക്കവയ്യതെ ചക്കക്കുരു മുളച്ചു.
3. കാലം
സെക്കന്റ്‌ സൂചിയുടെ വേഗത്തിൽ അസൂയപ്പെട്ട മിനിറ്റുസൂചി ആയുർദൈർഘ്യത്തിന്റെ രഹസ്യം പറഞ്ഞുകൊടുത്ത്‌ മണിക്കൂർസൂചിയെ ആശ്വസിപ്പിച്ചു.
4. ശാന്തി
കൊക്കിൽ കതിരുമായി വന്ന വെള്ളപ്രാവിന്റെ ഇറച്ചി രുചിച്ചുകൊണ്ടു ഞങ്ങൾ വിശുദ്ധ യുദ്ധത്തെക്കുറിച്ചു ചർച്ച ചെയ്തു.
5. ജ്ഞാനം
സൂര്യകിരണങ്ങൾ കുടിച്ചു വളർന്നതു കൊണ്ടാണ്‌ നിറങ്ങൾ കിട്ടിയതെന്ന പൂവിന്റെ രഹസ്യം കേട്ട പൂമ്പാറ്റ സൂര്യനിലേക്കു പറന്നു മോക്ഷം പ്രാപിച്ചു.
6. രാത്രിഞ്ചരൻ
ഇരുട്ട്‌ എന്താണെന്ന പൂച്ചയുടെ സംശയത്തിനു നീ പാലു കുടിക്കുമ്പോൾ കാണുന്നതെന്തോ അത്‌ എന്ന മിന്നാമിനുങ്ങിന്റെ ഉത്തരം കേട്ട നക്ഷത്രത്തിനു ചിരി വന്നു.
7. ശാപം
മദ്യത്തിൽ മുങ്ങി മരിച്ചുപോയ ഐസ്ക്യൂബുകളുടെ ശാപമാണു അവന്റെ കരളിനെ തിന്നു തീർത്തത്‌.
8. സ്വപ്നം
എന്നെങ്കിലുമൊരിക്കൽ ഒരു വിമാനത്തേയും വഹിച്ച്‌ യാത്ര ചെയ്യുക എന്നത്‌ കുട്ടിക്കാലം മുതലേ കാളവണ്ടിയുടെ സ്വപ്നം ആയിരുന്നു.
9. ആരാധന
ഒരു സന്ധ്യാസമയത്ത്‌ മിന്നൽ പോലെ വന്നുപോയ വവ്വാലിനെ സ്വപ്നം കണ്ടിരുന്ന വാഴക്കുടപ്പൻ തുമ്പികളും പൂമ്പാറ്റകളും പറഞ്ഞതൊന്നും കേട്ടില്ല.
10. താഴമ്പൂവ്‌
ഇതുവരെ മധുരസ്വരഗാനങ്ങൾ മാത്രം ആസ്വദിച്ചിരുന്ന അവളുടെ കള്ളക്കടക്കണ്ണിലെ താഴമ്പൂവ്‌, പുരക്കൻ ഒച്ചയിൽ കാമുകൻ പാടിയ പാട്ടു കേട്ട്‌ ലജ്ജാവതിയായി.
11. കുടിനീർ
വറ്റിവരണ്ട പുഴയിലെ മണൽത്തരി പെപ്സി കുടിച്ച്‌ ദാഹമകറ്റി.
12. ഫ്ലാഷ്ണ്യൂസ്‌
ടി.വി സ്ക്രീനിലെ നീലനിറത്തിലുള്ള പാതയിലൂടെ, തീവണ്ടി ദുരന്തവും മുന്നൂറു മൃതശരീരങ്ങളും വഹിച്ച്‌ ചോണനുറുമ്പുകളെപ്പോലെ നീങ്ങിയ മിന്നൽ വാർത്തക്കു മുകളിലെ കോമഡി കോപ്രായങ്ങൾ കാണികളെ കുടുകുടെ ചിരിപ്പിച്ചു കൊണ്ടിരുന്നു.
13. ഭാരം
കഥകൾ തൂക്കിവിൽക്കപ്പെടും എന്നെഴുതിയ ബോർഡിനു കീഴെ നിന്നും ആകാശത്തേക്കു പറന്ന കുഞ്ഞുകഥക്കു രക്ഷയായത്‌ അതിന്റെ ഭാരമില്ലായ്മയാണ്‌.
14. അസ്തിത്വം
ഞാൻ ഇല്ലെങ്കിൽ ചായയില്ല എന്നു തർക്കിച്ചു കൊണ്ടിരുന്ന തേയിലയേയും പഞ്ചസാരയെയും പാലിനേയും കലക്കിക്കളഞ്ഞ സ്പൂണിനോട്‌ ഇപ്പോൾ അവരൊന്നുമില്ല ഞാൻ മാത്രമേയുള്ളുവേന്ന്‌ ചായ പറഞ്ഞു.
15. ഉപ്പ്‌
നിന്റെ മിഴികൾ നീലസമുദ്രം പോലെ എന്നു പണ്ടൊരിക്കൽ പറഞ്ഞ കവിയെ കണ്ണു നിറയുമ്പോഴൊക്കെ അവളോർത്തു.
16. പാശം
നെഞ്ചിൽ കോർത്ത ചൂണ്ടയുടെ ആത്മാവിനു മോക്ഷമില്ലല്ലോ എന്നോർത്ത്‌ ദുഃഖിച്ച്‌ മീൻ പിടഞ്ഞുകൊണ്ടിരുന്നു.
17. പ്രകാശം
രാത്രിയിൽ സൂര്യൻ മുങ്ങിയെടുത്ത്‌ കൊണ്ടു പോകുന്ന ജ്വലിക്കുന്ന മുത്തുകളാണ്‌ പകലിന്റെ വെളിച്ചമെന്ന്‌, കടലിനെ ശാസ്ത്രമോതി പരിഹസിച്ച അവനോട്‌ സഹതാപമാണവൾക്കു തോന്നിയത്‌.
18. രഹസ്യം
വെളിച്ചത്തിന്റെ മണവും കാറ്റിന്റെ നിറവും ശബ്ദത്തിന്റെ രുചിയും നിറഞ്ഞ അവന്റെ സ്വപ്നത്തെ ഒരു മഞ്ഞുതുള്ളിക്കുള്ളിൽ ആരുമറിയാതെ അവൾ സൂക്ഷിച്ചു വെച്ചു.
19. വർത്തമാനം
ഭൂതവും ഭാവിയും ഉപേക്ഷിച്ചവനു എപ്പോഴും ആനന്ദമെന്നറിഞ്ഞെത്തിയ അയാളോട്‌ എല്ലാ കാലത്തിലും പൂക്കളുണ്ടെന്ന്‌ പൂന്തോട്ടം പറഞ്ഞു.
20. അസൂയ
അഞ്ചിതളുകളുള്ള ചെമ്പരത്തിയെ കണ്ട്‌ അസൂയ തോന്നിയ മൂന്നിതൾ ഫാൻ അതിനെ പൂപ്പാത്രത്തിൽ നിന്നും പറപ്പിച്ചു.
21. പൂജ്യം
ഇടതുവശത്തൊരക്കമിട്ടാൽ വിലയുണ്ടാവും പൂജ്യത്തിനെന്നു പറഞ്ഞ കണക്കുമാഷോട്‌ കേന്ദ്രത്തിലൊരു കുത്തിട്ടാൽ അതു പ്രപഞ്ചമാവുമെന്നു കവി തർക്കിച്ചില്ല.
22. ആഗോളവല
വലയിൽ കുടുങ്ങിയ ശരീരങ്ങളിൽ 'തലമാറട്ടെ വിദ്യ' പരീക്ഷിക്കാനായി കൂടെ പഠിച്ചിരുന്ന കൂട്ടുകാരികളുടെ ശിരസ്സുകൾ അവൻ വെട്ടിയെടുത്തു.
23. കൊതി
സ്ഫടികഗ്ലാസ്സിലെ പൈനാപ്പിൾജ്യൂസ്‌ കണ്ട കൈതച്ചക്കയുടെ നാവിൽ വെള്ളമൂറി.
24. തോൽവി
ബുള്ളറ്റ്‌ പ്രോ‍ൂഫ്‌ കുപ്പായം തുളച്ച്‌ അകത്തു കടന്ന വെടിയുണ്ട നേതാവിന്റെ തൊലിക്കട്ടിയോടു തോറ്റു തുന്നംപാടി.
25. തപസ്സ്‌
വിശപ്പ്‌ സഹിക്കവയ്യാതായ കുഴിയാന ഒരു വാരിക്കുഴി തീർത്ത്‌ തപസ്സ്‌ തുടങ്ങി.
26. ശിക്ഷ
തന്റെ കിരണത്തിൽ നിന്നും ഒരു മഴവില്ല്‌ കട്ടെടുത്ത മഞ്ഞുതുള്ളിയെ സൂര്യൻ ഒറ്റനോട്ടം കൊണ്ടു ദഹിപ്പിച്ചുകളഞ്ഞു.
27. സഖി
പ്രഥമദർശനത്തിൽ തന്നെ തന്നിൽ അലിഞ്ഞുചേർന്നുപോയ അവളെ ഒരു പുല്ലാംകുഴൽ ഗാനമായി പുനർജനിപ്പിച്ച്‌ അവൻ കൂടെ കൊണ്ടുനടന്നു.
28. ചാരൺ
തന്റെ നിഴൽ തേടി നടക്കുന്ന നിഴലിനെ ഒരു ചാരണെപ്പോലെ വെളിച്ചം പൈന്തുടർന്നു.
29. കല്ലെറിയട്ടെ
പാപം പുരണ്ട കല്ലുകൾ ശരീരത്തിൽ നിരന്തരമായി പതിക്കുമ്പോഴും തന്റെ നിഷ്കളങ്കതക്ക്‌ ഒരു പോറൽ പോലും വരാതെ ചെകുത്താൻ ചിരിച്ചു കൊണ്ടിരുന്നു.
30. തീവണ്ടിയാത്ര
വിരസത ഒഴിവാക്കാനായി റെയിൽവേ ബുക്ക്സ്റ്റാളിൽ നിന്നും വാങ്ങിയ പുസ്തകം യാത്ര തീരും വരെ അപരിചിതനായ സഹയാത്രികന്റെ കൈയ്യിൽ നിന്നും ചിരിച്ചുകൊണ്ടിരുന്നു.
31. പാൽക്കടൽ
സ്റ്റീരിയോവിലൂടെ 'ക്ഷീരസാഗരശയന' കേൾക്കുമ്പോഴൊക്കെ ശ്രീപത്മനാഭന്റെ ഭാഗ്യത്തെക്കുറിച്ചു പശുക്കുട്ടി ഓർത്തു.
32. കെണി
പട്ടിണി കിടന്നവരെ കടക്കെണിയിൽ വീഴ്ത്തി കൊന്നൊടുക്കി അവർ ദാരിദ്രരേഖ മാറ്റി വരച്ചു.
33. സൗരയൂഥം
ചൊവ്വയിൽ കുളംതോണ്ടാൻ ഭൂമിയിലെ മനുഷ്യർ കൊടുക്കുന്ന നിർദ്ദേശങ്ങൾ കേട്ട്‌ പേടിച്ചരണ്ട ബുധനും വ്യാഴവും ഓട്ടത്തിനു വേഗം കൂട്ടി.
34. നിസ്സഹായത
പ്ലാസ്റ്റിക്‌ കൂടുകളിലെ തണുത്ത പാൽ കൊതിയോടെ നോക്കി നിന്ന കിടാവിനെക്കണ്ട്‌ അമ്മപ്പശുവിന്റെ കണ്ണു നിറഞ്ഞു.
35. തോൽക്കുപ്പായം
കൊടുംതണുപ്പു സഹിക്കവയ്യാതെ, ചെമ്മരിയാട്ടിൻ രോമക്കമ്പിളി പുതച്ച്‌ പുറത്തിറങ്ങിയ പാവം ചെന്നായയെ പഴി പറഞ്ഞവരുടെ തോൽക്കുപ്പായങ്ങൾ ആരുടേയും കണ്ണിൽ പെട്ടില്ല.
36. ചരിത്രം
തടവുകാരുടെ പാട്ടിൽ ഇരുമ്പഴികൾ അലിഞ്ഞുചേർന്നുണ്ടായ മഹാപ്രവാഹത്തിൽ അധികാരം ഒലിച്ചുപോയി.
37. മേഘസന്ദേശം
വിരഹിയായ കാമുകന്റെ സന്ദേശങ്ങൾ മൊബെയിൽഫോണുകളെ തേടി മേഘങ്ങൾക്കിടയിലൂടെ പറന്നു.
38. സ്നാനം
ഫാക്ടറിക്കരികിലൂടെ ഒഴുകിയ പുഴയിൽ കുളിച്ച വെള്ളക്കൊക്കുകൾ കാക്കകളായി മാറി.
39. ഉള്ളിലിരിപ്പ്‌
തന്റെ മകളെ വളരെക്കുറച്ച്‌ ആഭരണങ്ങൾ മാത്രമണിയിച്ച്‌ വിവാഹപന്തലിലേക്കാനയിച്ച നേതാവിനെ മാതൃകയാക്കണമെന്ന പ്രസംഗം കേട്ട്‌ നൂറുപവന്റെ പൊന്നരഞ്ഞാണം പൊട്ടിച്ചിരിച്ചു.
40. ആത്മപ്രശംസ
താൻ ഒരു തുള്ളി നക്ഷത്രമാണെന്ന്‌ മൂക്കുത്തിയും അസ്തമയസൂര്യന്റെ മകളാണെന്ന്‌ നെറ്റിയിലെ കുങ്കുമപ്പൊട്ടും പറഞ്ഞതു കേട്ട്‌ അവളുടെ ഇടതു കണ്ണിലെ കൃഷ്ണമണി പൊട്ടിച്ചിരിച്ചു.
41. ചിത്രവിശേഷം
തന്റെ നോട്ടം കൊണ്ടു ചെറുതാക്കി, ക്യാമറ ബന്ധനസ്ഥരാക്കിയ താരങ്ങൾ പ്രോജക്ടർ നൽകിയ ശാപമോക്ഷത്തിലൂടെ വലുതാവുകയും തിരശ്ശീലയിലൂടെ നടന്ന്‌ കാണികളുടെ മനസ്സിലേക്ക്‌ കയറിപ്പോവുകയും ചെയ്തു.
42. അന്തർനേത്രം
തന്നെ ഒരിക്കലും സ്വയം കാണാനാവില്ലെന്നറിഞ്ഞ കണ്ണ്‌ കണ്ണാടിയിലിരുന്നു കരഞ്ഞു.
43. ചെറിയവർ
കൊമ്പനാനയെ കൊന്ന സിംഹം കട്ടുറുമ്പിന്റെ കടിയേറ്റു പുളയുന്നതു കണ്ട്‌ ആട്ടിൻകുട്ടിക്ക്‌ ബോധോദയമുണ്ടായി.
44. അഹം
ആറ്റംബോംബിനെക്കുറിച്ച്‌ കേട്ടതു മുതൽ കടുകുമണി കൊണ്ടുനടന്നിരുന്ന അഹങ്കാരം ചീനച്ചട്ടിയിലെ തിളങ്ങുന്ന എണ്ണയിൽ വീണു പൊട്ടിച്ചിതറി.
45. പുഞ്ചിരി
കൈക്കുമ്പിളിലെ ഇത്തിരിവെള്ളത്തിൽ അമ്പിളിമാമനെ കുടുക്കിയ ഏട്ടത്തിയെ ആരാധനയോടെ നോക്കിയ കുഞ്ഞനിയന്റെ മുഖം നിലാവുകൊണ്ടു നനഞ്ഞു.
46. സാന്ത്വനം
കരഞ്ഞു തളർന്ന ആകാശത്തെ കാറ്റ്‌ താരാട്ടു പാടി ഉറക്കി.
47. ഉടമ്പടി
രാജ്യം വിറ്റുകിട്ടിയ പണം മുഴുവൻ രാജാവ്‌ കിരീടത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചു.
48. ഔഷധം
പ്രജകളുടെ കണ്ണുനീർ മുടങ്ങാതെ കുടിച്ചാണു രാജാവ്‌ നിത്യയൗവ്വനം നിലനിർത്തുന്നതെന്ന്‌ രാജ്ഞിക്കുപോലുമറിയില്ലായിരുന്നു.
49. ശാപമോക്ഷം
അവളുടെ സ്നേഹം സ്പർശിച്ച മാത്രയിൽ ചെകുത്താൻ വീണ്ടും ദൈവമായി മാറി.
50. പൊങ്ങച്ചം
ഇലകളുടെ വലുപ്പത്തെക്കുറിച്ച്‌ വീമ്പിളക്കിയ വാഴയുടെ തല, തന്റെ ഇലകളെ എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന പുളിമരത്തിന്റെ തിരിച്ചടിയിൽ കുനിഞ്ഞുപോയി.
51. അന്ധകാരം
ന്യായാധിപന്റെ കൃഷ്ണമണികൾ കുത്തിപ്പൊട്ടിക്കുന്നത്‌, കണ്ണുകൾ മൂടപ്പെട്ട നീതിദേവത അറിഞ്ഞതേയില്ല.
52. ഗുരു
കുഞ്ഞുറുമ്പ്‌ ഉള്ളതുകൊണ്ടാണു താൻ ഇത്ര വലിയ ആളായതെന്നു പറഞ്ഞുകൊടുത്ത അണ്ണാറക്കണ്ണനെ ആന ഗുരുവായി സ്വീകരിച്ചു.