Friday, September 11, 2009

ടൂറിസവും മനോഭാവവും-കലവൂർ രവികേരളത്തെ ഒരു ആഗോള ടൂറിസം ഗ്രാമമാക്കാനുള്ള ശ്രമത്തിലാണല്ലോ നാം ഏർപ്പെട്ടിരിക്കുന്നത്‌. ഒരു 'അദൃശ്യവ്യവസായ'മായാണ്‌ ടൂറിസത്തെ പരിഗണിക്കുന്നതെങ്കിലും ഇന്ന്‌ ധാരാളംപേർ ഈ രംഗത്ത്‌ നിക്ഷേപത്തിനൊരുങ്ങുന്നുണ്ടെന്നത്‌ പ്രതീക്ഷയുണർത്തുന്ന കാര്യമാണ്‌.
ടൂറിസം വികസിക്കുന്നതോടെ സമൂഹത്തിന്റെ ഭൗതികജീവിതവും അഭിവൃദ്ധിപ്പെടും. ആരും ശ്രദ്ധിക്കപ്പെടാത്ത പ്രദേശങ്ങൾപോലും വിനോദസഞ്ചാരത്തിന്റെ അനുബന്ധഫലമെന്ന രീതിയിൽ ശ്രദ്ധോകേന്ദ്രമാകുന്നു. ഓരോ ചെറിയ ഗ്രാമത്തെയും അന്താരാഷ്ട്ര മാർക്കറ്റിനോട്‌ ബന്ധിപ്പിക്കാനാകുന്നു.
2008ൽ വിദേശ ടൂറിസ്റ്റുകളായി ആറുലക്ഷംപേർ ഇവിടെയെത്തി. കഴിഞ്ഞ വർഷം 3066.52 കോടി രൂപ വിദേശനാണ്യമായി കേരളത്തിനു കിട്ടി. ടൂറിസത്തിൽ നിന്നും ആകെ ഈ വർഷം 13,130 കോടിരൂപ ലഭിച്ചു.
കേരളത്തിൽ 'കോവളം' മാത്രമല്ല ഭൂതത്താൻകെട്ടും അതിരപ്പിള്ളിയുമെല്ലാം ഇന്ന്‌ ആഗോള പ്രശസ്തമായ സ്ഥലങ്ങളാണെന്ന്‌ ഓർക്കണം.
എന്നാൽ നിക്ഷേപങ്ങളുമായി വരുന്നവർക്ക്‌ ഇവിടെ നിന്ന്‌ കിട്ടുന്ന പ്രതികരണമെന്താണ്‌? സുഗമമായ രീതിയിൽ എന്തെങ്കിലും തുടങ്ങാൻ സാധിക്കുമോ?
പല നിക്ഷേപകരും പറയുന്നത്‌, സർക്കാരിൽ നിന്ന്‌ പച്ചക്കൊടി കിട്ടിയാലും ഉദ്യോഗസ്ഥഭരണതലത്തിൽ കാര്യങ്ങൾ നീങ്ങുന്നില്ല എന്നാണ്‌. ഓഫീസുകൾ കയറിയിറങ്ങി നടക്കുകയല്ലാതെ ഒരു ഫലവുമില്ല. ഒരു സംരംഭകന്‌ വലിയ മുതൽമുടക്കിനുപുറമേ, ഈ ഓഫീസു കയറിയിറങ്ങൽ നഷ്ടങ്ങൾ മാത്രമാണ്‌ സമ്മാനിക്കുന്നത്‌. ചിലർക്ക്‌ മറ്റ്‌ മാർഗ്ഗമില്ലാതെ കൈമടക്ക്‌ കൊടുക്കേണ്ടിവരുന്നു.
ടൂറിസം രംഗത്ത്‌ നിക്ഷേപങ്ങൾ നടത്തുന്നതുവഴി തൊഴിലവസരം വർദ്ധിക്കുമെന്ന്‌ ഏവർക്കുമറിയാം. അതോടൊപ്പം വിദേശനാണ്യത്തിന്റെ വരവും കൂടുമെന്ന്‌ ഓർക്കണം.
ഉദ്യോഗസ്ഥ മനോഭാവം മാറണം
നിക്ഷേപക സൗഹൃദസംസ്ഥാനമെന്ന്‌ നാം എപ്പോഴും പ്രഖ്യാപനം നടത്തുന്നുണ്ട്‌. പക്ഷേ, ഫലത്തിൽ ഒന്നും കാണുന്നില്ല. സർക്കാരിന്റെ ഇച്ഛാശക്തിക്കൊത്ത്‌ പ്രവർത്തിക്കാനാവശ്യമായ ഉദ്യേഗസ്ഥമനോഭാവം ഉണ്ടാകണം. നാടിന്റെ നന്മയ്ക്കായുള്ള പ്രയത്നത്തിന്റെ ഭാഗമായി ഇതിനെ കാണണം. സ്വന്തം ഉൽപ്പന്നങ്ങൾകൊണ്ട്‌ ജീവിതമാർഗ്ഗം കണ്ടെത്താൻ കഴിയാത്ത നമ്മുടേതു പോലുള്ള ഒരു സംസ്ഥാനത്ത്‌, ടൂറിസത്തെ ആശ്രയിക്കാതെ തരമില്ല.
ടൂറിസത്തോടുള്ള നമ്മുടെ പരമ്പരാഗത മനോഭാവം മാറാതെ ഇനി മുന്നേറ്റം സാധ്യമാകില്ല. ഒരു കാര്യം എനിക്ക്‌ നിസ്സംശയം പറയാൻ പറ്റും. നിക്ഷേപകർക്ക്‌ അനുകൂലമായ ഒരു കാലാവസ്ഥ ഇവിടെയില്ല. നയപരമായ നല്ല സമീപനങ്ങളുണ്ടെങ്കിലും പ്രായോഗികമായി വിജയിക്കാൻ കഴിയുന്നില്ല.
കേരളത്തെ ടൂറിസം വിപണിയിൽ ശ്രദ്ധേയമാക്കുന്നത്‌, അതിന്റെ മനോഹരമായ തീരപ്രദേശങ്ങളും ഉൾനാടൻ ജലസമ്പത്തും വെള്ളച്ചാട്ടങ്ങളും ഹിൽസ്റ്റേഷനുകളും കാലാവസ്ഥയും ആയുർവ്വേദ ചികിത്സാസൗകര്യങ്ങളുമെല്ലാമാണ്‌.
കേരള ടൂറിസത്തിന്റെ വളർച്ച പ്രതിവർഷം 11.4 ശതമാനമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ ലോകത്തിലേതന്നെ ഏറ്റവും വലിയ നിരക്കാണ്‌. വളരെവൈകി ടൂറിസം രംഗത്തെത്തിയതിന്റെ നേട്ടവും നമുക്കുണ്ട്‌. ആഫ്രിക്കയ്ക്കും മറ്റും ഉണ്ടായ തിരിച്ചടികളുടെ ഫലം മനസ്സിലാക്കാൻ നമുക്കു കഴിഞ്ഞു എന്നതാണത്‌.
മെഡിക്കൽ ടൂറിസം
നമ്മുടെ ടൂറിസത്തിന്റെ ഒരു പ്രധാനമേഖല മെഡിക്കൽ ടൂറിസമായിരിക്കും. വിദേശത്ത്‌ വൻചെലവുള്ള ശസ്ത്രക്രിയകളും ചികിത്സകളും താരതമ്യേന ചുരുങ്ങിയ ചെലവിൽ ഇവിടെ നടത്താൻ കഴിയുന്നു? ഹൃദയശസ്ത്രക്രിയ, സൗന്ദര്യവർദ്ധക ശസ്ത്രക്രിയ, ദന്തചികിത്സ, അവയവങ്ങൾ മാറ്റിവയ്ക്കൽ, കാൻസർ ചികിത്സ, ന്യൂറോ ശസ്ത്രക്രിയ എന്നീ രംഗങ്ങളിൽ നമുക്ക്‌ വിദേശത്തുനിന്നുള്ള രോഗികളെ ആകർഷിക്കാൻ കഴിയും. അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും ധാരാളം രോഗികൾ ഇപ്പോൾ ഇന്ത്യയിൽ വിദഗദ്ധ ചികിത്സയ്ക്കെത്തുന്നുണ്ട്‌. ഇന്ത്യയിൽ ഓരോ വർഷവും 15 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ എത്തുന്നുണ്ട്‌. ഈ കണക്ക്‌ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിൽ 80 ശതമാനവും സ്വകാര്യമേഖലയിലുള്ള ആശുപത്രികളെയാണ്‌ ആശ്രയിക്കുന്നത്‌. ഇവിടെയാണ്‌ മെഡിക്കൽ ടൂറിസം രംഗത്ത്‌ നമ്മൾ സ്വകാര്യസംരംഭകർക്ക്‌ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ടതിന്റെ പ്രസക്തി.
ഇന്ത്യയിലെ ലോക നിലവാരത്തിലുള്ള മരുന്നുൽപാദന വ്യവസായങ്ങളുണ്ട്‌. 180 രാജ്യങ്ങളിലേക്ക്‌ ഇന്ത്യൻ കമ്പനികൾ മരുന്ന്‌ കയറ്റി അയക്കുന്നു. ഈ അനുകൂലസാഹചര്യം പ്രയോജനപ്പെടുത്താൻ കേരളത്തിനു കഴിയാത്തത്‌, ഇവിടത്തെ ഉദ്യേഗസ്ഥന്മാരുടെ നിസ്സഹകരണം മൂലമാണെന്ന്‌ പറയേണ്ടിവരുന്നതിൽ എനിക്ക്‌ ഖേദമുണ്ട്‌.
മെഡിക്കൽ ടൂറിസം ആയിരക്കണക്കിനു വർഷങ്ങളുടെ പഴക്കമുള്ള വ്യവസായമാണ്‌. പുരാതന ഗ്രീസിൽ തീർത്ഥാടകരും രോഗികളും ഒരുപോലെ വന്നെത്തിയിരുന്നത്‌ മെഡിറ്ററേനിയൻ മേഖലയിൽ നിന്നായിരുന്നു. 18-​‍ാം നൂറ്റാണ്ടിൽ സമ്പന്നരായ യൂറോപ്യന്മാർ സുഖചികിത്സയ്ക്കായി ജർമ്മനിയിലും നെയിൽനദിയുടെ തീരത്തും പോയിരുന്നു. ഈ നൂറ്റാണ്ടിലാകട്ടെ, ചെലവുകുറഞ്ഞ ജെറ്റ്‌ യാത്ര മെഡിക്കൽ ടൂറിസത്തെ നമ്മുടെ പടിവാതിൽക്കൽവരെ എത്തിച്ചിരിക്കുന്നു.
ഇന്ത്യയുടെ നാഷണൽ ഹെൽത്ത്‌ പോളിസിയനുസരിച്ച്‌ വിദേശരോഗികളെ ചികിത്സിക്കുക എന്നത്‌ 'കയറ്റുമതി'യായാണ്‌ കണക്കാക്കുന്നത്‌. അതുകൊണ്ടു തന്നെ കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിനുള്ള സാമ്പത്തികമായ ഇൻസെന്റീവിന്‌ അർഹതയുണ്ട്‌. 2012-ഓടെ ഇന്ത്യയുടെ മെഡിക്കൽ ടൂറിസം ടേൺഓവർ ആയിരം ദശലക്ഷത്തിനും രണ്ടായിരം ദശലക്ഷത്തിനും ഇടയിലായിരിക്കുമെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. 30 ശതമാനം കണ്ട്‌ ഓരോ വർഷവും മെഡിക്കൽ ടൂറിസം ഇന്ത്യയിൽ വർദ്ധിക്കുകയാണ്‌. 2001 നും 2004 നുമിടയിൽ അപ്പോളോ ഹോസ്പിറ്റലിൽ അറുപതിനായിരത്തിലേറെ വിദേശരോഗികൾ ചികിത്സിക്കാനെത്തി.