കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് ഏതൊരു ചെറുപ്പക്കാരനെയും പോലെ
വിപ്ലവവും പ്രണയവും ചോരയില്‍ കലരാന്‍ തുടങ്ങുന്ന സമയത്ത് തന്നെയാണ്
എന്‍റെ ഉള്ളിലും കവിത ഉണ്ടാകുന്നത്. പിന്നീട് ജീവിതം മാറി മറിയുമ്പോള്‍
വിപ്ലവവും പ്രണയവും സ്വപ്നങ്ങളുമെല്ലാം രൂപം മാറി. കവിത എങ്ങോ പോയി.
പിന്നീട് വീണ്ടും കവിത മടങ്ങി വരുന്നത് പ്രവാസ കാലത്താണ്,
നാടും അതിന്റെ ഓര്‍മ്മകളും മരുഭൂമിയില്‍ കൈവിട്ടു പോകാതെ സൂക്ഷിച്ചു വെച്ചത്
എന്തൊക്കെയോ കുറിച്ചിട്ട ഒരു നോട്ടു ബുക്കിന്റെ താളുകളിലാണ്.
പക്ഷെ പിന്നീടതിന് കൂടുതല്‍ ഗൌരവം വരുന്നത് ബ്ലോഗ് തുടങ്ങുന്നത്തോട് കൂടിയാണ്.
ഒരുപക്ഷെ ബ്ലോഗ് എന്ന മാധ്യമം തന്നെ ആയിരിയ്ക്കും എന്നില്‍ കവിത
എന്ന ഒരു അംശം ഉണ്ടെങ്കില്‍ അത് കണ്ടെത്തിയതും പരിപോഷിപ്പിച്ചതും.
കവി എന്നൊരിയ്ക്കലും സ്വയം തോന്നിയിട്ടില്ലെങ്കിലും ഓരോ വരിയും
എഴുതുമ്പോള്‍ ഞാന്‍ അനുഭവിച്ചതെന്തോ അതെല്ലാം
അതേ തീവ്രതയില്‍ മറ്റാരൊക്കെയോ അനുഭവിയ്ക്കുന്നു.
ഒരുപാട് ദൂരത്തിരുന്നു ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ഒരുപാട് പേര്‍ ബന്ധുക്കളാകുന്നു.
അതുകൊണ്ടു തന്നെ ഈ കാലത്ത് കവിത ജീവിതം തന്നെ ആകുന്നു എന്നാണു എനിയ്ക്ക് തോന്നുന്നത്.
ഹൃദയത്തിന്‍റെ അടിത്തട്ടിലെവിടെയോ വീണു മറഞ്ഞു പോവുമായിരുന ഒരുപാട് ഓര്‍മ്മകളും
സന്തോഷങ്ങളും വേദനകളും പങ്കു വെയ്ക്കപ്പെടുന്നതിന്റെ അതിരില്ലാത്ത
ആഹ്ലാദമാണ് ഈ കവിതകളിലൂടെ എനിയ്ക്ക് കൈവരുന്നത്.
പകല്‍കിനാവന്‍
വിപ്ലവവും പ്രണയവും ചോരയില്‍ കലരാന്‍ തുടങ്ങുന്ന സമയത്ത് തന്നെയാണ്
എന്‍റെ ഉള്ളിലും കവിത ഉണ്ടാകുന്നത്. പിന്നീട് ജീവിതം മാറി മറിയുമ്പോള്‍
വിപ്ലവവും പ്രണയവും സ്വപ്നങ്ങളുമെല്ലാം രൂപം മാറി. കവിത എങ്ങോ പോയി.
പിന്നീട് വീണ്ടും കവിത മടങ്ങി വരുന്നത് പ്രവാസ കാലത്താണ്,
നാടും അതിന്റെ ഓര്‍മ്മകളും മരുഭൂമിയില്‍ കൈവിട്ടു പോകാതെ സൂക്ഷിച്ചു വെച്ചത്
എന്തൊക്കെയോ കുറിച്ചിട്ട ഒരു നോട്ടു ബുക്കിന്റെ താളുകളിലാണ്.
പക്ഷെ പിന്നീടതിന് കൂടുതല്‍ ഗൌരവം വരുന്നത് ബ്ലോഗ് തുടങ്ങുന്നത്തോട് കൂടിയാണ്.
ഒരുപക്ഷെ ബ്ലോഗ് എന്ന മാധ്യമം തന്നെ ആയിരിയ്ക്കും എന്നില്‍ കവിത
എന്ന ഒരു അംശം ഉണ്ടെങ്കില്‍ അത് കണ്ടെത്തിയതും പരിപോഷിപ്പിച്ചതും.
കവി എന്നൊരിയ്ക്കലും സ്വയം തോന്നിയിട്ടില്ലെങ്കിലും ഓരോ വരിയും
എഴുതുമ്പോള്‍ ഞാന്‍ അനുഭവിച്ചതെന്തോ അതെല്ലാം
അതേ തീവ്രതയില്‍ മറ്റാരൊക്കെയോ അനുഭവിയ്ക്കുന്നു.
ഒരുപാട് ദൂരത്തിരുന്നു ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ഒരുപാട് പേര്‍ ബന്ധുക്കളാകുന്നു.
അതുകൊണ്ടു തന്നെ ഈ കാലത്ത് കവിത ജീവിതം തന്നെ ആകുന്നു എന്നാണു എനിയ്ക്ക് തോന്നുന്നത്.
ഹൃദയത്തിന്‍റെ അടിത്തട്ടിലെവിടെയോ വീണു മറഞ്ഞു പോവുമായിരുന ഒരുപാട് ഓര്‍മ്മകളും
സന്തോഷങ്ങളും വേദനകളും പങ്കു വെയ്ക്കപ്പെടുന്നതിന്റെ അതിരില്ലാത്ത
ആഹ്ലാദമാണ് ഈ കവിതകളിലൂടെ എനിയ്ക്ക് കൈവരുന്നത്.
പകല്‍കിനാവന്‍
1. ഉറക്കം മുറിഞ്ഞവരുടെ തെരുവ്
വറുത്ത നിലക്കടലയുടെയും
വാടിയ മുല്ലപ്പൂവിന്‍റെയും
ഗന്ധമഴിച്ചുവെച്ച് നഗരമുറങ്ങുമ്പോഴും
ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്...
മരിച്ചവന്‍റെ ഫോട്ടോയ്ക്ക് പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍,
അവ മാത്രം അറിയുന്നുണ്ടാവണം
ഉറക്കം മുറിഞ്ഞ-
രണ്ടു കണ്ണുകളിലെ ഏകാന്തത.
ചായപ്പെന്‍സിലുകള്‍ നിറയെ വരഞ്ഞ ഭിത്തികളില്‍
ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു.
ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ
അകന്നു പോകുന്നു,
വിജനമായ തെരുവും
നിശ്വാസങ്ങള്‍ മൂടിയ ഒരു മേല്‍ക്കൂരയും...
ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്.
എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?
2.
വീട് വാടകയ്ക്ക്
വാടക വീടുകള്‍ക്കെന്നും
മടുപ്പിന്റെ ഗന്ധമാണ്...
രാവും പകലും
കറുപ്പും വെളുപ്പുമായ്
ഇടകലര്‍ന്നു വീടുകള്‍
ഇടനാഴികളാകും ..
കനലായ് എരിയുമടുക്കളയും
ബീഡി പുകയ്ക്കും ഉമ്മറവും
വാക്കുകളില്‍ പിണഞ്ഞു പിണങ്ങും...
എണ്ണ വറ്റിയ നിലവിളക്ക്
ഇറയത്തിരുന്നു കരിന്തിരിയോട്
പരിഭവം പറയും..
അഴികളില്ലാത്ത ജനാലകള്‍
ഉറങ്ങുന്നതും കാത്ത്
കിടപ്പുമുറി കാതോര്‍ക്കും,
ചാരുകസേര കാല്‍ നീട്ടിവെച്ച
വരാന്തയൊന്നു മുറിച്ചു കടക്കാന്‍
അടുക്കളയോട് ചേര്‍ന്ന ചരിപ്പില്‍
പല്ലുകളൊഴിഞ്ഞൊരു മോണ
മുറുമുറുപ്പിന്‍ തെറി
ചവച്ചു തുപ്പുന്നുണ്ടാകും..
ഭിത്തികളില്‍ ഉറഞ്ഞു കൂടിയ മൌനം
നിലാവിലേക്ക് നോക്കി മുഖം കറുക്കും...
പലതായ് ചിതറിയ ചില്ല് കൂട്ടിലേക്ക്
പല രൂപങ്ങള്‍, ഭാവങ്ങള്‍,
ശില്പങ്ങളാകും...
പിണക്കവും പരിഭവവും മുറുമുറുപ്പും
അടുക്കിവെച്ച് നട്ടുനനച്ച
തുളസിത്തറയും പിഴുതെടുത്ത്
മറ്റൊരു വാടക വീട്ടിലേക്ക്
പൂട്ടിയിറങ്ങുമ്പോഴാകും
പിന്നില്‍ താഴുകള്‍ക്ക്
കണ്ണ് നിറയുക
3.
പുഴക്കിപ്പുറം നില്‍ക്കുമ്പോള്‍
ഉള്ളില് ചോന്നും
പുറമേ നീലിച്ചുമിങ്ങനെ
എത്രനാള്‍ ഒഴുകിപരക്കും...
ഓളം കൊണ്ട് കണ്ണുചിമ്മി
പിന്നെയും കൊതിപ്പിക്കും...
നീന്തലറിയാത്ത എന്നെ
പ്രണയം കൊണ്ട്
എന്തിനാണിങ്ങനെ...?
നെഞ്ചിലൊരു മഴ പടര്‍ന്നാരവമാകും...
വരഞ്ഞിട്ടു പോകും പച്ചകുത്തിയ പോലെ...
ആനയും മയിലും മാറി മാറി ചിത്രങ്ങളാകും
അകമേ തകര്‍ന്നൊരു കല്ല് സ്ലേറ്റ്.
കണ്ണ് നിറച്ചു ഓടി അകലും എകാന്തമൊരു മഴ,
പുഴയ്ക്കപ്പുറം ചെന്ന് പൂമരമാകും,
മാറുയര്‍ത്തി ചില്ല കുലുക്കി വിളിക്കും...
ആഴങ്ങളില്‍ ഒഴുകി മറിയുമ്പോഴും
മേലെ ഉള്ളു നിറഞ്ഞു ചിരിക്കും പുഴ.
കള്ളീ,
എനിക്ക് നീന്തലറിയില്ലല്ലോ..!
എന്നിട്ടും...
മുറിച്ചു മാറ്റാന്‍ കഴിയാതെ
ഉള്ളു നിറയെ പടര്‍ന്നു കയറുമീ
പ്രണയ ഞരമ്പുകള്‍...
4.
എത്ര തിരഞ്ഞിട്ടും...
ഓര്‍മ്മകളുടെ തുരുത്തിലേക്ക്
ആഴത്തില്‍ തുഴഞ്ഞു കയറാന്‍
ഒരു വാക്ക് തിരയുകയാണ്,
എത്ര തിരഞ്ഞാലും
വാക്കുകള്‍ അക്ഷരങ്ങളായി പിരിഞ്ഞു
പല ദിക്കിലേക്ക് മുറിഞ്ഞ വേരുകളാകും.
തിരച്ചിലിന്‍റെ ഉരുള്‍ പൊട്ടലില്‍
കുത്തിയൊലിച്ച് ഓര്‍മ്മകള്‍...
നെറികെട്ട ഒരു വെളുപ്പാന്‍ കാലം...
മണ്ണും, മലയും, വീടും, വേലിയും
കാഴ്ച്ചപോയ കടലു പോലെ,
ഉള്ളിലിന്നും ഇരമ്പി നില്‍ക്കുന്നു.
കണ്ണിമാങ്ങയും നെല്ലിക്കയും
പകുത്തുവെച്ച് കാത്ത കുപ്പിവളകള്‍
എത്ര ആഴത്തിലാകും മുറിഞ്ഞ് മാറിയത്...
എത്ര തിരഞ്ഞാലും,
അനങ്ങാപ്പാറയാകും ഓര്‍മ്മകള്‍.
ചിലനേരം ഒറ്റക്കാലില്‍
ചരിഞ്ഞുപോയ മുഖമൊന്നു
നേര്‍രേഖയിലാക്കാന്‍
കൈകള്‍ തിരയുന്ന നോക്കുകുത്തിയാകും ...
ഭൂതകാലത്തിന്റെ അറകള്‍ക്കുള്ളിലേക്ക്
എത്ര ആഞ്ഞു കുതിച്ചാലും
സങ്കല്‍പ്പങ്ങളുടെ ഭാവിയിലേക്ക്
നിരന്തരം വഴുതി മാറും...
മുറിഞ്ഞ് പോയ ഓര്‍മ്മകളില്‍ ചിലത്
എല്ലാറ്റിനുമൊടുവില്‍
അപൂര്‍ണ്ണമായ
മണ്ണിരയുടെ പുറ്റുകള്‍ പോലെ
അവിടവിടെ ഉയരുന്നുണ്ടാകും.
നിറംപോയ ആ മണ്‍ മണത്തിലും
എത്ര തിരഞ്ഞിട്ടും ,
വാക്കുകള്‍ അക്ഷരങ്ങളായി പിരിഞ്ഞു
പല ദിക്കിലേക്ക് മുറിഞ്ഞ വേരുകളാകും.
5.
വേരറ്റ നിലവിളികള്‍
കിഴക്കന്‍മല കയറിവരും
വെയിലിനൊപ്പം നിഴലുകള്‍
നീങ്ങിയും നിരങ്ങിയും...
ചിതല് തിന്നുപോയതിന്‍ ബാക്കിയില്‍
"ദൈവത്തിന്റെ സ്വന്തം"
ചൂണ്ടു പലക സാക്ഷി..
തേവരുടെ പാടത്ത് ഉഴുതിട്ട ഓരോ
കിതപ്പും നുര പതഞ്ഞു
വഴിയില്‍ വേദനയുടെ മുക്കറയാകും.
ഓരോ മടുപ്പിലും വീഴ്ചയിലും
നെടുകെ പിളര്‍ന്നു കൊള്ളിയാന്‍ പോലെ
കറുപ്പയ്യന്റെ ചാട്ട മുതുകില്‍
തീ വരയായി പടര്‍ന്നു കേറും.
കാലിയാക്കി കിഴക്കു പായുന്ന
തമിഴന്‍ലോറി പറത്തിയ പൊടിമണ്ണ്
എല്ലുന്തിവലിഞ്ഞ തൊലിപ്പുറത്തു
പാഴ് ജീവിതം പോലെ ചേര്‍ന്നുകയറും...
മഴയിലും വെയിലിലും വേരുറച്ചുപോയ
മൈല്‍കുറ്റികള്‍ കൈനീട്ടി തൊടാന്‍ വയ്യാതെ
കരുണയുടെ നെടുവീര്‍പ്പുകളായി
വഴിയോരം തറഞ്ഞു നില്‍ക്കും.
കാത്തു കാത്തിരിക്കും...
ഇടംകണ്ണിട്ടു നോട്ടമെറിയും...
ഉരുള്‍ പൊട്ടിയാലും പ്രളയമായാലും
ഉറച്ചുപോയൊരു കാരിരുമ്പ്
ഉരച്ചുതേച്ച് മൂര്‍ച്ച കൂട്ടി
ഉറക്കമൊഴിയും...
നരച്ചുവെളുത്തു വേരടര്‍ന്നുപോയ
ഒരു ജന്മം മുറിച്ചു
പല പൊതികളാക്കാന്‍...
നടന്നുതീര്‍ത്ത വഴികളില്‍
ചോര്‍ന്നുപോയ എതിര്‍പ്പുകള്‍
അവസാന യാത്രയെന്നറിയാതെയാകും
കൂര്‍ത്ത കത്തിമുനയിലേക്കൊരു
അനായാസ നടന്നുകയറ്റം...
ഒരു കബറടക്കമില്ലാതെ
മുറിവുകളായി പലയടുപ്പുകളില്‍
തിളച്ചു മറിയുമ്പോഴും
ഇരുകാലികളുടെ
നന്ദിയില്ലായ്മയുടെ രാഷ്ട്രീയം
ഇറച്ചി കഷണങ്ങളില്‍ നിലവിളികളാകും...
6.
കടല്‍ സാക്ഷിയാകും
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...
കരയിലേക്ക് പിടിച്ചിട്ട മീനുകള്‍
ചെകിള ഇളക്കി തിരയെ വിളിക്കും
കടലിലേക്ക് പോകാനായ്...
വെയില് കാണാന്‍ പോയ
പെണ്‍ മീനുകളെയോര്‍ത്ത്
ആഴങ്ങളില്‍ തിരയിളക്കമുണ്ടാകും...
തിരയില്‍ കാമം വിതയ്ക്കുന്ന
കഴുകനെയോര്‍ത്ത്
കടലില്‍ വലിയ മീനുകള്‍
ഉറക്കമൊഴിയും..
കരയില്‍ പിടയ്ക്കുന്ന മീനുകളുടെ
കരിമഷിയും ചാന്തുപൊട്ടും പടര്‍ന്നു
തീരം കറുത്തു പോകും ...
വലക്കണ്ണി പൊട്ടിച്ചു
തിരികെയെത്തിയ മീനുകള്‍
ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
ഇളകിപ്പോയ ചെതുമ്പലുകളും
മുറിഞ്ഞു പോയ ചിറകുകളും
കാട്ടിക്കൊടുക്കുന്നുണ്ടാകും...
ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...
7.
കാലം ചുളിവുകളിട്ട ചുവരുകള്‍ക്കുള്ളില്‍...!
ഒരു നിമിഷത്തിന്റെ ആത്മകഥ
ഒരു കാലഘട്ടം മുഴുവനിരുന്നു
വായിച്ചാലും തീരാത്ത പോലെ ...
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ കൂട്ടി വെച്ച്
എഴുതി തീരാറായ മഹാകാവ്യങ്ങള്‍
ചിതറി കിടക്കുന്നിടം...
അലറിയൊഴുകിയ കടലിന്റെ മേല്‍
പലവഴി തിരിഞ്ഞ ഓളങ്ങളെ
ഒരു തിരയില്‍ കോര്‍ത്ത കപ്പലോട്ടം
ഇല്ലാത്ത ദിശായന്ത്രങ്ങളില്‍ തട്ടി
കൊടുങ്കാറ്റിലലിയാനായ് ഒരു വേള
ഓര്‍ത്തു പോയിരിക്കാം...
ചുറ്റും കാഴ്ചകള്‍ മങ്ങിയ കണ്ണുകള്‍
പെറ്റു പേറിയ കഥകള്‍ പറയും ...
ഒതുക്കി വെച്ച കഥ കൂട്ടുകളില്‍
വെയില്‍ വരച്ച മുട്ടകള്‍ വിരിയുന്നതും
കാത്ത് കുറെ വേഷമില്ലാത്ത രൂപങ്ങള്‍...
വേനല്‍ച്ചൂട് വീണു കരിഞ്ഞ
പാടങ്ങള്‍ക്കു നടുവില്‍ വരണ്ടു കിടന്ന
നടവരമ്പുകള്‍ കരുണയുടെ കാല്പാടുകള്‍
ഇനിയെങ്കിലും പതിയുമെന്ന്
ഒരു മാത്ര നിനച്ചിരിക്കാം...
ഇരുളടഞ്ഞ ജീവന്റെ നാരുകള്‍
ഇഴചേര്‍ന്നു മങ്ങിയ ഇലയില്‍നിന്ന്
വാരിയെടുത്ത ചോറുരുളകളില്‍
വീണുടഞ്ഞ കണ്ണുനീരു പകര്‍ന്ന
ഉപ്പിന്റെ നീറ്റല്‍ ഇല്ലാതിരുന്നെങ്കിലെന്ന്
ഒരിറ്റു നേരം കാതോര്‍ത്തു പോയിരിക്കാം...
ഒരിടത്തേക്കും മാറ്റപ്പെടാനാവാതെ
വെളിച്ചം ചുറ്റിഎറിഞ്ഞ
വിളക്കിന്റെ വീടായിരിക്കാം
മേല്‍ക്കൂരകളില്ലാതെ പിണക്കത്തിന്‍
പേമാരിയില്‍ കുതിര്‍ന്നൊലിച്ചത്...
ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ...
നോട്ടമെറിയുന്നുണ്ടാവണം
അടര്‍ന്നു വീഴാറായ പ്രാണനുകള്‍...
ഉറങ്ങാന്‍ മറന്ന രാവിന്റെ
നിഴലുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന
പ്രതീക്ഷകള്‍ക്കായ്...
മുന്നില്‍ വഴി എരിഞ്ഞുതീര്‍ന്ന
ആരൊക്കെയോ ഇനിയും വരും...
ചിലര്‍ പോകും ഒന്നും പറയാതെ പറഞ്ഞിട്ട്...
വഴി മാഞ്ഞുപോകാം അവര്‍ക്ക് പിന്നില്‍...
ആരുമില്ലാത്തവര്‍... ആര്‍ക്കും വേണ്ടാത്തവര്‍...
ആര്‍ക്കൊക്കെയോവേണ്ടി...!
ഒരു പേരിന്നു പോലും ദയ വെടിഞ്ഞു
കാലം ചുളിവുകളിട്ട ചുമരുകള്‍ ചേര്‍ന്നു
വെളിച്ചം സദാ മറച്ചിടം...
8.
ഇനി പുതിയ സൃഷ്ടി ആകാം
നിന്നു പോയ സമയ സൂചികള്‍ക്കും
തുരുമ്പെടുത്ത അച്ചുതണ്ടിനും താഴെ
വെയിലടര്‍ന്നു മാറി... ഒരു നിമിഷം...
ഓടിക്കൊണ്ടിരുന്ന തീവണ്ടിയും
എതിര്‍ദിശയിലോടിയ ഓര്‍മ്മകളും
പെട്ടെന്ന് നിശ്ചലമായി...
മുദ്രാവാക്യത്തിനും പ്രാര്‍ത്ഥനക്കും
ഉയര്‍ത്തിയ കയ്യുകള്‍
ആകാശത്തേക്ക് നോക്കി തറഞ്ഞു നിന്നു...
നേരറിയാതെ ആരവമിരമ്പിയ ജാഥയും
അതറിയാതെ അലറിയടുത്ത കടലും
നിശബ്ദം,നിശ്ചലം.
പറന്നുയര്‍ന്ന പട്ടവും അതിലുമുയരത്തില്‍
ആഹ്ലാദം പറത്തിയ കുട്ടിയും
ഉറക്കത്തില്‍ മാനഭംഗപ്പെട്ട പാവക്കുട്ടിയും
വിശപ്പിന്റെ പാട്ടില്‍ ഈണം തിരഞ്ഞവളും
പാതിയില്‍ ചലനമറ്റു.
നിര്‍വികാരതയുടെ വിരല്‍ പതിഞ്ഞ കാഞ്ചിയും
പാഞ്ഞുപോയ വെടിയുണ്ടകളും
ചിതറിയോടിയ ജനക്കൂട്ടവും നിശ്ചലം.
വയറുപിഴക്കാന്‍ തുണിയുരിഞ്ഞവളും
പുരനിറഞ്ഞ മകള്‍ മറ്റൊരു ശരീരം
എന്നറിഞ്ഞവനും ഒരു നിമിഷം ചലനമറ്റു.
ശവമടക്കിനും താലികെട്ടിനും കൂടിയവര്‍,
വഴിവക്കിലെ അപകട കാഴ്ചയില്‍
കൂട്ടമായവര്‍,ഒറ്റ നില്‍പ്പ്, വേഗമറ്റ്..
ശില്‍പം തന്നെ ശില്പിയുടെ മനസ്സിനപ്പുറം
കൊത്തി വെക്കുന്നതിന്‍ മുന്‍പേ...
ദൈവം, ഭൂമിയെ അതിഥിമുറിയിലെ
ചില്ലിട്ട അലമാരയില്‍ എടുത്തു വെച്ചു...!
9.
പിറവി
അടുപ്പങ്ങളില്‍ നിന്നും
ഊതിക്കാച്ചിയ അകലങ്ങളിലേക്ക്
നിലാവിന്റെ നേര്‍ത്ത വെളിച്ചത്തിന്റെ
സാക്ഷിപത്രം....
കപട സ്നേഹത്തിന്റെ നിറക്കൂട്ടുകളില്‍
കാമം കത്തി ജ്വലിച്ചു
നനഞ്ഞു നാറിയ പുതപ്പിനുള്ളില്‍
വിരസതയുടെ കറുത്ത മുത്തുകള്‍
തുന്നി പിടിപ്പിച്ചു...
നാണത്തോടെ ഓടിയടുത്ത
അവളുടെ പിറകെ
ഒരു നൂറായിരം നോട്ടം
കൂട്ടത്തില്‍ ഒരുവന്‍ ഇരുളില്‍
കൊറ്റിയെ പ്പോലെ പറന്നിറങ്ങി
കൊത്തിഎടുത്ത് പറന്നു പോയ്...
തന്മാത്രകളും കണികകളും
ഒരു തനിയാവര്‍ത്തനം പോലെ
കുത്തി നോവിച്ചും നുള്ളി നോക്കിയും
വഴക്കടിച്ചു പിരിഞ്ഞു...
പെയ്തു തോര്‍ന്നു നിശബ്ദമായ
അവസാന യാമത്തില്‍ പൊട്ടിമുളച്ച
ഒരു നേര്‍ത്ത ഹൃദയ മിടിപ്പ്
ഇരുണ്ടു കൂടിയ ആകാശത്തിലെവിടെയോ മറഞ്ഞ
ഒരു താരത്തിന്റെ ആത്മാവിനോട് കൂട്ടം കൂടി
ഭ്രൂണ ജലത്തിനുള്ളിലെ
വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...
അടുപ്പങ്ങളില്‍ നിന്നും
ഊതിക്കാച്ചിയ അകലങ്ങളിലേക്ക്
നിലാവിന്റെ നേര്‍ത്ത വെളിച്ചത്തിന്റെ
സാക്ഷിപത്രം....
കപട സ്നേഹത്തിന്റെ നിറക്കൂട്ടുകളില്‍
കാമം കത്തി ജ്വലിച്ചു
നനഞ്ഞു നാറിയ പുതപ്പിനുള്ളില്‍
വിരസതയുടെ കറുത്ത മുത്തുകള്‍
തുന്നി പിടിപ്പിച്ചു...
നാണത്തോടെ ഓടിയടുത്ത
അവളുടെ പിറകെ
ഒരു നൂറായിരം നോട്ടം
കൂട്ടത്തില്‍ ഒരുവന്‍ ഇരുളില്‍
കൊറ്റിയെ പ്പോലെ പറന്നിറങ്ങി
കൊത്തിഎടുത്ത് പറന്നു പോയ്...
തന്മാത്രകളും കണികകളും
ഒരു തനിയാവര്‍ത്തനം പോലെ
കുത്തി നോവിച്ചും നുള്ളി നോക്കിയും
വഴക്കടിച്ചു പിരിഞ്ഞു...
പെയ്തു തോര്‍ന്നു നിശബ്ദമായ
അവസാന യാമത്തില്‍ പൊട്ടിമുളച്ച
ഒരു നേര്‍ത്ത ഹൃദയ മിടിപ്പ്
ഇരുണ്ടു കൂടിയ ആകാശത്തിലെവിടെയോ മറഞ്ഞ
ഒരു താരത്തിന്റെ ആത്മാവിനോട് കൂട്ടം കൂടി
ഭ്രൂണ ജലത്തിനുള്ളിലെ
വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...
10.
റെയില്‍പാളം
ഉച്ചവെയിലില്‍ നെഞ്ച് പൊള്ളി കിടന്ന
പാറക്കൂട്ടങ്ങളില്‍ കാല് നീട്ടി വെച്ചു
യാത്രക്കാരന്റെ പ്രതീക്ഷകള്‍ പോലെ
റെയില്‍പാളം മലര്‍ന്നടിച്ചു കിടന്നു.
പാട്ടു പാടി കൂവി വിളിച്ചു
മലവും മൂത്രവും മുഖത്തു വാരിയിട്ട്
പലരു കയറിയിറങ്ങി...
തെരുവ് തെണ്ടിയുടെ ഉള്ളു പോലെ
ഉരുക്കായിരുന്നു മനസ്സു നിറയെ...
വന്നവനൊക്കെ എന്തൊക്കെയോ
അലറി വിളിച്ചു പറഞ്ഞിട്ടും
ഒന്നും കേള്‍ക്കാത്ത പോലെ
നീണ്ടു വളഞ്ഞു കിടന്നു കൊടുത്തു...
ദൂരേക്കുള്ള നോട്ടത്തില്‍
അടുപ്പം കൂട്ടിയും
അകലം കുറച്ചുമിരുന്നു...
യാത്ര പറയലുകളുടെയും
വേര്‍പാടുകളുടെയും
വഴി പിരിഞ്ഞ
സൌഹൃദങ്ങളുടെയും
ഒത്ത നടുവില്‍
ചൂളമടിച്ചു പറന്ന-
നേര്‍ത്ത നൊമ്പര കാഴ്ച്ചകള്‍ക്കിടയിലൂടെ
ഒത്തിരി കാണാ കഥകളും കണ്ടു മടുത്ത്
ഒരിക്കലും ഒന്നു ചേരാനാകാതെ
ആത്മഹത്യാ മുനമ്പില്‍
അടുത്തവന്റെ ഊഴത്തിനായ്
മലര്‍ന്നടിച്ചു കിടന്നു...
പകല്‍കിനാവന്‍ daYdreaMer
http://entepakalkinavukal.blogspot.com/
http://persuasivemannerism.blogspot.com/
http://everywherepixels.blogspot.com/
shijusbasheer@gmail.com
Mob: +971506854232
Shiju S Basheer
Editor&Animator
Montage TV Productions.
P O Box. 38161
Dubai, UAE.