Friday, September 11, 2009

മത്സ്യബന്ധനം-പി.എ. അനിഷ്



കഴായില്‍ നിന്നൊരു കുഞ്ഞു
മീനിനെപ്പിടിച്ച്‌
കുപ്പിയിലിട്ടു

അടിത്തട്ടില്‍
മണലിന്റെ താഴ്‌വരയൊരുക്കിയതില്‍
ഉരുളന്‍ കല്ലുകളിട്ടു
വിശക്കുമെന്നു കരുതി
വറ്റുകളിട്ടു

മണലോ
കല്ലോ
വറ്റോ കാണാതെ
ചില്ലിന്‍ത്തന്നെ
ചുണ്ടുകളമര്‍ത്തിയത്‌
നീന്തിക്കൊണ്ടേയിരുന്നു

നാളെയൊരു ചെടി
നടണമതില്‍
രാത്രിയോര്‍ത്തു കിടന്നു.
വെളുക്കുവോളം
കണ്ടല്‍ച്ചെടികള്‍ക്കിടയിലൂടെ
ചെറുമീനായ്‌ നീന്തിത്തുടിച്ചു

ഇന്നോ
ഭൂമിയോളം
ആകാശത്തോളം
ഇടമുണ്ടായിട്ടും
ചില്ലുകുപ്പിയില്‍ത്തന്നെ
കുരുങ്ങിക്കിടക്കുന്നു,
ശ്വാസംമുട്ടി-
ത്തീരുവോളം.